Sorry, you need to enable JavaScript to visit this website.

അമുസ്‌ലിം രാജ്യങ്ങളിലെ മുസ്‌ലിംകൾ: അന്താരാഷ്ട്ര യൂത്ത് ഫോറം സമ്മേളനത്തിന് നാളെ തുടക്കം 

അബുദാബി- ലോക മുസ്‌ലിം കമ്യൂണിറ്റി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ  നടക്കുന്ന അന്താരാഷ്ട്ര യൂത്ത് ഫോറം സമ്മേളനത്തിന് നാളെ അബുദാബിയിൽ കൊടിയുയരും.കൗൺസിൽ ചെയർമാൻ ഡോ. അലി റാഷിദ് അൽ നുഐമിയുടെ മുഖ്യ പ്രഭാഷണത്തോടെ പരിപാടികളാരംഭിക്കും.

ഗ്വിനിയൻ റിപ്പബ്ലിക് പ്രസിഡന്റിന്റെ ഉപദേശകൻ ഡോ. ഖുത്തുബ് മുസ്തഫ സാനോ, റഷ്യൻ ഫെഡറേഷനിലെ പ്രധാന മുഫ്തി (മോസ്‌കോ മസ്ജിദ്) അലാവുദ്ദീനോവ് ഇൽദാർ എന്നിവരാണ് ഉദ്ഘാടന സെഷനിലെ പ്രഭാഷകർ.

അമേരിക്കൻ പ്രസിഡന്റായിരുന്ന റിച്ചാർഡ് നിക്‌സന്റെ ഉപദേശകൻ റോബർട്ട് ഡി ക്രെയിൻ, ഫിജിയിലെ വിദ്യാഭ്യാസ-പൈതൃക മന്ത്രി റോസി സോഫിയ അക്ബർ, ശ്രീലങ്കയിലെ മുൻ ദേശീയോദ്ഗ്രഥന മന്ത്രി അബ്ദുൽ ഹമീദ് മുഹമ്മദ് ഫൗസി, ചെച്‌നിയൻ റിപ്പബ്ലിക്കിലെ യുവജനക്ഷേമ മന്ത്രി ഇബ്രാഹിമോവ് ഈസാ മുഹമ്മദ് ഖബിയേവിച്ച്, യു.കെയിലെ വെർച്യൂ എത്തിക്‌സ് ഫൗണ്ടേഷൻ സഹ സ്ഥാപകൻ അലി അസം എന്നിവരും സംസാരിക്കുമെന്ന് സംഘാടകർ അറിയിച്ചു. 


'നവമാധ്യമങ്ങളുടെ കാലഘട്ടത്തിൽ വിശ്വാസവും പൗരത്വവും' എന്ന വിഷയത്തിൽ ഇംഗ്ലണ്ടിലെ പ്രമുഖ ബ്രോഡ്കാസ്റ്ററും ജേണലിസ്റ്റുമായ ലോറൻ ബൂത്ത് പ്രബന്ധമവതരിപ്പിക്കും. ചൈനാ ഡെയ്‌ലി സീനിയർ എഡിറ്റർ മാ ചാവോ, ന്യൂസിലാന്റിലെ വൈക്കാറ്റോ സർവകലാശാലയിലെ അബ്ദുല്ലാ ദ്രൂരെ, ജപ്പാനിലെ ഷിസോക്കോ സ്‌കൂൾ ഓഫ് ഇന്റർനാഷണൽ റിലേഷൻസിലെ അസോസിയേറ്റ് പ്രൊഫസർ യുക്കി ഷിസോക്കി, ലണ്ടൻ അറബ് പ്രോഗ്രസ് സെന്ററിലെ ഹംസ അലി ഷാ, ഓസ്ട്രിയയിലെ ഗ്രസ് യൂണിവേഴ്‌സിറ്റിയിലെ മൈക്കൽ അമീൻ കാർമർ എന്നിവരും വിവിധ വിഷയങ്ങളെക്കുറിച്ച് പ്രബന്ധം അവതരിപ്പിക്കും. 


