Sorry, you need to enable JavaScript to visit this website.

കേരളത്തിന്റെ കലോത്സവം ലോകത്തിന്റേതാകുന്ന കാലം

പുതിയ തലമുറയുടെ  മനസ്സ് നിറയെ 'ഞാൻ ജാക്‌സണല്ലെടാ...' എന്ന പാട്ടുമാത്രമല്ലെന്ന് വീണ്ടും, വീണ്ടും  പറഞ്ഞു തരുന്ന കലാസന്ദർഭം. ധർമ ലോപത്തെക്കുറിച്ച് എപ്പോഴുമെപ്പോഴും ആശങ്കപ്പെട്ട മഹാകവി അക്കിത്തത്തോട്   കൗമാര കേരളം, അതെ, നാളെയുടെ  കേരളം കാണിച്ച ഗുരുത്വം. 

സ്‌കൂൾ പാഠപുസ്തകങ്ങളിൽ നിന്ന് ഉരുവിട്ട് പഠിച്ച പാഠഭാഗങ്ങളിൽ ചിലത് ഓർത്തെടുത്ത് ചൊല്ലിയ ശേഷം,  പ്രസംഗ കലയിലെ നിറയൗവനമായ അഡ്വ.കെ.എൻ.എ. ഖാദർ നിയമസഭയിൽ ഒരു കാര്യം പറഞ്ഞിരുന്നു- പത്തെഴുപത് കൊല്ലം മുമ്പ് അധ്യാപകർ പ്രാഥമിക കഌസിൽ പഠിപ്പിച്ചുതന്ന ഇതുപോലുള്ള പാഠങ്ങൾ പിന്നീടൊരിക്കലും ജീവിതത്തിൽ ഉപയോഗപ്പെട്ടിട്ടില്ലെന്ന്. ഉടൻ സ്പീക്കർ പി.ശ്രീരാമകൃഷ്ണനിൽ നിന്നുണ്ടായ ചോദ്യമാണ്  ആ ഘട്ടത്തിൽ പ്രസക്തമായി തോന്നിയത്.' അതെന്തായാലും ഇപ്പോൾ പ്രയോജനപ്പെട്ടല്ലോ? 'ഖാദറിനെ പോലുള്ളവരും, ശ്രീരാമകൃഷ്ണന്മാരുമെല്ലാം ഉണ്ടാകുന്ന ഇടമാണ് പ്രാഥമിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ. അതൊരിക്കലും സിലബസിൽ പറഞ്ഞ കാര്യങ്ങൾ മാത്രം പഠിച്ചതുകൊണ്ടും പഠിപ്പിച്ചതുകൊണ്ടുമല്ല.  തലമുറകളെ  കലാസാഹിത്യ  സംഗീത രംഗത്തും ഉണർവുള്ളവരാക്കുക എന്ന മഹത്തായ ദൗത്യമാണ് സ്‌കൂൾ യുവജനോത്സവങ്ങൾ നിർവഹിച്ചു കൊണ്ടിരുന്നത്.   കേരളം  ഇക്കാര്യം  തിരിച്ചറിഞ്ഞിട്ടിപ്പോൾ അറുപത് കൊല്ലം കഴിഞ്ഞിരിക്കുന്നു.  അറുപതാമത് യുവജനോത്സവമാണ് കഴിഞ്ഞ ദിവസം കാസർകോട് ജില്ലയിലെ കാഞ്ഞങ്ങാട്ട് സമാപിച്ചത്.   ഗ്രാമീണ സൗന്ദര്യം മനസ്സിലും സൂക്ഷിക്കുന്ന ജനങ്ങൾക്ക് മുന്നിലേക്ക് കലയും  സംഗീതവുമെല്ലാം  വിരുന്നെത്തിയാൽ അവർ അതെങ്ങനെ സ്വീകരിക്കുമെന്ന് കാഞ്ഞങ്ങാട്ടെ മനുഷ്യർ  കേരളത്തിന് കാണിച്ചു തന്നിരിക്കുന്നു.  കാസർകോടും പരിസരവും എന്തല്ല എന്നും, എന്താണെന്നും കേരള ജനതയെ ബോധ്യപ്പെടുത്തിയ ദിനങ്ങൾ.   കലാകൗമാരത്തിനായി വീടുകളുടെ വാതിലടക്കാതെ കാത്തിരുന്ന കാഞ്ഞങ്ങാടൻ മനുഷ്യത്വം സമകാലിക ഇന്ത്യയുടെ  അവസ്ഥക്ക് മുന്നിൽ മഹാമാതൃകയായി എടുത്തു കാണിക്കുക തന്നെ വേണം. 
