Sorry, you need to enable JavaScript to visit this website.

ഇടതു പാര്‍ട്ടികള്‍ കേരളത്തില്‍ കൊന്നത് 120 ആര്‍.എസ്.എസ് പ്രവര്‍ത്തകരെ - അമിത് ഷാ

ന്യൂദല്‍ഹി - രാഷ്ട്രീയ പ്രതികാരത്തെക്കുറിച്ചു പറയാന്‍ ഇടതു പാര്‍ട്ടികള്‍ക്ക് അവകാശമില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാഷ്ട്രീയ വൈരത്തിന്റെ പേരില്‍ കേരളത്തില്‍ ബി.ജെ.പി- ആര്‍.എസ്.എസ് പ്രവര്‍ത്തകരായ 120 പേരെ ഇടതു പാര്‍ട്ടികള്‍ കൊലപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം രാജ്യസഭയില്‍ ആരോപിച്ചു.

ലോക്‌സഭയ്ക്കു പിന്നാലെ രാജ്യസഭയിലും ഇന്നലെ എസ്.പി.ജി (സ്‌പെഷല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ്) നിയമഭേദഗതി ബില്‍ പാസാക്കുന്നതിനു മുമ്പു നടത്തിയ മറുപടി പ്രസംഗത്തിലാണു സി.പി.എം, സി.പി.ഐ എം.പിമാരുടെ പ്രതിഷേധത്തിനിടെ അമിത് ഷാ ഈ വിമര്‍ശനം ഉയര്‍ത്തിയത്. രാഷ്ട്രീയ അക്രമങ്ങളില്‍ ഇതിലേറെ സി.പി.എം പ്രവര്‍ത്തകര്‍ കേരളത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് സി.പി.എമ്മിലെ എളമരം കരീം, കെ. സോമപ്രസാദ്, കെ.കെ. രാഗേഷ്, സി.പി.ഐയിലെ ബിനോയ് വിശ്വം തുടങ്ങിയവര്‍ വിളിച്ചു പറഞ്ഞു.

എന്നാല്‍ സി.പി.എം പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതു കോണ്‍ഗ്രസ് ഭരണ കാലത്താണെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞു. അതേസമയം ബി.ജെ.പി, ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്നത് ഇടതു ഭരണ കാലത്താണ്. രാഷ്ട്രീയ പ്രതികാരത്തിന്റെ ഭാഗമായാണ് മുന്‍ പ്രധാനമന്ത്രിമാരുടെ കുടുംബാംഗങ്ങള്‍ക്കുള്ള എസ്.പി.ജി സുരക്ഷ റദ്ദാക്കിയതെന്നു കോണ്‍ഗ്രസിന് പുറമേ സി.പി.എം, സി.പി.ഐ എം.പിമാരും കുറ്റപ്പെടുത്തിയിരുന്നു.

 

Latest News