സ്മാർട്ട് റൂമുകളല്ല വേണ്ടത്, മനുഷ്യത്വം 

കേരളത്തെ കുറിച്ചുള്ള പൊങ്ങച്ചവും കാപട്യവും നിറഞ്ഞ അവകാശവാദങ്ങളുടെ ജീവിക്കുന്ന രക്തസാക്ഷികളാണ് ആ പെൺകുട്ടിയുടെ മാതാപിതാക്കൾ. പൊതുവിദ്യാലയങ്ങളെല്ലാം ഹൈടെക്കായി എന്നവകാശപ്പെട്ടുള്ള പ്രചാരണത്തിൽ വിശ്വസിച്ചായിരിക്കും അവർ തങ്ങളുടെ മകളെ ഈ വർഷം ആ വിദ്യാലയത്തിൽ ചേർത്തത്. സംഭവിച്ചതോ? മലയാളി എപ്പോഴും പുച്ഛിക്കുന്ന യു.പിയിൽ പോലും നടക്കാത്ത വിധം ക്ലാസ് മുറിയിൽ വെച്ച് പാമ്പുകടിക്കുക. കുട്ടിയും കൂട്ടുകാരികളും കരഞ്ഞു പറഞ്ഞിട്ടും പിതാവ് വരുന്നതുവരെ കുട്ടിയെ അവിടെതന്നെ ഇരുത്തുക. പിതാവ് എത്തി മകളെ കൊണ്ടുപോയപ്പോഴാവട്ടെ ആരോഗ്യ മേഖലയിൽ ഒന്നാം സ്ഥാനത്തെന്നവകാശപ്പെടുന്ന സംസ്ഥാനത്ത് നാലു ആശുപത്രികളിലെത്തിയിട്ടും ചികിത്സ ലഭിക്കാതെ കുഞ്ഞു മരിക്കുക. ഇതൊക്കെയാണോ നമ്പർ വൺ സംസ്ഥാനത്തിന്റെ ലക്ഷണങ്ങൾ?
ക്ലാസ് മുറിയിൽവെച്ച് പാമ്പുകടിയേറ്റ് മകളെ ആശുപത്രിയിൽ എത്തിക്കാൻ താൻ സ്‌കൂളിൽ എത്തുന്നതുവരെ കാത്തിരുന്നത് ഗുരുതര വീഴ്ചയാണെന്ന് ഷഹല ഷെറിന്റെ പിതാവ് അഡ്വ. അസീസ് പറഞ്ഞു. മുറിവേറ്റ ഭാഗം നീലിച്ചതായി കണ്ടപ്പോൾ തന്നെ പാമ്പു കടിയേറ്റതാണെന്ന് തനിക്ക് വ്യക്തമായിരുന്നു എന്നുമദ്ദേഹം പറഞ്ഞു. തീർച്ചയായും ആരോപണ വിധേയനായ സയൻസ് അധ്യാപകനും അതു മനസ്സിലാകാതിരിക്കാൻ സാധ്യതയില്ലല്ലോ. മുറിവിനുമീതെ കെട്ടുകയും ചെയ്തിരുന്നു. എന്നിട്ടും ഒന്നര കിലോമീറ്റർ അകലെയുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയില്ല എന്നതിൽ നിന്നാരംഭിക്കുന്നു തെറ്റുകൾ. പിന്നീട് സംഭവിച്ചത് അതിനേക്കാൾ ഭീകരമായ സംഭവങ്ങളായിരുന്നു. ആദ്യമെത്തിയ അസംപ്ഷൻ ആശുപത്രിയിൽ ആന്റിവെനം ഇല്ലാത്തതിനാൽ ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് റഫർ ചെയ്തു. അവിടെ ആന്റിവെനം ഉണ്ടായിരുന്നു. പക്ഷേ, നൽകിയില്ല എന്നതായിരുന്നു കുഞ്ഞിന്റെ മരണം ഉറപ്പാക്കിയത്. അവിടെനിന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിക്കുമ്പോഴേക്കും കുഞ്ഞ് ജീവിച്ചിരിക്കില്ല എന്നു മനസ്സിലാക്കാൻ എം.