'പടപ്പ് പടപ്പോട് പിരിശത്തിൽ നിന്നോളിൻ,
പടച്ചോന്റെ കാരുണ്യം കിട്ടുന്നത് കണ്ടോളിൻ... ' 
എന്നെഴുതുമ്പോൾ പ്രിയ കവി പി.ടി.അബ്ദുറഹ്മാൻ സ്വപ്‌നം കണ്ട അവസ്ഥയാണ് അദ്ദേഹം ജനിച്ച (വടകര) നാടിനടുത്തുള്ള പ്രദേശങ്ങളിൽ  ഇന്നും നിലനിൽക്കുന്നതെന്ന് ഒരവസരം വന്നപ്പോൾ അവർ ബോധ്യപ്പെടുത്തിത്തന്നിരിക്കുകയാണ്. മനുഷ്യ നന്മയുടെ ഉദാത്തമായ അവസ്ഥയൊക്കെ തങ്ങളിപ്പോഴും ഉള്ളിൽ വഹിക്കുന്നുവെന്ന് ആ ജനത നെഞ്ച് തുറന്ന് കാണിച്ചിരിക്കുന്നു.  കുഞ്ഞുങ്ങളെ വാത്സല്യപൂർവം ചേർത്തുപിടിച്ചപ്പോൾ കാഞ്ഞങ്ങാടൻ നന്മ എല്ലാം മറന്നു പോവുകയായിരുന്നു. കുഞ്ഞുങ്ങൾക്കായി അവരുടെ വാഹനങ്ങൾ എത്രയോ തവണ ഓടിത്തീർത്തു. ഭക്ഷണമോ താമസമോ എന്നു വേണ്ട എല്ലാം എല്ലാം അവർ നല്ല മനസ്സോടെ പങ്കുവെച്ചു. ഇരുപത്തിയെട്ട് കൊല്ലത്തിന് ശേഷമാണ് കലോത്സവം കാസർകോട്ടെത്തിയത്. ഇനിയെന്ന് വരും ഈ സുന്ദര ദിനങ്ങൾ... എന്ന് മനസ്സ് നിറഞ്ഞ് ആഗ്രഹം പറയുന്ന മനുഷ്യരെയാണ് വേദികളിലെല്ലാം വാർത്താ ചാനലുകൾ കാണിച്ചത്.   ആ ദിനങ്ങൾ കഴിഞ്ഞു പോയല്ലോ എന്ന് കണ്ണീരണിയുന്ന യുവത്വം എന്തൊരു നല്ല നീക്കിയിരിപ്പാണ്. വിവിധ പരിപാടികൾ കണ്ടുമടുത്ത നഗര പത്രാസിന് മുന്നിലെത്തുന്ന കലോത്സവം ഈ രീതിയിൽ സ്വീകരിക്കപ്പെടില്ല. ഗ്രാമീണത നഷ്ടപ്പെടാത്ത ഇടങ്ങളാണ് ഇതുപോലുള്ള ഉത്സവങ്ങൾ നടത്താൻ അനുയോജ്യമായ സ്ഥലം. ലോകത്തൊരിടത്തും ഇങ്ങനെയൊരു കൗമാരോത്സവം നടക്കുന്നുണ്ടെന്ന് തോന്നുന്നില്ല. ഷഷ്ടി പൂർത്തിയിലെത്തിയ സ്‌കൂൾ കലോത്സവത്തിന്റെ അതിലളിതമായ അവസ്ഥയിലുള്ള തുടക്കവും  (എറണാകുളത്ത് ) ഇന്നെത്തി നിൽക്കുന്ന വളർച്ചയും ഓരോ മലയാളിക്കും അഭിമാനപൂർവം ഓർക്കാം.   കേരളത്തിന്റെ അഭിമാനമായ കലോത്സവം ലോകം ഉറപ്പായും കണ്ടിരിക്കേണ്ട  ആഘോഷമാണ്, ആനന്ദമാണ്. അതിനായുള്ള ശ്രമം വളരെ മെല്ലെയാണെങ്കിലും തുടങ്ങാൻ കേരളം മുന്നിട്ടിറങ്ങുമെന്നുറപ്പുണ്ട്. 
