മനാമ - ഇറാന്റെ ആഭ്യന്തര കാര്യങ്ങളിൽ ഗൾഫ് സഹകരണ കൗൺസിൽ ഇന്നുവരെ ഇടപെട്ടിട്ടില്ലെന്നും ഇറാന്റെ ആഭ്യന്തര കാര്യങ്ങളിൽ ഗൾഫ് രാജ്യങ്ങൾ ഒരിക്കലും ഇടപെടുകയുമില്ലെന്നും ബഹ്‌റൈൻ വിദേശ മന്ത്രി ശൈഖ് ഖാലിദ് ബിൻ അഹ്മദ് അൽഖലീഫ അഞ്ചാമത് മനാമ ഡയലോഗിൽ പറഞ്ഞു.
മേഖലയുടെ സുരക്ഷക്കും ഭദ്രതക്കും ഇറാൻ ഏറ്റവും വലിയ ഭീഷണിയാണ്. ഭീകരതക്കും ഹിസ്ബുല്ല അടക്കമുള്ള ഭീകര മീലീഷ്യകൾക്കും പിന്തുണ നൽകുന്നതും വിപുലീകരണ നയവും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവും ഇറാൻ തുടരുകയാണ്.
സൗദിയിലെ എണ്ണ വ്യവസായ കേന്ദ്രങ്ങൾക്കും ഒമാൻ ഉൾക്കടലിൽ കപ്പലുകൾക്കും നേരെ ഇറാൻ ആക്രമണങ്ങൾ നടത്തി. സമുദ്ര ഗതാഗത സുരക്ഷക്ക് ഇറാൻ ഭീഷണി സൃഷ്ടിക്കുകയാണ്. മേഖലാ രാജ്യങ്ങളുടെയും ജനങ്ങളുടെയും ക്ഷേമത്തിനു വേണ്ടി ഗൾഫ് രാജ്യങ്ങൾ നടത്തുന്ന ശ്രമങ്ങൾക്ക് ഇറാൻ പ്രതിബന്ധങ്ങൾ സൃഷ്ടിക്കുന്നു.
മേഖലാ രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിലെ ഇടപെടലുകളിൽ നിന്ന് ഇറാനെ അകറ്റിനിർത്തുന്നതിനും മറ്റു രാജ്യങ്ങളുടെ സ്വാതന്ത്ര്യവും പരമാധികാരവും മാനിക്കുന്നതിന് ഇറാനെ നിർബന്ധിക്കുന്നതിനും ആഗോള സമൂഹം കൂടുതൽ ശ്രമങ്ങൾ നടത്തണം. മേഖലയുടെ സുരക്ഷക്കും ഭദ്രതക്കും ഗൾഫ് രാജ്യങ്ങളും ഈജിപ്തും ജോർദാനും സുപ്രധാന പങ്കാണ് വഹിക്കുന്നത്.
അധിനിവിഷ്ട അറബ് പ്രദേശങ്ങളിലെ ജൂത കുടിയേറ്റ കോളനികളുടെ നിർമാണം, ഗോലാൻ കുന്നുകളുടെ അധിനിവേശം എന്നിവ അടക്കം അന്താരാഷ്ട്ര നിയമങ്ങൾക്കും മാനദണ്ഡങ്ങൾക്കും നിരക്കാത്ത ഇസ്രായിലിന്റെ പ്രവർത്തനങ്ങളിൽ ആഗോള സമൂഹം ശക്തമായ നിലപാട് സ്വീകരിക്കണം. അന്താരാഷ്ട്ര നിയമങ്ങൾക്കും അറബ് സമാധാന പദ്ധതിക്കും അനുസൃതമായി ദ്വിരാഷ്ട്ര പരിഹാരത്തിന്റെ അടിസ്ഥാനത്തിലല്ലാതെ പശ്ചിമേഷ്യയിൽ സമാധാനം യാഥാർഥ്യമാകില്ലെന്നും ബഹ്‌റൈൻ വിദേശ മന്ത്രി ശൈഖ് ഖാലിദ് ബിൻ അഹ്മദ് അൽഖലീഫ പറഞ്ഞു.