ഒരു ലിറ്റര്‍ പാല്‍ ഒരു ബക്കറ്റ് വെള്ളത്തില്‍ കലക്കി 81 കുട്ടികള്‍ക്ക് നല്‍കി

ലഖ്‌നൗ- ഒരു ലിറ്റര്‍ പാല്‍ ഒരു ബക്കറ്റ് വെള്ളത്തില്‍ ഒഴിച്ച് 81 കുട്ടികള്‍ക്ക് ഉച്ചഭക്ഷണ പദ്ധതിയില്‍ വിതരണം ചെയ്ത സംഭവം സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ഉത്തര്‍പ്രദേശ് മിര്‍സാപൂരിലെ ആദിവാസി മേഖലയിലെ പ്രൈമറി സ്‌കൂളിലായിരുന്നു സംഭവം.  സ്‌കൂളിലെ

ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസര്‍ പറഞ്ഞു. സ്‌കൂളിലെ 171 കുട്ടികളാണ് ഉച്ചഭക്ഷണ പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. സംഭവം നടക്കുന്ന ദിവസം 81 കുട്ടികള്‍ മാത്രമാണ് ഹാജരായത്. ഇവര്‍ക്ക് എല്ലാവര്‍ക്കുമാണ് ഒരു ലിറ്റര്‍ പാല്‍ ഒരു ബക്കറ്റ് വെള്ളത്തില്‍ കലക്കി വിതരണം ചെയ്തത്.

സര്‍ക്കാര്‍ ചട്ടങ്ങള്‍ പ്രകാരം ഉത്തര്‍പ്രദേശിലെ സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയില്‍ പാലും പുലാവും നിര്‍ബന്ധമാണ്. എന്നാല്‍ സോനഭദ്ര ജില്ലയിലെ പ്രൈമറി സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി അവതാളത്തിലാണെന്ന് പ്രദേശവാസികള്‍ പറയുന്നു.

നിതി ആയോഗിന്റെ കണക്കുകള്‍ പ്രകാരം ജില്ലയിലെ 56 ശതമാനം കുട്ടികള്‍ പോഷകാഹാര പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. ഇപ്പോള്‍ ഇത് 70 ശതമാനമായി ഉയരുമെന്നാണ് സാമൂഹ്യ വിദഗ്ധര്‍ വിലയിരുത്തുന്നത്. തണുപ്പില്‍ നിന്നും രക്ഷനേടാന്‍ കുട്ടികള്‍ക്ക് ഷൂസും കമ്പിളി ഉടുപ്പും വിതരണം ചെയ്യുന്നത് ആരംഭിച്ചെങ്കിലും സോനഭദ്ര ജില്ലയിലെ കുട്ടികള്‍ക്ക് ഇനിയും ലഭിച്ചിട്ടില്ലെന്നും രക്ഷിതാക്കള്‍ പറയുന്നു.

 

Latest News