ദുബായ്- ഇന്റര്‍പോള്‍ ഉദ്യോഗസ്ഥരെന്ന വ്യാജേന ഇന്ത്യക്കാരനെ അബുദാബിയിലെ ഒരു വില്ലയിലേക്ക് തട്ടിക്കൊണ്ടുപോയി വന്‍ തുക തട്ടിയെടുത്ത കേസില്‍ പ്രതികള്‍ക്ക് ശിക്ഷ. 36, 37 വയസ്സുള്ള രണ്ട് എമിറാത്തികളെ അഞ്ചു വര്‍ഷം തടവിനാണ് ദുബായ് പ്രാഥമിക കോടതി ശിക്ഷിച്ചത്. ഇന്റര്‍പോള്‍ ഉദ്യോഗസ്ഥരെന്ന വ്യാജേന 1.7 ദശലക്ഷം ദിര്‍ഹമാണ് പ്രതികള്‍ തട്ടിയെടുത്തത്.
2019 മേയില്‍ ബനിയാസില്‍ ഇന്ത്യക്കാരന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിന് സമീപത്തുവച്ചാണ് പ്രതികള്‍ പൊലീസ് ചമഞ്ഞ് തട്ടിപ്പ് നടത്തിയത്. കേസില്‍ പാക്ക് സ്വദേശിയായ ഒരാള്‍ ഉള്‍പ്പെടെ രണ്ടു പേരെക്കൂടി പിടികൂടാനുണ്ട്.
തട്ടിപ്പുകാര്‍ കാറില്‍ കയറ്റിയപ്പോള്‍ തന്നെ പോലീസ് അറസ്റ്റ് ചെയ്തുവെന്ന് പറഞ്ഞ് ഇയാള്‍ സഹപ്രവര്‍ത്തകന് സന്ദേശം അയച്ചിരുന്നു. അദ്ദേഹം ഉടന്‍ പൊലീസുമായി ബന്ധപ്പെട്ടിരുന്നു. അതിനാല്‍ ഉടന്‍ തന്നെ പോലീസെത്തി ഇവരെ പിടികൂടി.