Sorry, you need to enable JavaScript to visit this website.

വനിതകൾക്ക് അവസര സമത്വം ഉറപ്പു വരുത്തും

റിയാദ് - തൊഴിൽ വിപണിയിൽ വനിതകൾക്ക് അവസര സമത്വം ഉറപ്പു വരുത്തുന്ന നയങ്ങൾ നടപ്പാക്കുന്നതിന് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയത്തിന് നീക്കം. സാമൂഹിക പങ്കാളിത്തത്തോടെ ഇക്കാര്യത്തിലുള്ള വെല്ലുവിളികൾ പ്രത്യേകം നിരീക്ഷിച്ച് കണ്ടെത്തിയും നിർണയിച്ചും പുതിയ നയങ്ങൾ അംഗീകരിച്ച് നടപ്പാക്കാനാണ് ശ്രമം. അവസര സമത്വം ഉറപ്പു വരുത്തുന്ന ഏറ്റവും മികച്ച നയങ്ങൾക്ക് രൂപം നൽകുന്നതിൽ സാമൂഹിക പങ്കാളിത്തം പ്രയോജനപ്പെടുത്തുന്നതിന് മന്ത്രാലയം അഭിപ്രായ സർവേ നടത്തുന്നുണ്ട്. ലിംഗത്തിന്റെയും വർണത്തിന്റെയും മതത്തിന്റെയും പ്രായത്തിന്റെയും വംശത്തിന്റെയും പൗരത്വത്തിന്റെയും അടിസ്ഥാനത്തിലുള്ള വിവേചനങ്ങളും അവസര സമത്വ നിഷേധങ്ങളും ഇല്ലാതാക്കാനാണ് ഇതിലൂടെ ഉന്നമിടുന്നത്. 
അനുയോജ്യമായ തൊഴിൽ സാഹചര്യങ്ങളുടെ അഭാവം, കുടുംബങ്ങളിൽ പ്രത്യേക പരിചരണം ആവശ്യമായ കുട്ടികൾ, പ്രായാധിക്യം ചെന്നവർ, വികലാംഗർ എന്നീ വിഭാഗങ്ങളിൽ പെട്ടവരുടെ സാന്നിധ്യം, സുദീർഘമായ തൊഴിൽ സമയം, തൊഴിൽ സ്ഥലത്തേക്കും തിരിച്ചുമുള്ള ഉയർന്ന ഗതാഗത ചെലവ്, അനുയോജ്യമായ ഗതാഗത സൗകര്യങ്ങളുടെ അഭാവം, യോഗ്യതകൾക്ക് നിരക്കുന്ന തൊഴിലവസരങ്ങളുടെ കുറവ്, യോഗ്യതകൾക്ക് നിരക്കാത്ത വേതനം, വനിതകൾക്കു മാത്രമായി ടോയ്‌ലറ്റുകൾ അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാതിരിക്കൽ, തിരക്കേറിയ ഗാർഹിക ഉത്തരവാദിത്തങ്ങൾ, വിവേചനങ്ങൾക്ക് വിധേയരാകൽ, ശാരീരിക, മാനസിക, ലൈംഗിക പീഡനങ്ങൾക്ക് വിധേയരാകുമോയെന്ന ഭയം, പ്രത്യേക വേഷവിധാനം പാലിക്കണമെന്ന വ്യവസ്ഥ, വിവാഹം, കുട്ടികളെയും വയോജനങ്ങളെയും പരിചരിക്കുന്നതിലെ ഉത്തരവാദിത്തം എന്നിവയാണ് തൊഴിൽ വിപണിയിൽ പങ്കാളിത്തം വഹിക്കുന്നതിൽ നിന്ന് വനിതകൾക്ക് വിലങ്ങു തടിയാകുന്ന പ്രധാന പ്രതിബന്ധങ്ങൾ. 
സ്ഥാനക്കയറ്റങ്ങൾക്കുള്ള അവസരം, പുതിയ നൈപുണ്യങ്ങളും പരിചയ സമ്പത്തും ആർജിക്കാനുള്ള അവസരം, മികച്ച വേതനം, വേതനത്തോടു കൂടിയ അവധിയും സമഗ്ര ഹെൽത്ത് ഇൻഷുറൻസും അടക്കമുള്ള അധിക ആനുകൂല്യങ്ങൾ, കമ്പനിയുടെ പ്രശസ്തി, മികച്ച തൊഴിൽ സാഹചര്യം, വഴക്കമുള്ള തൊഴിൽ സമയം, അനുയോജ്യമായ തൊഴിൽ സ്ഥലം, തൊഴിൽ സുരക്ഷ എന്നിവ തൊഴിലുകൾ സ്വീകരിക്കുന്നതിന് വനിതകളെ ആകർഷിക്കുന്ന ഘടകങ്ങളാണ്. 
കുടുംബത്തിന്റെ പിന്തുണ, തൊഴിലിടങ്ങളിൽ സ്ത്രീകൾക്കു മാത്രമായുള്ള ടോയ്‌ലറ്റുകളും മറ്റു പശ്ചാത്തല സൗകര്യങ്ങളും, വ്യക്തമായ നിയമങ്ങളും വ്യവസ്ഥകളും, മികച്ച വേതനം, ഗതാഗത സൗകര്യങ്ങളുടെ ലഭ്യത, പുരുഷന്മാരിൽ നിന്ന് വേറിട്ട തൊഴിൽ സ്ഥലം, യോഗ്യതകൾക്ക് നിരക്കുന്ന തൊഴിലുകൾ, വഴക്കമുള്ള തൊഴിൽ സമയം, അനുയോജ്യമായ തൊഴിൽ സാഹചര്യം എന്നിവ തൊഴിലുകൾ നേടുന്നതിന് വനിതകളെ പ്രേരിപ്പിക്കുന്ന പ്രധാന ഘടകങ്ങളാണ്. ലൈംഗിക അതിക്രമങ്ങൾ നേരിടുന്ന പക്ഷം അവ ചെറുക്കുന്നതിന് സ്വന്തം നിലക്ക് നടപടികൾ സ്വീകരിക്കുകയും സ്ഥാപന മാനേജർക്ക് അനൗദ്യോഗിക പരാതി നൽകുകയാണ് വനിതാ ജീവനക്കാർ ആദ്യം വേണ്ടത്. ഇതിനു ശേഷവും പരിഹാരമാകാത്ത പക്ഷം സ്ഥാപനത്തിലെ മാനവശേഷി വിഭാഗം മാനേജർക്ക് ഔദ്യോഗിക പരാതി നൽകണം. എന്നിട്ടും പരിഹാരമാകാത്ത പക്ഷം തൊഴിൽ, സാമൂഹിക വികസന മന്ത്രാലയത്തിന് വനിതാ ജീവനക്കാർ പരാതി നൽകുകയാണ് വേണ്ടത്. ഏറ്റവും ഒടുവിൽ രാജ്യത്തെ നീതിന്യായ സംവിധാനങ്ങളെ ഇക്കാര്യത്തിൽ വനിതാ ജീവനക്കാർക്ക് ആശ്രയിക്കാവുന്നതാണ്.
 

Latest News