Sorry, you need to enable JavaScript to visit this website.

യൂണിഫോം തയാറാക്കാൻ അടിവസ്ത്രം ധരിച്ച ഫോട്ടോകൾ; ഡച്ച് സൂപ്പർമാർക്കറ്റും ആപ്പും വിവാദത്തിൽ 

ജീവനക്കാർ അടിവസ്ത്രങ്ങൾ ധരിച്ച ഫോട്ടോകൾ അപ്‌ലോഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നവീന മൊബൈൽ ആപ്പ് പുറത്തിറക്കിയ നെതർലാൻഡ്‌സിലെ കമ്പനി വിവാദത്തിലായി. ജീവനക്കാർ ധരിക്കേണ്ട കോർപറേറ്റ് വസ്ത്രങ്ങൾ തയാറാക്കുന്നതിനാണ് സൂപ്പർ മാർക്കറ്റ് ശൃംഖലയുള്ള ആൽബർട്ട് ഹെയ്ജിൻ കമ്പനി സാഹസത്തിനു മുതിർന്നത്. വിവാദത്തെ തുടർന്ന് പുതിയ യൂണിഫോം തയാറാക്കുന്നതിന് അടിവസ്ത്രങ്ങൾ ധരിച്ച ചിത്രങ്ങൾ വേണമെന്ന നിബന്ധന പിൻവലിച്ച കമ്പനി ക്ഷമ ചോദിച്ചു. 


തുടക്കമെന്ന നിലയിൽ നെതർലാൻഡ്‌സിലെ നിജിമെജെൻ പട്ടണത്തിലെ സൂപ്പർമാർക്കറ്റിലുള്ള ജീവനക്കാരോടാണ് ആപ്ലിക്കേഷനിൽ ഫോട്ടോകൾ അപ് ലോഡ് ചെയ്യാൻ ആവശ്യപ്പെട്ടിരുന്നത്. ജീവനക്കാരെ ഇതു ഞെട്ടിച്ചുവെന്നും അവർ പരാതി നൽകിയെന്നും ഡച്ച് ദിനപത്രമായ എൻ.ആർ.സി റിപ്പോർട്ട് ചെയ്തതോടെയാണ് കമ്പനിക്ക് വീണ്ടുവിചാരമുണ്ടായത്. 
കോർപറേറ്റ് വസ്ത്രങ്ങൾ തീരുമാനിക്കുന്നതിൽ വ്യക്തികൾക്ക് പങ്കില്ലെന്നും ഫോട്ടോകൾ അയക്കുന്നില്ലെങ്കിൽ ജോലിയിൽ തുടരാനാവില്ലെന്നും മാനേജർ പറഞ്ഞുവെന്ന് 19 കാരനായ ജോച്ചം ഡി ഹേസ് വെളിപ്പെടുത്തി. 


മെച്ചപ്പെട്ട യൂണിഫോം നൽകുകയായിരുന്നു ലക്ഷ്യമെന്നും ഫോട്ടോകൾ നൽകാൻ ആരേയും നിർബന്ധിച്ചിട്ടില്ലെന്നും ആയിരം ഡെച്ച് സ്‌റ്റോറുകളുള്ള ആൽബർട്ട് ഹെയിജിൻ വൃത്തങ്ങൾ അവകാശപ്പെട്ടു. വസ്ത്രങ്ങളുടെ അളവ് വേഗത്തിലും ഫലപ്രദമായും നിർണയിക്കുന്നതിനുള്ള പരീക്ഷണമാണ് പുതിയ ആപ്പിലൂടെ നടത്താൻ ഉദ്ദേശിച്ചതെന്ന് കമ്പനി പ്രസ്താവനയിൽ പറഞ്ഞു. 
പാകത്തിലുള്ള വസ്ത്രങ്ങൾ, പ്രത്യേകിച്ച് അടിവസ്ത്രങ്ങൾ ധരിച്ച ഫോട്ടോകൾ അപ് ലോഡ് ചെയ്താൽ ആപ്പ് അത് വിശകലനം ചെയ്ത കൃത്യമായ അളവ് അറിയിക്കും. ആരേയും നിർബന്ധിച്ചിട്ടില്ലെന്നും ഇങ്ങനെ അപ് ലോഡ് ചെയ്യുന്ന ചിത്രങ്ങൾ മാനേജ്‌മെന്റിന് കാണാൻ കഴിയില്ലെന്നും പദ്ധതി വിവാദമായ സ്ഥതിക്ക് ഉപേക്ഷിക്കുകയാണെന്നും ക്ഷമ ചോദിച്ചുകൊണ്ടുള്ള പ്രസ്താവനയിൽ കമ്പനി വിശദീകരിച്ചു. 


എല്ലാ രംഗത്തും സാങ്കേതിക വിദ്യകൾ പരീക്ഷിക്കുന്നതിൽ മുന്നിട്ട് നിൽക്കുന്ന സൂപ്പർമാർക്കറ്റ് ചെയിനാണ് ആൽബർട്ടെങ്കിലും ഈ വർഷാദ്യം കമ്പനിയുടെ പരീക്ഷണങ്ങൾ പൊളിഞ്ഞ് സൂപ്പർമാർക്കറ്റുകളിൽ നീണ്ട ക്യൂ പ്രത്യക്ഷപ്പെട്ടിരുന്നു. 

 

Latest News