Sorry, you need to enable JavaScript to visit this website.

മഴക്ക് ശമനം, യു.എ.ഇ മേഘാവൃതം

ദുബായ്- മഴക്ക് ശമനമായെങ്കിലും യു.എ.ഇ മേഘാവൃതം. പര്‍വതമേഖലകളില്‍ നേരിയ മഴപെയ്തു. കടല്‍ക്ഷോഭമുണ്ട്. തീരദേശ മേഖലകളിലാണ് മേഘം മൂടിയ അന്തരീക്ഷം. തണുപ്പു കൂടിയിട്ടുണ്ട്.
ഒമാനില്‍ പലയിടങ്ങളിലും  മഴപെയ്തു. വാദിയില്‍ ഒഴുക്കില്‍ കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെടുത്തു. റുസ്താഖ് വിലായത്തിലെ അല്‍ ഹൊഖൈന്‍ വാദിയില്‍നിന്നാണു 7ാം ക്ലാസ് വിദ്യാര്‍ഥി ഒഖാബ് അല്‍ മൊഖ്ബലി (15)യുടെ മൃതദേഹം കണ്ടെടുത്തത്. വ്യാഴാഴ്ചയാണ് ഒഴുക്കില്‍പെട്ടത്. കഴിഞ്ഞ ദിവസത്തെ മഴയില്‍ മത്ര സൂഖില്‍ വെള്ളംകയറി ആയിരക്കണക്കിനു റിയാലിന്റെ നഷ്ടം കണക്കാക്കുന്നു.
യുഎഇയില്‍ ഇനിയും മഴയ്ക്കു സാധ്യതയുണ്ടെന്നാണു കാലാവസ്ഥാ നിരീക്ഷകര്‍ നല്‍കുന്ന സൂചന. റാസല്‍ഖൈമയിലെ ജബല്‍ ജൈസ് മലനിരകളില്‍ ഇന്നലെ രാവിലത്തെ താപനില 5.2 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു.
വടക്കന്‍ എമിറേറ്റുകളിലെ താഴ്ന്ന മേഖലകളിലെ വെള്ളം ഇറങ്ങി. റോഡുകളിലെയും മറ്റും വെള്ളക്കെട്ട് ടാങ്കറുകള്‍ ഉപയോഗിച്ച് പൂര്‍ണമായും പമ്പ് ചെയ്തു നീക്കി. ഒമാനിലെ ഷര്‍ഖിയ, വുസ്ത, ദോഫാര്‍ ഗവര്‍ണറേറ്റുകളില്‍ ഇന്നലെ മഴപെയ്തു. രാജ്യത്തു തണുത്ത കാലാവസ്ഥയാണ്. കഴിഞ്ഞദിവസങ്ങളിലെ പെരുമഴയില്‍ പലയിടങ്ങളിലും കനത്ത നാശനഷ്ടമുണ്ടായി. മലയാളികള്‍ ഉള്‍പ്പെടെയുള്ളവരുടെ കച്ചവട സ്ഥാപനങ്ങളില്‍ വെള്ളം കയറി സാധനങ്ങള്‍ നശിച്ചു.

 

Latest News