ഭാവനയുടെയും സർഗപരമായ കഴിവുകളുടെയും കാര്യത്തിൽ കൗമാര കേരളം കയറിയെത്തിയ ഔന്നത്യം എല്ലാവർക്കും അറിയാവുന്നതാണെങ്കിലും അതെത്ര മാത്രം ഉയരെയാണ് എന്നറിയാൻ ഒരനുഭവം.  മഹാകവി അക്കിത്തം ജ്ഞാനപീഠം കയറിയ ദിനം യുവജനോത്സവ നാളുകളിലൊന്നിലായിരുന്നു. മലയാള കവിതാ രചനക്ക് എ ഗ്രേഡ് നേടിയ നാല് കുട്ടികൾ അക്കിത്തത്തിന് പ്രണാമമർപ്പിച്ച് കലോത്സവ വേദിയിലെഴുതിയ കവിത  93 കഴിഞ്ഞ മഹാകവിക്ക് ലഭിച്ച അംഗീകാരത്തിന്റെ പനിനീർ ദളങ്ങളായാണ് അനുഭവപ്പെട്ടത്.                             
'പ്രണാമം മലയാളമേ,  
പ്രണാമം ഗുരുവരമേ, 
ജ്ഞാന പീഠമേറിയ കാവ്യ സുകൃതമേ, 
മഹാകവി തൻ തിരുമുറ്റത്തിരുന്ന്, ഞങ്ങൾ നമിക്കുന്നിതമ്മ മലയാളമേ,... 
മൺനിറമാർന്ന മർത്ത്യന്റെ പാട്ടിലെ, മരണം തീണ്ടാ വരികളല്ലോ മലയാളം, നിളയിൽ പതിയും, നിലാവെൻമലയാളം ' 
എന്ന വരികളെഴുതിയ കുരുന്നുകൾ എസ്. ഗൗതമി (വയനാട്) ബി. ശ്രീനന്ദ (കോഴിക്കോട്) ഒ. അനന്യ (തൃശൂർ) എ.വി.അനുപമ (പാലക്കാട്) എന്നിവരാണെന്ന് പ്രണാമ കവിത പ്രസിദ്ധീകരിച്ച മാധ്യമങ്ങൾ പറയുന്നു. 
പുതിയ തലമുറയുടെ  മനസ്സ് നിറയെ 'ഞാൻ ജാക്‌സണല്ലെടാ...' എന്ന പാട്ടു മാത്രമല്ലെന്ന് വീണ്ടും വീണ്ടും പറഞ്ഞു തരുന്ന കലാ സന്ദർഭം. ധർമ ലോപത്തെക്കുറിച്ച് എപ്പോഴുമെപ്പോഴും ആശങ്കപ്പെട്ട മഹാകവി അക്കിത്തത്തോട് കൗമാര കേരളം, അതെ, നാളെയുടെ കേരളം കാണിച്ച അർഥ പൂ ർണമായ ഗുരുത്വം.  

Latest News