ഇസ്‌ലാമിക് നെറ്റ്‌വർക്ക് ഗ്രൂപ്പ് സ്ഥാപകയായ നിക്കോളെ ക്വീൻ നയിക്കുന്ന നവമാധ്യമങ്ങളെക്കുറിച്ചുള്ള സിമ്പോസിയത്തിൽ ലോകമെങ്ങുമുള്ള ഇസ്‌ലാമിക മാധ്യമങ്ങളെ പ്രതിനിധീകരിച്ച് നിരവധി പ്രതിനിധികൾ സംസാരിക്കും.


ഇന്ത്യയിൽനിന്ന് ജവാഹർലാൽ നെഹ്‌റു യൂനിവേഴ്‌സിറ്റിയിലെ (ജെ.എൻ.യു) പ്രൊഫ. അഫ്ത്താബ് കമാൽ പാഷ പങ്കെടുക്കും. ദക്ഷിണ കൊറിയ, ഫിലിപ്പൈൻസ്, കാനഡ, ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ, ജർമനി എന്നിവിടങ്ങളിൽനിന്നും പ്രതിനിധികളെത്തുന്നുണ്ട്. ഇസ്‌ലാമികേതര രാജ്യങ്ങളിലെ മുസ്‌ലിംകൾ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ചുള്ള ചർച്ചക്കായിരിക്കും അന്താരാഷ്ട്ര യൂത്ത് ഫോറം പ്രാധാന്യം നൽകുക.  ഭാവി നേതാക്കളെ കരുപ്പിടിപ്പിക്കുക, വിശ്വാസത്തോടുള്ള പ്രതിബദ്ധത കാത്തു സൂക്ഷിക്കുക എന്ന ശീർഷകത്തിൽ തുടർന്നുള്ള ദിവസങ്ങളിൽ ആഗോള സെമിനാർ സംഘടിപ്പിക്കും.


ലോകമെമ്പാടുമുള്ള യുവ മുസ്‌ലിംകൾക്കിടയിൽ നേതൃത്വ വികസനത്തിനായുള്ള പുതിയ തന്ത്രങ്ങൾ ആവിഷ്‌കരിക്കുകയെന്ന ഉദ്ദേശ്യത്തോടെ നടത്തുന്ന പരിപാടിയിൽ മുസ്‌ലിംകൾ ന്യൂനപക്ഷമായ രാജ്യങ്ങളിൽനിന്നുള്ള നേതാക്കൾ, പണ്ഡിതന്മാർ, സാംസ്‌കാരിക പ്രവർത്തകർ, കലാകാരന്മാർ, സംരംഭകർ തുടങ്ങിയവരെ ഒരുമിപ്പിക്കുന്ന വേദിയിലുംഇന്ത്യയുൾപ്പെടെ വിവിധ ഭൂഖണ്ഡങ്ങളിൽനിന്നുള്ള പ്രതിനിധികൾ പങ്കെടുക്കും. 


അമുസ്‌ലിം രാജ്യങ്ങളിലെ മുസ്‌ലിംകൾ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെ വിലയിരുത്തി പരിഹാരം തേടുന്ന ചർച്ചകളുടെ ക്രോഡീകരണമായിരിക്കും ചതുർദിന സമ്മേളനത്തിന്റെ സമാപന ദിനത്തിലെ പരിപാടി. പ്രമുഖ നയതന്ത്രജ്ഞർ, മതനേതാക്കൾ എന്നിവരും സംസാരിക്കും.  ഭാവിയിലെ വെല്ലുവിളികളെ എങ്ങനെ അതിജീവിക്കാമെന്നും സൈബർ - മീഡിയാ യുഗത്തിൽ മുസ്‌ലിം ലോകം നേരിടുന്ന പ്രശ്‌നങ്ങളെ എങ്ങനെ മറികടക്കാമെന്നും സമ്മേളനം ചർച്ച ചെയ്യും. ഇസ്‌ലാമിക കർമശാസ്ത്രം, വിദ്യാഭ്യാസം, ജീവിത രീതി എന്നിവയെക്കുറിച്ചുള്ള പുതിയ സമീപനങ്ങൾ, ജീവകാരുണ്യ പ്രവർത്തനങ്ങൾ തുടങ്ങിയവയെക്കുറിച്ചും വിവിധ നേതാക്കൾ പ്രബന്ധം അവതരിപ്പിക്കുമെന്നും ലോക മുസ്‌ലിം കമ്യൂണിറ്റി കൗൺസിൽ സാരഥികൾ അറിയിച്ചു.
 

Latest News