ബി.ബി.എസൊന്നും പഠിക്കേണ്ട കാര്യമില്ല. അക്കാര്യം മനസ്സിലാക്കിയ കുട്ടിയുടെ പിതാവ് ആന്റിവെനം നൽകണമെന്ന് ആവശ്യപ്പെട്ടിട്ടും റിസ്‌ക്ക് ഏറ്റെടുത്തു കൊള്ളാം എന്ന് ഉറപ്പു നൽകിയിട്ടും നൽകിയില്ല. ബത്തേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടറുടെ ഭാഗത്തുനിന്നും ഉണ്ടായത് ഗുരുതരമായ കൃത്യവിലോപം തന്നെയാണ്. അവിടെ ചികിത്സിക്കുമ്പോൾ ഉണ്ടാകുന്ന റിസ്‌കും മണിക്കൂറുകൾ യാത്ര ചെയ്യുമ്പോൾ ഉണ്ടാകുന്ന റിസ്‌കും താരതമ്യം ചെയ്താൽ റിസ്‌ക് കുറഞ്ഞത് ഏതാണെന്ന് ആർക്കും എളുപ്പം മനസ്സിലാകും. എന്നാൽ ഡോക്ടർക്കത് മനസ്സിലായില്ല. മനസ്സിലായിട്ടുണ്ടെങ്കിൽ തന്നെ ചെയ്തില്ല.
കേരളത്തിലെ വിദ്യാഭ്യാസ മേഖലയും ആരോഗ്യ മേഖലയും നേരിടുന്ന യഥാർത്ഥ പ്രശ്നം എന്താണെന്നതിന് പ്രതീകങ്ങളാണ് ആ അധ്യാപകനും ആ ഡോക്ടറും. കോടികൾ ചിലവഴിച്ച് കെട്ടിടങ്ങൾ കെട്ടിപ്പൊക്കിയതുകൊണ്ടോ സ്മാർട്ടാക്കിയതുകൊണ്ടോ നമ്മുടെ വിദ്യാഭ്യാസ ആരോഗ്യ മേഖലകൾ രക്ഷപ്പെടാൻ പോകുന്നില്ല. അതിനേക്കാൾ അനാരോഗ്യകരമായ പ്രവണതയാണ് യു.പിയും മറ്റ് പല സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്ത് പൊങ്ങച്ചം വിളിച്ചു പറയുന്നത്. ചരിത്രപരമായ കാരണങ്ങൾ കൊണ്ടുതന്നെ നമ്മുടെ പ്രാഥമിക വിദ്യാഭ്യാസ മേഖലയും ആരോഗ്യ മേഖലയും മുന്നിൽ തന്നെയാണ്. ദേശീയ പ്രസ്ഥാനവും നവോത്ഥാന മുന്നേറ്റങ്ങളും മിഷണറി പ്രവർത്തനങ്ങളും ഇടതുപക്ഷ പ്രവർത്തനവുമൊക്കെ അതിനു കാരണമാണ്. കേരള പിറവിക്കുശേഷം മാറി മാറി ഭരിച്ച ഇരുമുന്നണികളും അക്കാര്യത്തിൽ സംഭാവനകൾ നൽകിയിട്ടുമുണ്ട്. എന്നാൽ അതെല്ലാം പ്രാഥമിക തലത്തിൽ തന്നെ ഒതുങ്ങി എന്നതുവേറെ കാര്യം. ഗുണകരമായ ഉന്നത വിദ്യാഭ്യാസം ലഭിക്കണമെങ്കിൽ നമ്മുടെ വിദ്യാർഥികൾക്ക് സംസ്ഥാനം വിട്ടുപോകേണ്ട