മക്കളുടെ വിവാഹം നിഷേധിക്കുന്ന കേസുകളില്‍ മുപ്പതു ദിവസത്തിനകം തീര്‍പ്പ്

റിയാദ് - യുവതികളെ വിവാഹം ചെയ്യുന്നതിന് രക്ഷാകർത്താക്കൾ കരുതിക്കൂട്ടി വിസമ്മതിക്കുന്നതുമായി ബന്ധപ്പെട്ട പരാതികളിൽ എത്രയും വേഗത്തിൽ തീർപ്പ് കൽപിക്കൽ ഉറപ്പു വരുത്തുന്നു. സുപ്രീം ജുഡീഷ്യറി കൗൺസിൽ പ്രസിഡന്റും നീതിന്യായ മന്ത്രിയുമായ ശൈഖ് ഡോ. വലീദ് അൽസ്വംആനിയുടെ അധ്യക്ഷതയിൽ ചേർന്ന സുപ്രീം ജുഡീഷ്യറി കൗൺസിൽ ആണ് ഇതുമായി ബന്ധപ്പെട്ട തീരുമാനമെടുത്തത്. മുട്ടാപ്പോക്ക് കാരണങ്ങൾ നിരത്തിയും അന്യായമായും യുവതികളെ വിവാഹം ചെയ്തയക്കാൻ വിസമ്മതിക്കുന്ന കേസുകളിൽ മുപ്പതു ദിവസത്തിനകം കോടതികൾ വിധി പ്രസ്താവിക്കണമെന്ന് ഇത്തരം കേസുകൾ പരിശോധിക്കുന്നതുമായി ബന്ധപ്പെട്ട് സുപ്രീം ജുഡീഷ്യറി കൗൺസിൽ അംഗീകരിച്ച പുതിയ മാർഗനിർദേശങ്ങൾ അനുശാസിക്കുന്നു. 
വിവാഹം നിഷേധിക്കുന്ന കേസുകളിൽ സ്ത്രീയിൽ നിന്നും മാതാവിൽ നിന്നും സഹോദരങ്ങളിൽ നിന്നും കോടതികൾക്ക് പരാതികൾ സ്വീകരിക്കാവുന്നതാണെന്ന് പുതിയ മാർഗനിർദേശങ്ങൾ വ്യക്തമാക്കുന്നു. പരാതികൾ നൽകുന്നതിന് വിവാഹാന്വേഷണം നടത്തുന്ന പ്രതിശ്രുത വരൻ കോടതിയിൽ എത്തണമെന്ന് നിർബന്ധമില്ല. അനിവാര്യ സാഹചര്യങ്ങളില്ലാതെ കേസ് വിചാരണ മുൻനിശ്ചയ പ്രകാരമുള്ള ദിവസത്തിൽ നിന്ന് നീട്ടിവെക്കാൻ പാടില്ല. അനിവാര്യ സാഹചര്യങ്ങളിൽ വിചാരണ നീട്ടിവെക്കുന്ന സന്ദർഭങ്ങളിൽ ഇതിനുള്ള കാരണം കേസ് ഫയലിൽ പ്രത്യേകം വ്യക്തമാക്കിയിരിക്കണം. ഒരു കാരണവശാലും കേസ് വിചാരണ പത്തു ദിവസത്തിലധികം നീട്ടിവെക്കാനും പാടില്ല. ഇതേ കാരണത്തിന്റെ പേരിൽ ഒന്നിലധികം തവണ കേസ് വിചാരണ നീട്ടിവെക്കുന്നതിനും വിലക്കുണ്ട്.
രക്ഷാകർത്താക്കൾ നഷ്ടപ്പെട്ടതിനാലോ മരണപ്പെട്ടതിനാലോ രക്ഷാകർത്താക്കളുടെ അസാന്നിധ്യത്താലോ രക്ഷാകർത്താക്കളെ വിവരറിയിക്കുന്നതിന് സാധിക്കാത്തതിനാലോ രക്ഷാകർത്താക്കളിൽ നിന്ന് വേറിട്ട് കഴിയുന്നതായി സ്ഥിരീകരിക്കുന്ന വനിതകളുടെ വിവാഹ അനുമതി അപേക്ഷകൾ ഔദ്യോഗിക പരാതികളില്ലാതെ തന്നെ കോടതികൾ വേഗത്തിൽ പരിശോധിച്ച് തീർപ്പ് കൽപിക്കണം. ഇത്തരം കേസുകളിൽ കോടതിയിൽ വെച്ചു തന്നെ നിക്കാഹ് നടത്തണമെന്ന് നിർബന്ധമില്ല. പ്രതിശ്രുത വധുവും വരനും പരസ്പര ധാരണയിലെത്തുന്ന പ്രദേശത്തെ വിവാഹ ഉദ്യോഗസ്ഥനെ നിക്കാഹ് നടത്തുന്നതിന് കോടതിക്ക് ചുമതലപ്പെടുത്താവുന്നതാണെന്നും സുപ്രീം ജുഡീഷ്യറി കൗൺസിൽ അംഗീകരിച്ച പുതിയ മാർഗനിർദേശങ്ങൾ വ്യക്തമാക്കുന്നു.

Latest News