യെമനില്‍ തടവിലായ മലയാളി ബിസിനസുകാരന്‍ തിരിച്ചെത്തി

ദുബായ്- അഞ്ചു മാസമായി യെമനില്‍ തടവിലായിരുന്ന ദുബായിലെ മലയാളി ബിസിനസുകാരന്‍ ഇന്ത്യയില്‍ തിരിച്ചെത്തി. തിരുവനന്തപുരം സ്വദേശി സുരേഷ് കുമാര്‍ കൃഷ്ണപിള്ള(59) ആണ് യെമനിലെ തുറമുഖ നഗരമായ ഏദനില്‍നിന്ന് ഇന്നലെ മുംബൈയിലെത്തിയത്. സംഘര്‍ഷ മേഖലയായ സനയിലെ അല്‍ ഹൂതി ജയിലിലായിരുന്നു സുരേഷ്‌കുമാര്‍. ഇദ്ദേഹത്തിന്റെ മോചനത്തിന് വേണ്ടി ഇന്ത്യന്‍ നയതന്ത്രകാര്യാലയം അധികൃതര്‍ ഏറെ ശ്രമം നടത്തിയിരുന്നു.
പിതാവിന്റെ ആരോഗ്യ സ്ഥിതി മോശമാണെന്നു മകന്‍ ജിതിന്‍ പറഞ്ഞു. ജൂലൈ രണ്ടിനാണ് സുരേഷ് കുമാര്‍ യെമനിലെത്തിയത്. ഏദനിലിറങ്ങി രണ്ടു ദിവസത്തിനകം ഇദ്ദേഹത്തെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് പിതാവിനെ രക്ഷിക്കാന്‍ ജിതിന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് അടക്കം നിവേദനം നല്‍കുകയും ചെയ്തു.
വര്‍ഷങ്ങളായി യു.എ.ഇയില്‍ ബിസിനസ് നടത്തിവരികയാണ് സുരേഷ് കുമാര്‍. കര്‍ണാടകയിലെ ബെല്‍ഗാമില്‍ ഇതനോള്‍ (ആല്‍ക്കഹോള്‍ ഇന്ധനം) പ്ലാന്റ് ആരംഭിക്കാനുള്ള ഫണ്ട് തേടിയാണ് ഇദ്ദേഹം സുഡാനിലെ ഖാര്‍ത്തൂനില്‍നിന്ന് ജുലൈ ഒന്നിന് ക്വീന്‍ ബില്‍ഖിസ് എയര്‍വേയ്‌സില്‍ ഏദനിലെത്തിയത്. അവിടെയുള്ള ചില സ്വകാര്യ കമ്പനികള്‍ പണം നല്‍കി സഹായിക്കാമെന്ന് വാഗ്ദാനം നല്‍കിയിരുന്നുവെന്ന് പറയുന്നു. ഇതേ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങള്‍ക്ക് ഒടുവിലാണ് സുരേഷ് കുമാര്‍ തടവിലായത്.

 

Latest News