ഗതികേടാണ്. ആരോഗ്യ രംഗത്തും പ്രാഥമികമായ നേട്ടങ്ങൾ നേടിയെന്നല്ലാതെ നവീനമായ ജീവിതചര്യ രോഗങ്ങളാൽ രോഗാതുരമായ സമൂഹമായി നാം മാറികഴിഞ്ഞിരിക്കുന്നു. അതിനിടയിൽ ഇരുമേഖലകളിലും നേടിയ പ്രാഥമിക നേട്ടങ്ങളിൽ പോലും നാം പുറകോട്ടുപോയി. ഒരു വശത്ത് സമൂഹത്തോട് ഒരു പ്രതിബദ്ധതയുമില്ലാത്ത വിഭാഗങ്ങളായി സർക്കാർ അധ്യാപകരും ഡോക്ടർമാരും മാറി. മറുവശത്ത് കേരളത്തിലെ ഈ രണ്ടു മേഖലകളും രാജ്യത്തെ തന്നെ ഏറ്റവും കച്ചവടവൽക്കരിക്കപ്പെട്ട മേഖലകളായി മാറി. അക്കാര്യത്തിലും ഇരുമുന്നണികളും തങ്ങളുടെ പങ്കുവഹിച്ചു. സ്വകാര്യ സ്ഥാപനങ്ങൾക്ക് കൊള്ളയടിക്കാനുള്ള സ്രോതസ്സായി നമ്മുടെ വിദ്യാഭ്യാസ ആരോഗ്യ മേഖലകൾ മാറി. പൊതുമേഖലക്കുവേണ്ടി ഘോരഘോരം പ്രസംഗിക്കുന്നവരും ചികിത്സക്കും സ്വന്തം കുട്ടികളുടെ വിദ്യാഭ്യാസത്തിനും സ്വാകാര്യ മേഖലയെ തന്നെ ആശ്രയിച്ചു. പൊതുമേഖല ഏറെക്കുറെ തകർന്നു. പതിറ്റാണ്ടുകൾക്ക് ശേഷമാണ് ഇതിന്റെ ഭീകരത പൊതുസമൂഹത്തിനും പ്രസ്ഥാനങ്ങൾക്കും ബോധ്യമായത്. അതിന്റെ പ്രതിഫലനമാണ് ഇരുമേഖലകളേയും കുറിച്ച് സമീപകാലക്ക് കേൾക്കുന്ന വാചാടോപങ്ങൾ. ഇരുമേഖയിലേയും പ്രാഥമിക രംഗത്ത് കോടികളാണ് സർക്കാർ ചിലവഴിക്കുന്നത്. എന്നാൽ പണം ചിലവഴിച്ച് കെട്ടിടങ്ങൾ നിർമിച്ചോ സ്മാർട്ട് റൂമുകൾ ഉണ്ടാക്കിയോ ഒന്നും പരിഹരിക്കാവുന്നതല്ല നമ്മുടെ യഥാർത്ഥ പ്രതിസന്ധി. പൊതുമേഖലോടുള്ള അന്ധമായ വിധേയത്വവും ഗുണം ചെയ്യില്ല. 
ഈ സംഭവങ്ങളുണ്ടായത് സ്വകാര്യ സ്ഥാപനങ്ങളിലായിരുന്നു എങ്കിൽ നാമവ അടിച്ചു തകർക്കുമായിരുന്നു. പൊതുമേഖലക്ക് ഒരു പരിധിവരെ മാപ്പു നൽകുന്ന മനോഭാവം വലിച്ചെറിയേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ആദ്യപടി ഡോക്ടറായാലും അധ്യാപകനായാലും മറ്റാരായാലും മനുഷ്യരാകുക എന്നതാണ്, മനുഷ്യത്വമുണ്ടാകുക എന്നതാണ്, സഹജീവികളോട് സ്നേഹമുണ്ടാകുക എന്നതാണ്. അതില്ലാത്തതിന്റെ പ്രതിസന്ധിയാണ് കേരളം ഇപ്പോൾ നേരിടുന്നത്.

Latest News