Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സിനിമയിലെ മയക്കുമരുന്ന് ഉപയോഗം: വിവാദം പുതിയ തലത്തിലേക്ക്‌

കൊച്ചി- നടൻ ഷെയ്ൻ നിഗമിനെ സിനിമയിൽനിന്ന് വിലക്കിയതിന് പിന്നാലെ മയക്കുമരുന്ന് ഉപയോഗത്തെക്കുറിച്ചുള്ള നിർമാതാക്കളുടെ ആരോപണവും കൂടുതൽ വിവാദത്തിലേക്ക്. നിർമാതാക്കളുടെ പ്രതികരണം അതിവൈകാരികമെന്ന് ഫെഫ്ക. ആരോപണം ശരിവെച്ച് എഎംഎംഎ എക്‌സിക്യൂട്ടീവ് അംഗം ബാബുരാജ്. വെളിപ്പെടുത്തലിനെ ഗൗരവമായി കാണുന്നുവെന്ന് പൊലീസും.
അതേസമയം യുവതലമുറയിലെ ചെറുപ്പക്കാരായ ചില നടൻമാർ ലഹരി മരുന്നുപയോഗിക്കുന്നവരാണെന്ന നിർമാതാക്കളുടെ പ്രതികരണം അതിവൈകാരികമെന്ന് മലയാള സിനിമയിലെ സാങ്കേതിക വിദഗ്ധരുടെ സംഘടനയായ ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ പറഞ്ഞു. സെറ്റുകളിൽ ഷൂട്ടിങ് നടക്കുന്ന സമയത്ത് പൊലീസിനെ റെയ്ഡ് ചെയ്യാൻ വിളിക്കുകയെന്നത് അസംബന്ധമാണ്. ഇതൊക്കെ പ്രായോഗികമായി ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന കാര്യമാണ്. അത്രയും അരാജകത്വം മലയാള സിനിമയിൽ ഉണ്ടെന്നതിനോട് പൂർണമായും യോജിക്കാൻ കഴിയില്ലെന്നും ബി. ഉണ്ണികൃഷ്ണൻ പറഞ്ഞു.
മലയാള സിനിമയിലെ പലരും ലഹരി ഉപയോഗിക്കുന്നവരാണെന്നും ബാബുരാജ് സ്വകാര്യ ചാനലിനോട് പറഞ്ഞു. ലഹരി ഉപയോഗിക്കാത്തവർ ഒന്നിനും കൊള്ളില്ലെന്നാണ് ഇവരുടെ നിലപാട്. സംഘടനയിൽ നിന്നും ഇത്തരക്കാരെ പുറത്താക്കുമെന്ന ചട്ടം കൊണ്ടുവന്നതും ഇക്കാരണത്താലാണ്. ഫോൺ വിളിച്ചാലും പലരും എടുക്കില്ല. ഓരോരുത്തരുടെ പെരുമാറ്റം കണ്ടാൽ അറിയാം. കഞ്ചാവ് ഒക്കെ വിട്ടു. അതിലും വലിയ തലത്തിലേക്ക് കാര്യങ്ങൾ പോയി. ഇതൊരു ഫാഷനായി മാറി. 
ന്യൂജെൻ സിനിമയിൽ ഇതുവേണമെന്നും ഉപയോഗിക്കാത്തവൻ ഒന്നിനും കൊള്ളില്ലെന്നുമാണ് പറയുന്നത്. ഇത് ഉപയോഗിക്കുന്നവർ മാത്രമായി സിനിമ ചെയ്യുന്നവരുമുണ്ട്. അവർക്കൊരു സംഘടനയുണ്ട്. കേരള പൊലീസ് ഒന്നു തപ്പി കഴിഞ്ഞാൽ ഇവരെല്ലാം അകത്താകും. കാര്യങ്ങൾ കൈവിട്ടുപോയി. പെൺകുട്ടികൾ അടക്കം ഇത് ഉപയോഗിക്കുകയാണെന്നും ബാബുരാജ് പറഞ്ഞു.
വെളിപ്പെടുത്തലിനെ ഗൗരവത്തോടെ കാണുന്നുവെന്ന് സിറ്റി പൊലീസ് കമ്മീഷണർ വിജയ് സാഖറെ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് അസോസിയേഷൻ ഭാരവാഹികളോട് വിവരങ്ങൾ കൈമാറാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ വിവരങ്ങൾ പരിശോധിച്ച് ലഹരി മാഫിയയുടെ വിതരണ ശൃംഖലയിലേക്ക് അന്വേഷണം വ്യാപിപ്പിക്കും. ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് സിനിമാമേഖലയിൽ നിന്നും വ്യക്തമായ പരാതി ലഭിക്കാറില്ല.
ലൊക്കേഷനുകളിൽ ലഹരി മരുന്നുകൾ ഉപയോഗിക്കുന്നില്ലെന്ന് സിനിമാപ്രവർത്തകർ ഉറപ്പുവരുത്തണമെന്നും വിശ്വസനീയമായ വിവരത്തിന്റെ അടിസ്ഥാനത്തിൽ എവിടേയും പരിശോധന നടത്താൻ പൊലീസ് തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

Latest News