Sorry, you need to enable JavaScript to visit this website.

കേന്ദ്രത്തിന് പണം തിരികെ നൽകിയിട്ടില്ല, ആരോപണം നിഷേധിച്ച് ഫഡ്‌നാവിസ്

മുംബൈ- മഹാരാഷ്ട്രക്ക് അനുവദിച്ച് നാൽപതിനായിരം കോടി രൂപ കേന്ദ്രത്തിന് തിരിച്ചയച്ചിട്ടില്ലെന്നും ഇത് സംബന്ധിച്ച്് ബി.ജെ.പി എം.പി അനന്ദ് കുമാർ ഹെഗ്‌ഡെയുടെ ആരോപണം തെറ്റാണെന്നും മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. ഒരു പണവും കേന്ദ്രത്തിലേക്ക് തിരിച്ചയച്ചിട്ടില്ലെന്നും കാവൽ മുഖ്യമന്ത്രിയായി തുടർന്നപ്പോൾ പോലും അത്തരമൊരു തീരുമാനമെടുത്തിട്ടില്ലെന്നും ഫഡ്‌നാവിസ് പറഞ്ഞു.

'കേന്ദ്രത്തിലേക്ക് പണമൊന്നും തിരികെ നൽകിയിട്ടില്ല. കാവൽ മുഖ്യമന്ത്രിയെന്ന നിലയിൽ നയപരമായ തീരുമാനങ്ങളൊന്നും എടുത്തിട്ടില്ല. ഈ ആരോപണം തീർത്തും തെറ്റാണ്. അത്തരം സംഭവങ്ങളൊന്നും ഉണ്ടായിട്ടില്ല. ബുള്ളറ്റ് ട്രെയിൻ പദ്ധതിയെ സംബന്ധിച്ചിടത്തോളം, ഭൂമി ഏറ്റെടുക്കൽ അല്ലാതെ മഹാരാഷ്ട്ര സർക്കാരിന് അതിൽ വേറെ റോൾ ഒന്നും ഇല്ല. ഏതെങ്കിലും പണം തിരികെ നൽകാൻ കേന്ദ്രസർക്കാർ ആവശ്യപ്പെടുകയോ തങ്ങൾ പണം നൽകുകയോ ചെയ്തിട്ടില്ല' ഫഡ്‌നാവിസ് പറഞ്ഞു.

ഫഡ്‌നാവിസ് അപ്രതീക്ഷിതമായി സർക്കാർ രൂപീകരിച്ചത് 40,000 കോടി രൂപയുടെ കേന്ദ്ര ഫണ്ട് തിരിച്ചയക്കാനായിരുന്നെന്നാണ് അനന്ദ് കുമാർ ഹെഗ്‌ഡെ ആരോപിച്ചിരുന്നു. ശിവസേന നയിക്കുന്ന സർക്കാർ ഫണ്ട് ദുരുപയോഗം ചെയ്യാതിരിക്കാനായിരുന്നു ഈ നടപടിയെന്നും ഹെഗ്‌ഡെ പറഞ്ഞിരുന്നു. ശിവസേനഎൻ.സി.പികോൺഗ്രസ് സഖ്യസർക്കാർ ഈ ഫണ്ട് ദുരുപയോഗം ചെയ്യുമായിരുന്നു. മഹാരാഷ്ട്രയിൽ ഭൂരിപക്ഷം തെളിയിക്കാനായില്ലെങ്കിലും കേന്ദ്ര ഫണ്ട് ദുരുപയോഗം ചെയ്യുന്നത് തടയുകയായിരുന്നു ഫഡ്‌നാവിസിന്റെ ലക്ഷ്യം. ഈ തുക തിരിച്ചു നൽകാൻ ഫഡ്‌നാവിസ് 15 മണിക്കൂർ സമയമെടുത്തെന്നും ഫണ്ട് സംരക്ഷിക്കാൻ ബി.ജെ.പി നടത്തിയ നാടകമാണ് ഫഡ്‌നാവിസിന്റെ സത്യപ്രതിജ്ഞയെന്നും ഹെഗ്‌ഡെ പറഞ്ഞിരുന്നു.

Latest News