Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ബിജെപിയുടെ ദക്ഷിണേന്ത്യന്‍ സ്വപ്‌നം: അണ്ണാ ഡിഎംകെ എന്‍ഡിഎയില്‍ എത്തിയേക്കും

ചെന്നൈ- ബിഹാറില്‍ ഭരണകക്ഷിയെ വിജയകരമായി തങ്ങളുടെ പാളയത്തിലെത്തിച്ച ബിജെപിയുടെ അടുത്ത കണ്ണ് തമിഴ്‌നാട്ടില്‍. തങ്ങള്‍ക്ക് സ്വാധീനം കുറഞ്ഞ ദക്ഷിണേന്ത്യയില്‍ വന്‍ മുന്നേറ്റം ലക്ഷ്യമിട്ടു തമിഴ്‌നാട് ഭരിക്കുന്ന അണ്ണാ ഡിഎംകെയെ കൂടെ കൂട്ടാനുള്ള നീക്കത്തിന് ബിജെപി സജീവമായി ശ്രമം നടത്തി വരുന്നതായി രാഷ്ട്രീയ വൃത്തങ്ങള്‍ പറയുന്നു. ബിജെപിയുടെ ഉന്നത നേതാക്കളാണ് അണ്ണാ ഡിഎംകെ നേതൃത്വവുമായുള്ള ചര്‍ച്ചകളിലേര്‍പ്പെട്ടിരിക്കുന്നത്. ഒരു മുതിര്‍ന്ന കേന്ദ്ര മന്ത്രിയുടെ മധ്യസ്ഥതയില്‍ അണ്ണാ ഡിഎംകെയിലെ ഇടഞ്ഞു നില്‍ക്കുന്ന രണ്ടു വിഭാഗങ്ങളേയും രമ്യതയിലെത്തിക്കാനുള്ള ശ്രമങ്ങളും സമാന്തരമായി നടക്കുന്നുണ്ട്. 

ഈ ചര്‍ച്ചകള്‍ വിജയം കണ്ടാല്‍ താമസിയാതെ അണ്ണാ ഡിഎംകെ ബിജെപി നേതൃത്വത്തിലുള്ള എന്‍ ഡി എ സഖ്യത്തിന്‍റെ ഭാഗമാകും. ഈ മാസം നടക്കാനിരിക്കുന്ന കേന്ദ്ര മന്ത്രിസഭാ പുനസംഘടനയ്ക്കു മുന്നോടിയായാണ് ഈ ചര്‍ച്ചകള്‍ നടക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ബിജെപി പദ്ധതി വിജയിച്ചാല്‍ ജെഡിയുവിനൊപ്പം അണ്ണാ ഡിഎംകെക്കും പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയില്‍ ഇടം ലഭിക്കും.

തമിഴ്‌നാട് മുഖ്യമന്ത്രിയും അണ്ണാ ഡിഎംകെ ഔദ്യോഗിക വിഭാഗം നേതാവുമായ ഇ പളനിസ്വാമി പാര്‍ട്ടി എം എല്‍ എമാരുടെ യോഗം ഇന്ന് പാര്‍ട്ടി ആസ്ഥാനത്ത് വിളിച്ചു ചേര്‍ത്തിട്ടുണ്ട്. മുന്‍മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വത്തിന്‍റെ നേതൃത്വത്തിലുള്ള വിമത പക്ഷവും ഔദ്യോഗിക പക്ഷവും യോജിപ്പിലെത്താനുള്ള ശ്രമങ്ങളും നടത്തിവരുന്നുണ്ട്.  നേരത്തെ 1998-99, 2004-06 കാലയളവുകളില്‍ അണ്ണാ ഡിഎംകെ എന്‍ഡിഎ സഖ്യത്തിനൊപ്പം ചേര്‍ന്നിരുന്നു. 

ജയലളിതയുടെ മരണത്തോടെ ചേരിപ്പോര് രൂക്ഷമായി വിഭജിച്ച അണ്ണാ ഡിഎംകെയെ തന്ത്രപൂര്‍വ്വം കൂടെ കൂട്ടിയാല്‍ തമിഴ്‌നാട്ടിലെ തങ്ങളുടെ 2.5 ശതമാനമെന്ന് തുച്ഛം വോട്ട് ഓഹരി മെച്ചപ്പെടുത്താനാകുമെന്നാണ് ബിജെപി കണക്കു കൂട്ടല്‍. ജയലളിതയുടെ മരണത്തോടെ പാര്‍ട്ടിയെ അനായാസം തങ്ങള്‍ക്കൊപ്പം കൂട്ടാമെന്ന് ബിജെപി പ്രതീക്ഷയ്ക്കു മേല്‍ ണ്ണാ ഡിഎംകെയിലെ അധികാരത്തര്‍ക്കങ്ങളും ചേരിപ്പോരുമാണ് മങ്ങലേല്‍പ്പിച്ചത്. ജയലളിതയ്ക്കു ശേഷം പാര്‍ട്ടി മേധാവിയായി രംഗത്തെത്തിയ വി കെ ശശികല ജയിലായതോടെ സ്ഥിതി ആകെ മാറി.

ഇരു പക്ഷങ്ങളുടേയും യോജിപ്പിന് പാര്‍ട്ടി ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയും ശശികലയുടെ ബന്ധുവുമായ ടി ടി വി ദിനകരന്‍ ഓഗസ്റ്റ് വരെയാണ് സമയം നിശ്ചയിച്ചിരിക്കുന്നത്. ശ്രമങ്ങള്‍ പരാജയപ്പെട്ടാല്‍ താന്‍ നേരിട്ട് ഇടപെട്ട് യോജിപ്പുണ്ടാക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. 

Latest News