ന്യൂദല്‍ഹി- മഹരാഷ്ട്രയില്‍ അപ്രതീക്ഷിതമായി ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിച്ചതിനെതിരെ എന്‍.സി.പി, ശിവസേന, കോണ്‍ഗ്രസ് പാര്‍ട്ടികള്‍ സമര്‍പ്പിച്ച ഹരജിയില്‍ സുപ്രീം കോടതി രണ്ടാം ദിവസത്തെ വാദം കേള്‍ക്കുന്നു. ഭൂരിപക്ഷമുണ്ടെങ്കില്‍ പിന്നെ എന്തിനു വിശ്വാസ വോട്ടിനെ ഭയക്കുന്നുവെന്ന് കേന്ദ്രസര്‍ക്കാറും ബി.ജെ.പിയും ഉന്നയിച്ച വാദങ്ങള്‍ക്ക് മറുപടിയായി ശിവസേനക്കുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് കപില്‍ സിബല്‍ ചോദിച്ചു.
തെരഞ്ഞെടുപ്പിനു മുമ്പ് ഉണ്ടാക്കിയ ധാരണകളും വാഗ്ദാനങ്ങളും പാലിക്കാത്തതിനാലാണ് ശിവസേന-ബി.ജെ.പി സഖ്യം തകര്‍ന്നതെന്ന് അദ്ദേഹം പറഞ്ഞു.
സര്‍ക്കാര്‍ രൂപീകരണത്തിലേക്ക് നയിച്ച രേഖകള്‍ സുപ്രീം കോടതി പരിശോധിക്കുകയാണ്. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് മഹാരാഷ്ട്ര ഗവര്‍ണറുടേയും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റേയും കത്തുകള്‍ സമര്‍പ്പിച്ചത്.
ഉപമുഖ്യമന്ത്രിയായി സ്ഥാനമേറ്റ അജിത് പവാര്‍ 54 എം.എല്‍.എമാരുടെ പിന്തുണക്കത്ത് നല്‍കിയിരുന്നു. ശിവസേന, എന്‍.സി.പി, കോണ്‍ഗ്രസ് പാര്‍ട്ടികളെ സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ ക്ഷണിച്ചിരുന്നുവെന്നും അവര്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചിരുന്നതെന്നും സോളിസിറ്റര്‍ ജനറല്‍ ബോധിപ്പിച്ചു.
അജിത് പവാറിന്റെ കത്ത് കൃത്രിമമാണെന്ന് ആരും വാദിക്കാത്തതിനാല് ഹരജികള്‍ നിലനില്‍ക്കുന്നതല്ലെന്നും ബി.ജെ.പിക്കും ഏതാനും സ്വതന്ത്ര എം.എല്‍.എമാര്‍ക്കും വേണ്ടി ഹാജരായ അഭിഭാഷകന് മുകള്‍ റോത്തഗി വാദിച്ചു. നിശ്ചിത സമയത്തിനകം വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ കോടതിക്ക് നിര്‍ദേശിക്കാനാകുമോ എന്നും റോത്തഗി ചോദിച്ചു. ഒരു പാര്‍ട്ടിയെ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഗവര്‍ണറുടെ വിവേചന തീരുമാനത്തില്‍ കോടതിക്ക് ഇടപെടാനാകില്ലെന്നും ബി.ജെ.പി വാദിച്ചു.
നിശ്ചിത സമയത്തിനകം വിശ്വാസവോട്ടെടുപ്പ് നടത്താന്‍ ഏതെങ്കിലും ഒരു പാര്‍ട്ടിക്ക് ആവശ്യപ്പെടാനാവില്ലെന്ന് 24 മണിക്കൂറിനകം വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന ഹരജിക്കാരുടെ ആവശ്യത്തെ ചോദ്യം ചെയ്ത് കേന്ദ്ര സര്‍ക്കാരിനുവേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു. ഇത്തരം കാര്യങ്ങളില്‍ സ്പീക്കറുടെ നടപടി മത്രമേ അഞ്ചംഗ ബെഞ്ചിനു പരിശോധിക്കാന്‍ അധികാരമുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.






