Sorry, you need to enable JavaScript to visit this website.

അന്താരാഷ്ട്ര വിഷയങ്ങളിൽ സമവായത്തിന് ശ്രമിക്കും - സൗദി കിരീടാവകാശി

റിയാദ്- ഭാവിയുടെ വെല്ലുവിളികൾ നേരിടുന്നതിനും അന്താരാഷ്ട്ര തർക്ക വിഷയങ്ങളിൽ സമവായം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള അവസരമായി ജി 20 ഉച്ചകോടിയെ അവതരിപ്പിക്കുമെന്ന് കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ വ്യക്തമാക്കി. ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് എന്നീ മൂന്ന് ഭൂഖണ്ഡങ്ങളുടെ വഴിത്തിരിവിലാണ് സൗദി അറേബ്യയുടെ സ്ഥാനമെന്നതിനാൽ ഇവിടെ നടക്കുന്ന ജി20 ഉച്ചകോടിക്ക് പല മഹത്തായ കാര്യങ്ങളും ചെയ്യാനാവും. മധ്യപൗരസ്ത്യ, വടക്കേ ആഫ്രിക്കൻ പ്രദേശങ്ങൾക്കും അടുത്ത വർഷത്തെ ഉച്ചകോടിയിൽ മുഖ്യ പങ്ക് വഹിക്കാനാകും. ജപ്പാനിലെ ഒസാകയിൽ നടന്ന കഴിഞ്ഞ ഉച്ചകോടിയുടെ തീരുമാനങ്ങളും പദ്ധതികളും നടപ്പാക്കാൻ സൗദി അറേബ്യ മുന്നിൽ നിൽക്കുമെന്നും അദ്ദേഹം പറഞ്ഞു.
2020 നവംബർ 21, 22 തീയതികളിൽ റിയാദിൽ നടക്കുന്ന ജി 20 ഉച്ചകോടിയുടെ നേതൃസ്ഥാനം ഇന്നലെയാണ് നിലവിൽ വന്നത്. അടുത്ത നവംബർ വരെ ഈ സ്ഥാനം സൗദി അറേബ്യക്കാണ്. '21 ാം നൂറ്റാണ്ടിന്റെ അവസരങ്ങൾ എല്ലാവരും പ്രയോജനപ്പെടുത്തുക' എന്ന ബാനറിലാണ് റിയാദിൽ ജി20 ഉച്ചകോടി സംഘടിപ്പിക്കുന്നത്. മൂന്ന് വിഷയങ്ങൾ കേന്ദ്രീകരിച്ചാണ് ഉച്ചകോടി. യുവാക്കൾക്കും വനിതകൾക്കുമടക്കം വ്യക്തികൾക്ക് തൊഴിൽ, മികച്ച ജീവിത സാഹചര്യം എന്നിവ ഉറപ്പുവരുത്തുന്ന 'മനുഷ്യ ശാക്തീകരണം', ജലം, അന്തരീക്ഷം, ഭക്ഷണം, ഊർജം, പ്രകൃതി എന്നിവയുടെ സംരക്ഷണവുമായി ബന്ധപ്പെട്ട പരസ്പര സഹകരണത്തിന് ഊന്നൽ നൽകുന്ന 'ഭൂമിയെ സംരക്ഷിക്കൽ', നൂതന സാങ്കേതിക വിദ്യയുടെ മുന്നേറ്റങ്ങൾ പരസ്പരം കൈമാറുന്നതിനുള്ള ദീർഘകാല പദ്ധതികൾക്ക് അംഗീകാരം നൽകുന്ന 'പുതിയ സാധ്യതകളുടെ രൂപീകരണം'  എന്നിങ്ങനെ മൂന്നു സെഷനുകളിലാണ് ഉച്ചകോടി നടക്കുക.
ജോർദാൻ, സിംഗപ്പുർ, സ്‌പെയിൻ, സ്വിറ്റ്‌സർലാന്റ്, സൗത്ത് ഈസ്റ്റ് ഏഷ്യൻ രാജ്യങ്ങളുടെ നേതൃസ്ഥാനത്തുള്ള വിയറ്റ്‌നാം, ആഫ്രിക്കൻ യൂനിയൻ നേതൃസ്ഥാനത്തുള്ള ദക്ഷിണാഫ്രിക്ക, ജി.സി.സി നേതൃസ്ഥാനത്തുള്ള യു.എ.ഇ, ന്യൂ പാർട്ണർഷിപ് ഓഫ് ആഫ്രിക്കാസ് ഡെവലപ്‌മെന്റ് നേതൃസ്ഥാനത്തുള്ള സെനഗൽ എന്നീ രാജ്യങ്ങളെയും അറബ് മോണിറ്ററി ഫണ്ട്, ഇസ്‌ലാമിക് ഡെവലപ്‌മെന്റ് ബാങ്ക്, ഫുഡ് ആന്റ് അഗ്രികൾച്ചറൽ ഓർഗനൈസേഷൻ, ഫിനാൻഷ്യൽ സ്റ്റെബിലിറ്റി ബോർഡ്, ഐ.എൽ.ഒ, ഐ.എം.എഫ്, ഒ.ഇ.സി.ഡി, ഐക്യരാഷ്ട്ര സഭ, ലോക ബാങ്ക് ഗ്രൂപ്പ്, ഡബ്ല്യൂ.എച്ച്.ഒ, ഡബ്ല്യൂ.ടി.ഒ എന്നീ സംഘടനകളെയും സൗദി അറേബ്യ ഉച്ചകോടിയിലേക്ക് ക്ഷണിക്കും. ബി 20, എൽ 20, ടി 20, സി 20, ഡബ്ല്യൂ 20, എസ് 20, യു 20 എന്നിവയടക്കം ഇതോടനുബന്ധിച്ച് നൂറിലധികം സെമിനാറുകളും യോഗങ്ങളും സംഘടിപ്പിക്കും. 

Latest News