Sorry, you need to enable JavaScript to visit this website.

യു.എ.ഇയിൽ ഇന്നു മുതൽ സിഗരറ്റ് വില ഉയരും

ദുബായ് - യു.എ.ഇയിൽ ഇന്നു മുതൽ സിഗരറ്റ് വില വലിയ തോതിൽ വർധിക്കും. ഒരു സിഗരറ്റിന് മിനിമം 40 ഫിൽസ് തോതിൽ ഒരു പാക്കറ്റിന് എട്ടു ദിർഹം വീതം ഇന്നു മുതൽ എക്‌സൈസ് നികുതി ബാധകമായിരിക്കും. എല്ലാ ബ്രാന്റുകളിലും പെട്ട സിഗരറ്റുകൾക്കും മിനിമം വില ബാധകമായിരിക്കും. ഇന്നു മുതൽ പത്തു പാക്കറ്റുകൾ അടങ്ങിയ ഒരു കാർട്ടൻ സിഗരറ്റിന് ഉപയോക്താക്കൾ 80 ദിർഹം അധികം നൽകേണ്ടിവരും. 


ഇ-സിഗരറ്റിനും മധുരം ചേർത്ത പാനീയങ്ങൾക്കും ഇന്നു മുതൽ എക്‌സൈസ് ടാക്‌സ് ബാധകമാക്കുമെന്ന് ഫെഡറൽ ടാക്‌സ് അതോറിറ്റി വ്യക്തമാക്കി. പൊതുജനാരോഗ്യത്തിനും പരിസ്ഥിതിക്കും ഹാനികരമായ ഉൽപന്നങ്ങൾക്ക് 2017 ഒക്‌ടോബർ മുതൽ യു.എ.ഇ 50 ശതമാനം മുതൽ 100 ശതമാനം വരെ എക്‌സൈസ് ടാക്‌സ് ബാധകമാക്കിയിരുന്നു. 


പുകയില ഉൽപന്നങ്ങൾക്കും ഇലക്‌ട്രോണിക് പുകവലി ഉപകരണങ്ങളിൽ ഉപയോഗിക്കുന്ന ദ്രാവകങ്ങൾക്കും ഇലക്‌ട്രോണിക് പുകവലി ഉപകരണങ്ങൾക്കും എനർജി ഡ്രിങ്കുകൾക്കും 100 ശതമാനവും ശീതള പാനീയങ്ങൾക്കും മധുരം ചേർത്ത പാനീയങ്ങൾക്കും 50 ശതമാനവും അധിക നികുതിയാണ് ബാധകം. 

Latest News