ദുബായ്- കേരളത്തിന്റെ പാരമ്പര്യ കലകള്‍ ഒരിക്കല്‍കൂടി ദുബായിലെ അരങ്ങിലെത്തുകയാണ്. ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ സഹകരണത്തോടെ ഇന്റര്‍നാഷണല്‍ കൂടിയാട്ടം കഥകളി ഉത്സവം പതിമ്മൂന്നാം വര്‍ഷത്തിലേക്ക് പ്രവേശിക്കുകയാണ്. നവംബര്‍ 29, 30 ഡിസംബര്‍ 1, 2 തീയതികളില്‍ ജെംസ് വെല്ലിങ്ടന്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തിലാണ് കൂടിയാട്ടവും കഥകളിയും പഞ്ചവാദ്യവും തായമ്പകയുമെല്ലാം അരങ്ങേറുന്നത്.
ഈ വര്‍ഷത്തെ ഉത്സവത്തില്‍ ആദ്യദിവസം മദ്ദളകേളിയും തുടര്‍ന്ന് കൂടിയാട്ടം ശൂര്‍പ്പണഖാംഗം ഒന്നാംഭാഗവും അവതരിപ്പിക്കും. ഒന്നാം ദിവസം കഥകളിയായി കോട്ടയം തമ്പുരാന്റെ കിര്‍മീരവധം ആട്ടക്കഥയാണ് അവതരിപ്പിക്കുന്നത്. കലാമണ്ഡലം പ്രദീപ്കുമാര്‍ ധര്‍മപുത്രരായും പീശപ്പള്ളി രാജീവന്‍ ലളിതയായും കലാമണ്ഡലം ഷണ്‍മുഖദാസ് സിംഹികയായും രംഗത്തെത്തും. തുടര്‍ന്ന് ഉത്സവത്തിന്റെ ഔദ്യോഗികമായ ഉദ്ഘാടനം കോണ്‍സല്‍ ജനറല്‍ വിപുല്‍ നിര്‍വഹിക്കും. തുടര്‍ന്ന് പനമണ്ണ ശശിയുടെ സിംഗിള്‍ തായമ്പക.
രണ്ടാം ദിവസത്തിന് ശൂര്‍പ്പണഖാങ്കം രണ്ടാംഭാഗം കൂടിയാട്ടം അവതരണത്തോടെ തുടക്കവും കഥകളിക്ക് ശേഷം മട്ടന്നൂര്‍ ശ്രീകാന്തിന്റെ സിംഗിള്‍ തായമ്പകയുടെ നിറവില്‍ വിരാമവുമാവും. മൂന്നാംദിവസം കൂടിയാട്ടം, തായമ്പക, കഥകളി. പനമണ്ണ ശശി, മട്ടന്നൂര്‍ ശ്രീരാജ് എന്നിവരുടെ ഡബിള്‍ തായമ്പക.
അവസാനദിവസം കെ.ബി. രാജാനന്ദന്‍ നയിക്കുന്ന കഥകളി പരിചയ കളരി. തുടര്‍ന്ന് ബാലിവധം കഥകളിയാണ്. പതിവ് തായമ്പകക്ക് പകരം ചോറ്റാനിക്കര സുഭാഷ്, അരുണ്‍ദേവ് വാര്യര്‍, ഒറ്റപ്പാലം ഹരി, പനമണ്ണ ശശി, ഓടക്കാലി മുരളി, പാഞ്ഞാള്‍ വേലുക്കുട്ടി തുടങ്ങിയവരുള്‍പ്പെടുന്ന പഞ്ചവാദ്യമേളത്തിന്റെ ലഹരിയിലാവും ഉത്സവം സമാപിക്കുന്നത്.






