Sorry, you need to enable JavaScript to visit this website.

ഗുരുതര സുരക്ഷാ വീഴ്ച, പ്രിയങ്ക ഗാന്ധിയുടെ  വീട്ടിലേക്ക് അഞ്ചംഗ സംഘം കാറോടിച്ച് കയറ്റി

ന്യൂദല്‍ഹി- ഗാന്ധി കുടുംബത്തിന്റെ എസ്പിജി സുരക്ഷ കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചതിന് പിന്നാലെ പ്രിയങ്ക ഗാന്ധിയുടെ വസതിയില്‍ ഗുരുതരമായ സുരക്ഷാ വീഴ്ച. ദില്ലി ലോധി എസ്‌റ്റേറ്റിലുളള പ്രിയങ്ക ഗാന്ധിയുടെ വീട്ടിലേക്ക് ഒരു സംഘം കാര്‍ ഓടിച്ച് കയറ്റിയതാണ് റിപ്പോര്‍ട്ട്. എസ്പിജി സുരക്ഷ പിന്‍വലിച്ച് ദിവസങ്ങള്‍ക്ക് ശേഷം നവംബര്‍ 25നാണ് സംഭവം. ഇക്കാര്യം പ്രിയങ്ക ഗാന്ധിയുടെ ഓഫീസ് സ്ഥിരീകരിച്ചിട്ടുണ്ട്. 5 പേര്‍ അടങ്ങുന്ന സംഘമാണ് പ്രിയങ്ക ഗാന്ധിയുടെ വീടിന്റെ പോര്‍ച്ചിലേക്ക് കാറോടിച്ച് കയറ്റിയത്. അക്കൂട്ടത്തില്‍ ഒരു പെണ്‍കുട്ടിയും ഉണ്ടായിരുന്നു. ഇവര്‍ നേര പൂന്തോട്ടത്തിലേക്ക് നടന്ന് ചെല്ലുകയും പ്രിയങ്ക ഗാന്ധിയോട് സെല്‍ഫി ആവശ്യപ്പെടുകയും ചെയ്തുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍ തന്നെ കാണാന്‍ ആരും അപ്പോയിന്റ്‌മെന്റ് എടുത്തിട്ടില്ല എന്നുറപ്പുളള പ്രിയങ്ക ഗാന്ധി ഇവരെ വീട്ടില്‍ കണ്ട് അത്ഭുതപ്പെട്ടു. ഉത്തര്‍ പ്രദേശില്‍ നിന്ന് പ്രിയങ്ക ഗാന്ധിയെ കാണാനും ഒരുമിച്ച് ഫോട്ടൊ എടുക്കാനും വേണ്ടി മാത്രം ദല്‍ഹിയിലേക്കെത്തിയതാണ് 
ഈ കുടുംബം എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവര്‍ പ്രിയങ്കയെ കാണാന്‍ എത്തുന്നത് സുരക്ഷാ ഡ്യൂട്ടിയില്‍ ഉളള സിആര്‍പിഎഫ് ഉദ്യോഗസ്ഥരാരും തന്നെ അറിഞ്ഞിരുന്നില്ല. എങ്ങനെയാണ് കാറില്‍ താന്‍ അറിയാതെ സന്ദര്‍ശകര്‍ അകത്തേക്ക് എത്തിയത് എന്ന് പ്രിയങ്ക ഗാന്ധി അന്വേഷിക്കുമ്പോഴാണ് ഗുരുതരമായ സുരക്ഷാ വീഴ്ചയാണ് കോണ്‍ഗ്രസ് നേതാവിന്റെ വസതിയില്‍ നടന്നത് എന്ന് സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ തിരിച്ചറിയുന്നത്. ഇതേത്തുടര്‍ന്ന് പ്രിയങ്കയുടെ വസതിയില്‍ സുരക്ഷ ശക്തമാക്കി. ഗാര്‍ഡുകള്‍ കാര്‍ വീടിന് അകത്തേക്ക് കടത്തി എന്ന് മാത്രമല്ല ഐഡി പരിശോധന പോലും നടത്തിയില്ല എന്നത് ഗുരുതരമായ വീഴ്ചയായാണ് വിലയിരുത്തപ്പെടുന്നത്. സുരക്ഷാ വീഴ്ച നടന്നുവെന്നും എന്നാല്‍ അഹിതമായി ഒന്നും നടന്നിട്ടില്ലെന്നും പ്രിയങ്ക ഗാന്ധിയുടെ ഓഫീസ് അറിയിച്ചു. 

Latest News