മുസഫര്‍നഗര്‍- ഹെര്‍ബര്‍ ഓയില്‍ പരസ്യത്തില്‍ അഭിനയിച്ച ബോളിവുഡ് നടന്‍മാരായ ജാക്കി ഷ്രോഫിനും ഗോവിന്ദയ്ക്കും പിഴ ചുമത്തി ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗര്‍ ഉപഭോക്തൃ കോടതി.
2012 ല്‍ അഭിഭാഷകനായ അഭിനവ് അഗര്‍വാള്‍ സമര്‍പ്പിച്ച ഹരജിയിലാണ് ഇരുവര്‍ക്കുമായി 20,000 രൂപ കോടതി പിഴ ചുമത്തിയത്.
15 ദിവസം കൊണ്ട് വേദനമാറിയില്ലെങ്കില്‍ മുടക്കിയ പണം തിരികെ നല്‍കുമെന്നായിരുന്നു കമ്പനിയുടെ അവകാശവാദം. എന്നാല്‍, 15 ദിവസം തുടര്‍ച്ചയായി ഉപയോഗിച്ചിട്ടും വേദനയക്ക് മാറ്റമില്ലാത്തതിനെ തുടര്‍ന്നാണ് അഭിനവ് അഗര്‍വാള്‍ ഉപഭോക്തൃ കോടതിയില്‍ പരാതി നല്‍കിയത്.
നടന്‍മാരായ ജാക്കി ഷ്രോഫും ഗോവിന്ദയുമായിരുന്നു ഹെര്‍ബല്‍ ഓയിലിന്റെ പരസ്യത്തിന്റെ അംബാസിഡര്‍മാര്‍. നടന്‍മാര്‍ അഭിനയിച്ച പരസ്യം വാഗ്ദാനം ചെയ്തതുപോലെ 15 ദിവസം കൊണ്ട് വേദനമാറിയില്ലെന്ന് അഭിനവ് പരാതിയില്‍ ആരോപിച്ചു.
എഴുപത് വയസ്സായ അച്ഛന്‍ ബ്രിജുഭൂഷണ് വേണ്ടി 3,600 രൂപ കൊടുത്താണ് വേദനാസംഹാരിയായ ഓയില്‍ വാങ്ങിയിരുന്നത്.
പരാതി നല്‍കി അഞ്ച് വര്‍ഷത്തിന് ശേഷമാണ് കോടതി വിധി. അഭിനവിന്റെ കയ്യില്‍ നിന്ന് വാങ്ങിയ 3,600 രൂപ ഒമ്പത് ശതമാനം വാര്‍ഷിക പലിശയുള്‍പ്പടെ തിരിച്ച് നല്‍കാന്‍ കമ്പനിക്ക് കോടതി നിര്‍ദേശം നല്‍കി. കൂടാതെ, കേസ് നടത്താന്‍ അഭിനവിന് ചെലവായ തുകയും കമ്പനി നല്‍കണം.






