പാര്‍ലമെന്റില്‍ കോണ്‍ഗ്രസ് പ്രതിഷേധം, ബഹളം; ഹൈബിയേയും പ്രതാപനേയും സ്പീക്കര്‍ പുറത്താക്കി

ന്യൂദല്‍ഹി- മഹാരാഷ്ട്രയില്‍ കേന്ദ്ര സര്‍ക്കാര്‍ ഒത്താശയോടെ ബിജെപി നടത്തിയ അസാധാരണ നീക്കത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് എംപിമാര്‍ പാര്‍ലമെന്റില്‍ ബഹളംവച്ചു. മുദ്രാവാക്യങ്ങളുമായി കോണ്‍ഗ്രസ് അംഗങ്ങള്‍ ലോക്‌സഭയില്‍ നടുത്തളത്തിലിറങ്ങി. പ്രതിഷേധിച്ച ഹൈബി ഈഡനേയും ടി എന്‍ പ്രതാപനേയും സ്പീക്കര്‍ ഓം ബിര്‍ല സഭയില്‍ നിന്നു പുറത്താക്കി. സഭ ചേര്‍ന്നയുടന്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ ജനാധിപത്യത്തെ കൊലചെയ്യുന്നത് അവസാനിപ്പിക്കൂ എന്നെഴുതിയ പ്ലക്കാര്‍ഡുകളും മുദ്രാവാക്യങ്ങളും ഉയര്‍ത്തുകയായിരുന്നു. പ്ലക്കാര്‍ഡ് ഒഴിവാക്കാന്‍ സ്പീക്കര്‍ ആവശ്യപ്പെട്ടെങ്കിലും കോണ്‍ഗ്രസ്് എംപിമാര്‍ കൂട്ടാക്കിയില്ല. തുടര്‍ന്നാണ് സ്പീക്കര്‍ അംഗരക്ഷകരെ ഇറക്കി പ്രതിഷേധക്കാരെ നേരിട്ടത്. സഭാ മാര്‍ഷല്‍മാര്‍ ഇടപെട്ടതോടെ രമ്യ ഹരിദാസ് ഉള്‍പ്പെടെയുള്ള എംപിമാര്‍ അവരുമായി വാഗ്വാദമുണ്ടാക്കി. ഡീന്‍ കൂര്യാക്കോസ് മാര്‍ഷല്‍മാരെ തടയാനും ശ്രമിച്ചു. കോണ്‍ഗ്രസിനൊപ്പം ഡിഎംകെ, ഇടതു കക്ഷികള്‍ തുടങ്ങിയ പ്രതിപക്ഷ കക്ഷികള്‍ കൂടി ബിജെപിക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ രാജ്യസഭയിലും ബഹളമുണ്ടായി. സഭ രണ്ടു മണി വരെ നിര്‍ത്തിവച്ചു.

പുറത്തിറങ്ങിയ കോണ്‍ഗ്രസ് എംപിമാര്‍ പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധിയുടെ നേതൃത്വത്തില്‍ പാര്‍ലമെന്റ് വളപ്പിലെ ഗാന്ധി പ്രതിമയ്ക്കു സമീപം പ്രതിഷേധ ധര്‍ണ നടത്തി. ബിജെപി ജനാധിപത്യത്തെ കശാപ്പു ചെയ്യുകയാണെന്നും കുതിരക്കച്ചവടം അവസാനിപ്പിക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
 

Latest News