അഫ്ഗാനില്‍ കീഴടങ്ങിയ ഐ.എസുകാരില്‍ തിരുവനന്തപുരത്തെ നിമിഷ ഫാത്തിമയും

തിരുവനന്തപുരം- കഴിഞ്ഞ പത്ത് ദിവസത്തിനിടെ അഫ്ഗാനില്‍ കീഴടങ്ങിയ ഐ.എസ് പോരാളികളില്‍ തിരുവനന്തപുരം സ്വദേശിനി നിമിഷ ഫാത്തിമയും കുടുംബവുമുള്ളതായി റിപ്പോര്‍ട്ട്. മകളും കുടുംബവും കീഴടങ്ങിയവരുടെ കൂട്ടത്തിലുണ്ടെന്നു വിവരം ലഭിച്ചതായി തിരുവനന്തപുരം ആറ്റുകാല്‍ സ്വദേശിനി ബിന്ദു അറിയിച്ചു. കാസര്‍കോട് പടന്ന സ്വദേശി അബ്ദുല്‍ റഷീദിനോടൊപ്പം ഐ.എസില്‍ ചേരാന്‍ പോയ ആയിശയെന്ന സോണിയ സെബാസ്റ്റിയന്‍ കീഴടങ്ങിയവരുടെ കൂട്ടത്തിലുണ്ടെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

അഫ്ഗാന്‍ അധികൃതര്‍ ഔദ്യോഗികമായ അറിയിച്ചിട്ടില്ലെങ്കിലും പുറത്തുവിട്ട ചിത്രങ്ങളില്‍നിന്നാണ് മകളുടെ കുടുംബത്തെ  തിരിച്ചറിഞ്ഞതെന്ന് ബിന്ദു പറഞ്ഞു.

2016 ജൂലായിലാണ് നിമിഷയെ കാണാതായത്. കാസര്‍കോട്ടുനിന്നു ഐ.എസില്‍ ചേരാന്‍ അഫ്ഗാനിലേക്കു പോയ സംഘത്തിനൊപ്പമാണ് നിമിഷയും പോയിരന്നത്.  നിമിഷയ്‌ക്കൊപ്പം ഭര്‍ത്താവ് ഈസ, മകള്‍ മൂന്നുവയസ്സുകാരി ഉമ്മക്കുല്‍സു എന്നിവരുമുള്ളതായി ബിന്ദു പറയുന്നു.

കഴിഞ്ഞവര്‍ഷം നവംബറിലാണ് ഇവര്‍ അവസാനമായി ബന്ധപ്പെട്ടതെന്നും അന്ന് ചെറുമകളുടെ ചിത്രം കൈമാറിയിരുന്നുവെന്നും ബിന്ദു പറഞ്ഞു.  

കാസര്‍കോട് പൊയിനാച്ചി സെഞ്ചുറി ഡെന്റല്‍ കോളേജില്‍ അവസാനവര്‍ഷ ബി.ഡി.എസ്. വിദ്യാര്‍ഥിനിയായിരുന്ന നിമിഷ പഠനകാലത്തെ സൗഹൃദത്തിലാണ് ക്രിസ്ത്യന്‍ മതവിശ്വാസിയായ പാലക്കാട് സ്വദേശി ബെക്‌സണ്‍ വിന്‍സെന്റിനെ വിവാഹം ചെയ്തത്. തുടര്‍ന്ന് ഇരുവരും ഇസ്ലാംമതം സ്വീകരിച്ചു.

 

 

 

Latest News