Sorry, you need to enable JavaScript to visit this website.

മഹ്‌റൂഫിന്റെ സൗഭാഗ്യം, യു.എ.ഇ ദേശീയ ദിനം തന്നെ ജന്മദിനം

അബുദാബി- കേരളത്തിലെ ഒരു കുഗ്രാമത്തില്‍ കുറഞ്ഞ വരുമാനമുള്ള ഒരു കുടുംബത്തില്‍ ജനിച്ച മഹ്‌റൂഫ് കുളത്തിലിന് ജന്മദിനാഘോഷങ്ങള്‍ അപരിചിതമായ ഒരു കാര്യമായിരുന്നു.
'ഞാന്‍ യു.എ.ഇയില്‍ വന്നിരുന്നില്ലെങ്കില്‍, എന്റെ ജനന തീയതി ഞാന്‍ ഒരിക്കലും ശ്രദ്ധിച്ചിരിക്കില്ല'- 20 വര്‍ഷം മുമ്പ് യുനൈറ്റഡ് അറബ് എമിറേറ്റ്‌സിലെത്തിയ അദ്ദേഹം പറഞ്ഞു.
യു.എ.ഇയുടെ സ്ഥാപക ദിനമായ 1971 ഡിസംബര്‍ രണ്ടാണ് മഹ്‌റൂഫിന്റേയും ജന്മദിനം. ഇതറിഞ്ഞ കമ്പനിയിലെ ഇമാറാത്തി മേധാവികള്‍ അദ്ദേഹത്തെ അഭിനന്ദിക്കുകയും ഒരു ദേശീയ ദിന ചടങ്ങില്‍ ആദരിക്കുകയും ചെയ്തപ്പോള്‍, അത് എളിയ പശ്ചാത്തലത്തില്‍നിന്നുള്ള മഹ്‌റൂഫിന് ഒരു പുതിയ അനുഭവമായി.
'എന്റെ കുടുംബത്തിലും ഞാന്‍ പഠിച്ച സ്ഥലങ്ങളിലും ജന്മദിനാഘോഷം എന്നൊന്നു ഉണ്ടായിരുന്നില്ല- അബുദാബിയിലെ ഒരു ഫെഡറല്‍ ഗവണ്‍മെന്റ് സ്ഥാപനത്തില്‍ അസിസ്റ്റന്റായി ജോലി ചെയ്യുന്ന അദ്ദേഹം പറഞ്ഞു.
തന്റെ മേലധികാരികളുടെ ഔദാര്യം  ജീവിതത്തില്‍ വര്‍ണ്ണാഭമായ ഒരു അധ്യായം കൂട്ടിച്ചേര്‍ത്തുവെന്ന് അദ്ദേഹത്തിന് തോന്നുന്നു. 2014 ലെ ദേശീയദിന അവധിക്കാലത്ത് തന്റെ ജീവിതത്തെ മാറ്റിമറിച്ച ആ ഫോണ്‍ കോള്‍ ലഭിച്ച ദിവസം കുളത്തിലിന് ഇപ്പോഴും ഓര്‍മ്മയുണ്ട്.
മാതാപിതാക്കള്‍, ഭാര്യ, കുട്ടികള്‍ എന്നിവരോടൊപ്പം അവധിക്കാലം ചെലവഴിക്കാന്‍ നാട്ടിലായിരുന്നു അദ്ദേഹം. ആ ദേശീയ ദിനത്തിന് തൊട്ടുമുമ്പ് യാദൃച്ഛികമായി ജന്മദിനം കണ്ടെത്തിയ മാനേജ്‌മെന്റ് അദ്ദേഹത്തിന് ഒരു അഭിനന്ദന കത്ത് അയച്ചു. കുളത്തിലിനെ സംബന്ധിച്ചിടത്തോളം ആ കത്ത് വലിയ അംഗീകാരമായിരുന്നു.
'എനിക്ക് വളരെ സന്തോഷവും ആവേശവും തോന്നി. ഒരു ചെറിയ ജോലി ചെയ്യുന്ന വ്യക്തിയെ തിരിച്ചറിയാന്‍ തക്ക വിധം അവര്‍ വളരെ മാന്യരായിരുന്നു'- കുളത്തില്‍ പുഞ്ചിരിയോടെ പറയുന്നു.
തുടര്‍ന്നുള്ള ദേശീയ ദിനാഘോഷങ്ങളില്‍, ജോലിസ്ഥലത്ത് എല്ലാവരും അഭിനന്ദിക്കുന്നത് അദ്ദേഹം ആസ്വദിച്ചു.
2017 ലെ ആഘോഷങ്ങള്‍ ഒരു പ്രത്യേകതയായിരുന്നു, അദ്ദേഹം ഓര്‍ക്കുന്നു. 'മേലധികാരികളിലൊരാള്‍ എന്നെ ഒട്ടകപ്പുറത്ത് കയറ്റി ആഘോഷവേളയില്‍ ഒരു സവാരി വാഗ്ദാനം ചെയ്തു!
ഇമാറാത്തികള്‍ തങ്ങളുടെ രാജ്യത്തെ എത്രമാത്രം സ്‌നേഹിക്കുന്നുവെന്ന് ഈ പ്രവൃത്തികളിലൂടെ മനസ്സിലാക്കുന്നുവെന്ന് അദ്ദേഹം പറയുന്നു. 'ഞാന്‍ അവരുടെ രാജ്യത്തിന്റെ സ്ഥാപക ദിനത്തില്‍ ജനിച്ചതിനാല്‍ അവര്‍ എന്നെ സ്‌നേഹിക്കുന്നു. എന്തിനും അല്ലെങ്കില്‍ അവരുടെ മാതൃരാജ്യവുമായി ബന്ധപ്പെട്ട ആര്‍ക്കും അവര്‍ നല്‍കുന്ന പ്രാധാന്യമാണ് അത് കാണിക്കുന്നത്.
വിധി ശരിയായ സ്ഥലത്ത് എത്താന്‍ തന്നെ സഹായിച്ചതായും അദ്ദേഹത്തിന് തോന്നുന്നു. 'അല്ലെങ്കില്‍ ഞാന്‍ എന്തുകൊണ്ടാണ് ഈ രാജ്യത്ത് എത്തിയത്. ഈ സ്‌നേഹവും അംഗീകാരവും ആസ്വദിക്കുന്നത്?'മഹ്‌റൂഫ് കുളത്തില്‍ ചോദിക്കുന്നു.

 

Latest News