ദുബായ്- നവംബര്‍ 26 ന് വേള്‍ഡ് ട്രേഡ് സെന്റര്‍ റൗണ്ട് എബൗട്ടിന് സമീപം വാഹനാപകടത്തില്‍ കൊല്ലപ്പെട്ട ഡോ. ജോണ്‍ മാര്‍ഷലിന്, അപകടത്തിന് മുമ്പ് ബോധക്ഷയം വന്നിരിക്കാമെന്ന് കുടുംബം.
ഡോക്ടറുടെ ശവസംസ്‌കാര ശുശ്രൂഷകളെക്കുറിച്ച് വിവരിക്കുന്ന ഒരു വെബ് പേജിലാണ് കുടുംബം ഇപ്രകാരം പ്രതികരിച്ചത്.“അദ്ദേഹം ശ്രദ്ധാപൂര്‍വ്വം വാഹനമോടിക്കുന്നയാളായിരുന്നു. അപകടത്തിന് മുമ്പ് അദ്ദേഹത്തിന് ബോധക്ഷയം സംഭവിച്ചിരിക്കാം. അത് അപകടത്തിലേക്ക് നയിച്ചേക്കാമെന്നു ഞങ്ങള്‍ വിശ്വസിക്കുന്നു.
26ന് ഉച്ചക്ക് 12.49 നാണ് കറാമയിലേക്കുള്ള വഴിയില്‍ ശൈഖ് സായിദ് റോഡില്‍ അപകടം സംഭവിച്ചത്.
ബുര്‍ ദുബായ് ക്ലിനിക്കില്‍ സേവനമനുഷ്ഠിക്കുന്ന സ്‌പെഷ്യലിസ്റ്റ് ഫിസിഷ്യനായിരുന്നു ഡോ. മാര്‍ഷല്‍. ഓടിക്കുന്നതിനിടെ കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതായി ദുബായ് പോലീസ് പറഞ്ഞു. മറിഞ്ഞ് തീപ്പിടിച്ച കാറിന്റെ അകത്ത് കുടുങ്ങിയ ഇദ്ദേഹത്തെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞില്ല. കാര്‍ പൂര്‍ണമായും തീഗോളങ്ങള്‍ വിഴുങ്ങിയിരുന്നു. തീ നിയന്ത്രണ വിധേയമാക്കാന്‍ അഗ്‌നിശമന സേനാംഗങ്ങള്‍ സംഭവസ്ഥലത്തെത്തിയെങ്കിലും ഇദ്ദേഹത്തെ രക്ഷിക്കാനായില്ല.
ഡോ. മാര്‍ഷലിനായുള്ള അനുസ്മരണ ശുശ്രൂഷ ഡിസംബര്‍ നാലിന് രാവിലെ 10.30 ന് സെന്റ് പോള്‍സ് ഹാളില്‍ നടക്കും. സംസ്‌കാരം ഉച്ചക്ക് ഒരു മണിക്ക് ന്യൂ സോനാപൂര്‍ സെമിത്തേരിയില്‍.






