Sorry, you need to enable JavaScript to visit this website.

പ്രിയങ്കയുടെ വസതിയിലെ സുരക്ഷാ വീഴ്ച: മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

ന്യൂദല്‍ഹി- എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ വസതിയില്‍ കഴിഞ്ഞയാഴ്ച ഉണ്ടായ സുരക്ഷാ വീഴ്ചയുമായി ബന്ധപ്പെട്ട് മൂന്ന് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. രാജ്യസഭയില്‍ ആഭ്യന്തരമന്ത്രി അമിത് ഷാ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെയാണിത്. സുരക്ഷയില്‍ ഒരു ശതമാനം പോലും വിട്ടുവീഴ്ച ചെയ്യാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി വ്യക്തമാക്കി.
സുരക്ഷാ വീഴ്ചയെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ലോക്‌സഭയില്‍ പ്രതിപക്ഷ ബഹളമുണ്ടായിരുന്നു. ആന്റോ ആന്റണി എം.പിയാണ് സഭയില്‍ വിഷയം ഉന്നയിച്ചത്. സോണിയ ഗാന്ധിക്കും കുടുംബത്തിനും എസ്.പി.ജി സംരക്ഷണം പിന്‍വലിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ പറഞ്ഞത്, കൂടുതല്‍ സുരക്ഷാ ഭടന്‍മാരെ ഉള്‍പ്പെടുത്തിയുള്ള ഇസഡ് പ്ലസ് കാറ്റഗറിയിലുള്ള സംരക്ഷണം ഉറപ്പു വരുത്തുമെന്നായിരുന്നു. അങ്ങനെയെങ്കില്‍ ഏഴു പേരടങ്ങുന്ന സംഘം കാറോടിച്ച് വീട്ടിനുള്ളില്‍ കടന്നു കയറിയതെങ്ങനെയെന്നു വ്യക്തമാക്കണമെന്ന് ആന്റോ ആന്റണി ആവശ്യപ്പെട്ടു.
പ്രിയങ്കയുടെ സുരക്ഷ തൃപ്തികരമല്ലെന്ന് വ്യക്തമായതില്‍ കടുത്ത വേദനയുണ്ടെന്ന് കോണ്‍ഗ്രസ് നേതാവിന്റെ വസതിയില്‍ സുരക്ഷാ പരിശോധനയില്ലാതെ എത്തിയ ശാര്‍ദ ത്യാഗി വാര്‍ത്താ ഏജന്‍സിയോട് പ്രതികരിച്ചു.
പ്രിയങ്കയുടെ വീട്ടുനമ്പര്‍ അറിയില്ലായിരുന്നു. കോണ്‍ഗ്രസ് ഓഫീസില്‍ വിളിച്ചാണ് നമ്പര്‍ മനസ്സിലാക്കിയത്. വീടിന് മുന്നിലെത്തിയപ്പോള്‍ വാഹനത്തിനുള്ളില്‍ ആരൊക്കെയാണെന്നു പോലും ഉദ്യോഗസ്ഥര്‍ ശ്രദ്ധിച്ചില്ല. ബാരിക്കേഡുകള്‍ നീക്കുകയും ഗേറ്റ് തുറക്കുകയും ചെയ്തുവെന്ന് ത്യാഗി പറഞ്ഞു.

 

Latest News