Sorry, you need to enable JavaScript to visit this website.

കണ്ണൂരിൽ ഹജ് എംബാർക്കേഷൻ പോയന്റ്  തുടങ്ങാനാവില്ല -മന്ത്രി മുക്താർ  അബ്ബാസ് നഖ്‌വി 

ജിദ്ദ- കേരളത്തിൽ രണ്ട് എംബാർക്കേഷൻ പോയന്റ് നിലവിലുള്ള സാഹചര്യത്തിൽ കണ്ണൂരിൽ പുതുയായി ഹജ് എംബാർക്കേഷൻ പോയന്റ് തുടങ്ങാനാവില്ലെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുക്താർ അബ്ബാസ് നഖ്‌വി വ്യക്തമാക്കി.

കോഴിക്കോട് എംബാർക്കേഷൻ പോയന്റ് കഴിഞ്ഞ വർമാണ് പുനരാരംഭിച്ചത്. കൊച്ചിയിലും ഹജ് എംബാർക്കേഷനുണ്ട്. ഈ വർഷം വിജയവാഡയിൽ മാത്രമാണ് പുതുതായി എംബാർക്കേഷൻ തുടങ്ങുന്നത്. ഇതോടെ എംബാർക്കേഷൻ പോയന്റുകളുടെ എണ്ണം 22 ആയി. കണ്ണൂർ വിമാനത്താവളത്തിൽ എംബാർക്കേഷൻ പോയന്റ് അനുവദിക്കണമെന്ന് മുഖ്യമന്ത്രിയും എം.പിമാരുമടക്കമുള്ള സംഘം കഴിഞ്ഞ മാസം നേരിൽ കണ്ട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ നിലവിലെ സാഹചര്യത്തിൽ അതു സാധ്യമല്ലെന്ന് ഹജ് കരാർ ഒപ്പിട്ട ശേഷം കോൺസുലേറ്റിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ചോദ്യത്തിനു മറുപടിയായി മന്ത്രി പറഞ്ഞു. 


ഹജ് താർഥാടകർക്ക് കപ്പൽ യാത്രാ സേവനം ലഭ്യമാക്കണമെന്ന ആവശ്യക്കാരനാണ് താൻ. ഇതു സംബന്ധിച്ച് ഒട്ടേറെ കാര്യങ്ങൾ പഠിക്കേണ്ടതുണ്ടെന്നും ഇതു പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു. 


വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക


കഴിഞ്ഞ വർഷം ഇന്ത്യയിൽനിന്ന് രണ്ടു ലക്ഷം തീർഥാടകർ ഹജ് നിർവഹിക്കാനെത്തിയെങ്കിലും കുറ്റമറ്റ സേവനമാണ് ഇന്ത്യൻ ഹജ് മിഷൻ നൽകിയത്. അപകട രഹിതമായി കർമങ്ങൾ നിർവഹിക്കാൻ ഹാജിമാർക്കായി. ഇക്കാര്യത്തിൽ സൗദി ഭരണകർത്താക്കളുടെ ഭാഗത്തുനിന്നുള്ള സേവനങ്ങൾ വിലമതിക്കാനാവാത്തതാണ്. ഇതിൽ ഇന്ത്യക്ക് ഏറെ നന്ദിയുണ്ട്. അടുത്ത ഹജിനും കുറ്റമറ്റ സേവനം നൽകുന്നതിനുള്ള പരിശ്രമമാണ് നടത്തി വരുന്നത്. അതിയായി വളരെ നേരത്തെ തന്നെ ഹജ് നടപടിക്രമങ്ങൾ ആരംഭിച്ചതായി മന്ത്രി പറഞ്ഞു.

ഹജ് കരാർ ഒപ്പിടുന്നതിനു മുന്നോടിയായി അംബാസഡർ ഡോ. ഔസാഫ് സഈദും സൗദി ഹജ് ഡപ്യൂട്ടി മന്ത്രി ഡോ. അബ്ദുൽ ഫത്താഹ് ബിൻ സുലൈമാൻ മസ്ഹദും കൂടിക്കാഴ്ച നടത്തിയിരുന്നു. ഹജ് ഒരുക്കങ്ങൾ, ട്രാൻസ്‌പോർട്ടേഷൻ, എയർ ചാർട്ടർ തുടങ്ങിയ വിഷയങ്ങൾ ചർച്ചാ വിഷയമായി. ഹാജിമാരുടെ വിമാന സർവീസുകളുമായി ബന്ധപ്പെട്ട് ഇന്ത്യൻ വ്യോമ മന്ത്രാലയ, എയർ ഇന്ത്യ ഉദ്യോഗസ്ഥരും സൗദി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ ഉദ്യോഗസ്ഥരും തമ്മിൽ ചർച്ചയുണ്ടായിരുന്നു.

ഹജിന്റെ വിവധ ഒരുക്കങ്ങളെക്കുറിച്ച് ഇന്ത്യൻ പ്രതിനിധി സംഘം ഹാജിമാരുടെ സൗത്ത് ഏഷ്യൻ മോസസ അധികൃതരുമായി ഇന്നു ചർച്ച നടത്തും.   മന്ത്രിയെ അനുഗമിച്ച് ഇന്ത്യയിൽനിന്നുമെത്തിയ സംഘാംഗങ്ങളായ ന്യൂനപക്ഷകാര്യ (ഹജ്) മന്ത്രാലയ അഡീഷനൽ സെക്രട്ടറി ജാനേ ആലം, ഹജ് കമ്മിറ്റി ആക്ടിംഗ് ചെയർമാൻ ശൈഖ് ജിനാ നബി, വ്യോമ മന്ത്രാലയ ജോയിന്റ് സെക്രട്ടറി സത്യേന്ദ്ര കുമാർ മിശ്ര, ഹജ് കമ്മിറ്റി സി.ഇ.ഒ ഡോ. മഖ്‌സൂദ് അഹമ്മദ്, ന്യൂനപക്ഷ മന്ത്രാലയ ഡയരക്ടർ നിജാമുദ്ദീൻ, മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സുനിൽ ഗൗതം, എയർ ഇന്ത്യ ചീഫ് ജനറൽ മാനേജർ രാംബാബു, ഹജ് ഗ്രൂപ്പ് പ്രതിനിധി ഇബ്രാഹിം കോൽസാവാല എന്നിവരും അംബാസഡർ ഡോ. ഔസാഫ് സഈദ്, കോൺസൽ ജനറൽ മുഹമ്മദ് നൂർ റഹ്മാൻ ശൈഖ്, ഡപ്യൂട്ടി കോൺസൽ ജനറലും ഹജ് കോൺസലുമായ വൈ.സാബിർ എന്നിവവരും ചർച്ചകളിൽ പങ്കെടുത്തു. 

Latest News