അബുദാബി- ഇന്ത്യന്‍ വ്യവസായി ഫിറോസ് മര്‍ച്ചന്റിന്റെ കാരുണ്യത്തില്‍ യു.എ.ഇയിലെ ജയിലുകളില്‍നിന്ന് മലയാളികള്‍ ഉള്‍പ്പെടെ 700 തടവുകാരുടെ മോചനത്തിനു വഴിയൊരുങ്ങുന്നു. ശിക്ഷാ കാലവധി കഴിഞ്ഞിട്ടും പിഴ അടക്കാനില്ലാത്തതിനാല്‍ ജയിലുകളില്‍ തുടരേണ്ടിവന്ന തടവുകാരുടെ ബാധ്യത തീര്‍ക്കാന്‍ പ്യുവര്‍ ഗോള്‍ഡ് ഗ്രൂപ്പ് ചെയര്‍മാന്‍ ഫിറോസ് മര്‍ച്ചന്റ് 10 ലക്ഷം ദിര്‍ഹം (ഏതാണ്ട് 2 കോടിയോളം രൂപ) നല്‍കി. സഹിഷ്ണുതാ വര്‍ഷം, യു.എ.ഇയുടെ 48 ാമത് ദേശീയ ദിനാഘോഷം എന്നിവയോടനുബന്ധിച്ചാണ് തന്റെ പ്രവൃത്തിയെന്ന് ഫിറോസ് മര്‍ച്ചന്റ് അറിയിച്ചു.
ഇന്ത്യ, പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ഇറാഖ്, ഫിലിപ്പീന്‍സ്, റഷ്യ, തായ്‌ലാന്‍ഡ് തുടങ്ങി 30 രാജ്യക്കാര്‍ക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കും. യു.എ.ഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാനില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചതെന്നും ഫിറോസ് മര്‍ച്ചന്റ് പറഞ്ഞു. അജ്മാന്‍ ജയിലിലുള്ള 150 പേരെയും ഫുജൈറ ജയിലിലെ 160 പേരെയുമാണ് ആദ്യം മോചിപ്പിക്കുന്നത്. ശേഷിച്ചവര്‍ മറ്റ് എമിറേറ്റില്‍നിന്നുള്ളവരായിരിക്കും.
സമൂഹത്തോടുള്ള ഉത്തരവാദിത്തമാണ് ഫിറോസ് നിര്‍വഹിച്ചതെന്നു അജ്മാന്‍ പൊലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ ശൈഖ് സുല്‍ത്താന്‍ ബിന്‍ അബ്ദുല്ല അല്‍ നുഐമി പറഞ്ഞു.






