Sorry, you need to enable JavaScript to visit this website.

ടി.വി.ആര്‍. ഷേണായിക്കെതിരെ 'മീ ടൂ' ആരോപണവുമായി മാധ്യമപ്രവര്‍ത്തക

കോട്ടയം-അന്തരിച്ച പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ ടി വി ആര്‍ ഷേണായിക്കെതിരെ 'മീ ടൂ' ആരോപണവുമായി മുന്‍ സഹപ്രവര്‍ത്തകയും കശ്മീരി പത്രപ്രവര്‍ത്തകയുമായ നീലം സിംഗ്. മലയാള മനോരമ പ്രസിദ്ധീകരണമായ 'ദ വീക്കിന്റെ' എഡിറ്ററായിരുന്നു ഷേണായി. ഡല്‍ഹിയിലെ 'വീക്കിന്റെ' ഓഫീസിലെ എഡിറ്ററുടെ കാബിനില്‍ വെച്ച് ഷേണായി തന്നെ ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് നീലം സിംഗിന്റെ ആരോപണം.ഷേണായി ഇങ്ങനെ ചെയ്യുമെന്ന് താന്‍ ഒരിക്കലും പ്രതീക്ഷിച്ചില്ലെന്നും, അന്ന് വെറും 21 വയസ് മാത്രമുള്ള താന്‍ മാനസികമായി തളര്‍ന്നു പോയെന്നും നീലം പറയുന്നു. ഫെയ്‌സ് ബുക്കിലാണ് നീലത്തിന്റെ വെളിപ്പെടുത്തല്‍. ബ്ലൂ സ്റ്റാര്‍ ഓപ്പറേഷനെ കുറിച്ചുള്ള ഒരു ലേഖനം ദ വീക്കില്‍ എഴുതിയാണ് താന്‍ ഷേണായിയെ പരിചയപ്പെടുന്നത്. നിങ്ങളുടെ ലേഖനങ്ങള്‍ പതിവായി പ്രസിദ്ധീകരിക്കും എന്നു പറഞ്ഞ് അയാള്‍ അന്യായമായി ശരീരത്ത് സ്പര്‍ശിക്കുകയായിരുന്നു.ഇക്കാര്യങ്ങളൊക്കെ അറിയുമായിരുന്ന 'ദ വീക്കിലെ' സഹപ്രവര്‍ത്തകന്‍ തന്നെ പില്‍ക്കാലത്ത് ഷേണായിയുടെ പേരിലുള്ള ജേര്‍ണലിസം അവാര്‍ഡ് സ്വീകരിച്ചുവെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. സ്ത്രീപീഡകരായ വ്യക്തികളുടെ പേരിലുള്ള ഇത്തരം അവാര്‍ഡുകള്‍ നിര്‍ത്തലാക്കണമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.ഞാന്‍ ടി വി ആര്‍ ഷേണായിയോട് ഒരിക്കലും പൊറുക്കില്ല. അയാള്‍ ചെയ്തതൊന്നും മറക്കില്ല. മറന്നിട്ടില്ല, അദ്ദേഹം 2018ഏപ്രിലില്‍ മരിച്ചു. ആ മരണത്തില്‍ ഞാന്‍ കരയണോ? നീലം സിങ് ചോദിക്കുന്നു. സ്‌റ്റേറ്റ്മാന്‍ , ഹിന്ദുസ്ഥാന്‍ ടൈംസ് തുടങ്ങിയ പത്രങ്ങളിലെ മുതിര്‍ന്ന എഡിറ്റര്‍മാരില്‍ നിന്നും ചില രാഷ്ട്രീയക്കാരില്‍നിന്നും തനിക്ക് ദുരനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും അവര്‍ എഴുതുന്നുണ്ട്. നീലം സിങിന്റെ വെളിപ്പെടുത്തല്‍ വലിയ ചര്‍ച്ചകള്‍ക്ക് ഇടയാക്കിയിട്ടുണ്ട്.മുന്‍ മാധ്യമ പ്രവര്‍ത്തകനും വിദേശകാര്യ സഹമന്ത്രിയുമായിരു എം ജെ അക്ബറിനെതിരെ എട്ട് വനിതാ മാധ്യമപ്രവര്‍ത്തകര്‍ രംഗത്തുവന്നതോടെ അദ്ദേഹം രാജിവെക്കേണ്ടി വന്നിരുന്നു. ഇന്ത്യ ടുഡേ, മിന്റ്, ഇന്ത്യന്‍ എക്‌സ്പ്രസ്സ് എന്നീ സ്ഥാപനങ്ങളില്‍ ജോലി ചെയ്തിട്ടുള്ള പ്രിയ രമണി എന്ന മാധ്യമപ്രവര്‍ത്തകയാണ് അക്ബറിനെതിരെ ലൈംഗികാക്രമണ ആരോപണവുമായി ആദ്യം രംഗത്തെത്തിയത്. ഇതിനു പിന്നാലെ നിരവധി പേര്‍ തങ്ങളുടെ അനുഭവങ്ങള്‍ വിവരിച്ച് രംഗത്തെത്തുകയുണ്ടായി.മുമ്പ് തെഹല്‍ക്ക എഡിറ്റര്‍ തരുണ്‍ തേജ്പാല്‍ കേസില്‍ കുടുങ്ങിയപ്പോഴും മാധ്യമലോകം ഞെട്ടിയിരുന്നു.

Latest News