Sorry, you need to enable JavaScript to visit this website.

സൗദിയും യു.എ.ഇയും നാലു ധാരണാപത്രങ്ങൾ ഒപ്പിട്ടു

സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനെ അബുദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽനഹ്‌യാൻ സ്വീകരിക്കുന്നു. 
കിരീടാവകാശിയുടെ സന്ദർശനത്തോടനുബന്ധിച്ച് അബുദാബി അൽവതൻ കൊട്ടാരത്തിനു മുകളിൽ നടത്തിയ വ്യോമാഭ്യാസ പ്രകടനം.

അബുദാബി - സൗദി കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന് അബുദാബിയിൽ ഊഷ്മള സ്വീകരണം. അബുദാബി പ്രസിഡൻഷ്യൽ എയർപോർട്ടിലെത്തിയ കിരീടാവകാശിയെ അബുദാബി കിരീടാവകാശിയും യു.എ.ഇ സായുധസേനാ ഡെപ്യൂട്ടി സുപ്രീം കമാണ്ടറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽനഹ്‌യാനും ദേശീയ സുരക്ഷാ സുപ്രീം കൗൺസിൽ ഉപദേഷ്ടാവ് ശൈഖ് ത്വഹ്‌നൂൻ ബിൻ സായിദ് അൽനഹ്‌യാനും യു.എ.ഇയിലെ സൗദി അംബാസഡർ തുർക്കി അൽദഖീലും മറ്റു നേതാക്കളും സ്വീകരിച്ചു. 
ഔദ്യോഗിക സ്വീകരണം ഒരുക്കിയ അൽവതൻ കൊട്ടാരത്തിന്റെ പ്രവേശന കവാടത്തിൽ കുതിര പടയാളികൾ കിരീടാവകാശിയുടെ വാഹനവ്യൂഹത്തിന് അകമ്പടി സേവിച്ചു. കിരീടാവകാശിയെ വരവേറ്റ് 21 തവണ പീരങ്കിവെടികൾ മുഴങ്ങി. അൽവതൻ കൊട്ടാരത്തിൽ ഔദ്യോഗിക സ്വീകരണം നൽകി. പ്രാദേശിക കലാകാരന്മാർ അവതരിപ്പിച്ച പരമ്പരാഗത കലാരൂപങ്ങൾ ചടങ്ങ് വർണശബളമാക്കി. 


കിരീടാവകാശിയുടെ സന്ദർശനത്തോടനുബന്ധിച്ച് അൽവതൻ കൊട്ടാരത്തിനു മുകളിൽ സൗദി പതാകയിൽ അടങ്ങിയ ഹരിത, വെൺമ നിറങ്ങൾ മാനത്ത് വിതറി യു.എ.ഇ വിമാനങ്ങൾ അഭ്യാസ പ്രകടനങ്ങൾ നടത്തി. അൽവതൻ കൊട്ടാരവും ഹരിതവർണ ദ്വീപങ്ങളാൽ അലംകൃതയായി. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ദുബായിലെ ബുർജ് ഖലീഫയും ഹരിത പതാകയണിഞ്ഞു. യു.എ.ഇയിലെ പ്രധാന നഗരങ്ങളിലെ റോഡുകളിലും ചത്വരങ്ങളിലും കെട്ടിടങ്ങളിലുമെല്ലാം സൗദി, യു.എ.ഇ പതാകകളും മുഹമ്മദ് ബിൻ സൽമാൻ രാജാവിന്റെ ഫോട്ടോകളും ഉയർത്തിയിരുന്നു.  
മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെയും ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽനഹ്‌യാന്റെയും അധ്യക്ഷതയിൽ  വൈകീട്ട് സൗദി-യു.എ.ഇ ഏകോപന സമിതി രണ്ടാമത് യോഗം ചേർന്നു. ഇരു രാജ്യങ്ങളും നാലു ധാരണാപത്രങ്ങൾ ഒപ്പുവെക്കുകയും ഏഴു തന്ത്രപ്രധാന പദ്ധതികളെ കുറിച്ച് വിശകലനം നടത്തുകയും ചെയ്തു. സൗദി അറേബ്യയും യു.എ.ഇയും സർവ മേഖലകളിലും തന്ത്രപ്രധാന ബന്ധങ്ങളുടെ സംയോജനം ശക്തമാക്കുന്നതുമായി മുന്നോട്ടുപോകുമെന്ന് അബുദാബി കിരീടാവകാശി പറഞ്ഞു. 

Latest News