പവലിയനിൽ രുചിക്കൊപ്പം കളിചിത്രങ്ങളും

ഇത് രുചിയുടെ പവലിയൻ; കളിചിത്രങ്ങളുടെയും. മലപ്പുറം നഗരത്തിലെ പവലിയൻ റസ്റ്റോറന്റിൽ എത്തിയാൽ സ്‌പോർട്‌സ് സെന്ററിൽ എത്തിയ പ്രതീതിയാണ്. പഴയകാല കായിക താരങ്ങളുടെ ചിത്രങ്ങൾ കണ്ട് രുചിയുള്ള വെജിറ്റേറിയൻ ഭക്ഷണം കഴിക്കാം. ഫുട്ബാളിനെ സ്‌നേഹിക്കുന്ന മലപ്പുറത്ത് ഹോട്ടൽ രംഗത്തെ വേറിട്ട കാഴ്ചയാണിത്.  
കായികതാരങ്ങളുടെ ചിത്രങ്ങളുള്ള സാധാരണ ബോർഡുകളോ ഫഌക്‌സോ കാണാതെ മലപ്പുറത്തുകൂടി വഴി നടക്കാനാവില്ല. റോഡരികിലോ വാഹനങ്ങളിലോ മറ്റു എവിടെയെങ്കിലുമായി ഒരു കായികതാരത്തിന്റെ ചിത്രമെങ്കിലും ഉറപ്പ്. 
സ്‌പോർട്‌സ് ഉത്പന്നങ്ങൾ വിൽക്കുന്ന കടയുടെ പരസ്യമായല്ല ഇതൊന്നും. സ്‌പോർട്‌സിനോടുള്ള ആരാധനതന്നെ കാരണം. പ്രത്യേകിച്ചും ഫുട്‌ബോളിനോട്. മറഡോണയോടുള്ള ആരാധന മൂത്ത് മകനു മറഡോണയെന്നു പേരിട്ട രക്ഷിതാവും മലപ്പുറത്തുണ്ട്. ഇങ്ങനെ വിവിധ സംഭവങ്ങൾക്കിടയിൽ മലപ്പുറത്തെ ഒരു റസ്റ്റോറന്റിൽ കായികതാരങ്ങളുടെ ചിത്രങ്ങൾ നിറഞ്ഞു നിൽക്കുന്നത് ശ്രദ്ധേയമാണ്. മലപ്പുറം കുന്നുമ്മലിൽ കോട്ടകുന്നിലേക്കുള്ള വഴിയിൽ 'കിളിയമണ്ണിൽ പ്ലാസ'യിൽ പ്രവർത്തിക്കുന്ന 'പവലിയൻ' എന്നു പേരുള്ള വെജിറ്റേറിയൻ റസ്റ്റോറന്റിൽ കടന്നുവന്നാൽ കായിക പ്രേമികളുടെ മനസ്സ് നിറയും. അത്രയ്ക്കുണ്ട് ചിത്രങ്ങൾ. ഏതെങ്കി ലും ഒരു സ് പോർട്‌സ് ക്ലബിൽ പതിച്ചിരിക്കുന്നതു പോലുള്ള വെറും ചിത്രങ്ങളല്ല ഇത്. ഭിത്തിനിറയെയുള്ള കായികതാരങ്ങളുടെ ചിത്രങ്ങൾ ഒരു ഓർമപ്പെടുത്തൽ കൂടിയാണ് സമ്മാനിക്കുന്നത്. മൈതാനങ്ങളിൽ ഇടിമുഴക്കങ്ങൾ സൃഷ്ടിച്ച ഒരുപാടു പേരുടെ നേർച്ചിത്രങ്ങൾ ഇവിടെ കാണാം. ഫുട്‌ബോൾ ഇതിഹാസം പെലെ മുതൽ മലപ്പുറത്തിന്റെ ഫുട്‌ബോൾ പെരുമ ഉയരങ്ങളിലെത്തിച്ച ഇന്റർനാഷനൽ മൊയ്തീൻകുട്ടി വരെ. 
അത്‌ലറ്റിക് രംഗത്ത് ഇന്ത്യയുടെ എക്കാലത്തെയും പേരായ പി.ടി.ഉഷ മുതൽ ലോകചാമ്പ്യൻ ഉസൈൻ ബോൾട്ട് വരെ. എക്കാലത്തെയും മികച്ചതാരമായി ക്രിക്കറ്റ് ലോകം വാഴ്ത്തുന്ന സർ ഡോൺ ബ്രാഡ്മാൻ മുതൽ സച്ചിൻ ടെൻഡുൽക്കർ വരെ. പോൾവാൾട്ടിൽ ചരിത്രം കുറിച്ച സെർജി ബുബ്ക, ബാസ്‌ക്കറ്റ് ബോൾതാരം മൈക്കൽ ജോർദാൻ തുടങ്ങിയവർ നടത്തിയ മുന്നേറ്റങ്ങൾ മറക്കാനാവില്ല. ഇവരുടെ കണ്ണഞ്ചിപ്പിക്കുന്ന ചിത്രങ്ങൾ ഭംഗിയായി ഫ്രെയിം ചെയ്ത് പ്രദർശിപ്പിച്ചിരിക്കുന്നതു കായിക പ്രേമികളുടെ മനം കവരും. 
കാറോട്ടത്തിനിടെ അപകടത്തിൽപ്പെട്ട് മരിച്ച പ്രിയതാരം അയർട്ടൻ സെന, പ്രശസ്ത ഫുട്‌ബോൾതാരം ജോർജ് ബെസ്റ്റ്, ഡീഗോ മറഡോണ, ടെന്നീസ് താരങ്ങളായ ബോറിസ്‌ബെക്കർ, പീറ്റ്‌സാംപ്രസ് എന്നിവരുടെ ചിത്രങ്ങളും ആകർഷകമാണ്.
ഇവയോടൊപ്പം കളിക്കിടെയുണ്ടായ അനിഷ്ടസംഭവങ്ങളുടെ ഏതാനും ചിത്രങ്ങളും പവലിയനിലുണ്ട്. ക്രിക്കറ്റിൽ എതിരാളികളെ കളിയാക്കുന്നതിൽ മുന്നിൽ നിൽക്കുന്നവരാണ് ഓസ്‌ട്രേലിയക്കാർ. അവരുടെ ഫാസ്റ്റ് ബൗളറായിരുന്ന ഡെന്നീസ് ലില്ലിയുടെ  നാവിന്റെ ചൂടറിഞ്ഞ എതിരാളികൾ പലരാണ്. 1981- ലെ പെർത്ത് ടെസ്റ്റിനിടെ ലില്ലി, റണ്ണിനായി ഓടിയ പാക് താരം മിയാൻദാദിനെ ബോധപൂർവം തടസ്സപ്പെടുത്തുകയും വാക്കുകൾ കൊണ്ടു കൊമ്പുകോർക്കുകയും ചെയ്തിരുന്നു. ഇതേത്തുടർന്ന് കുപിതനായി മിയാൻദാദ് ബാറ്റ് ചുഴറ്റി തല്ലാൻ ഓടിവന്നത് കായികലോകത്ത് ചർച്ചാവിഷയമായിരുന്നു. അമ്പയർ ടോണിക്രാഫ്ടർ ഇടയിൽ കയറി നിന്നാണ് സംഘർഷം ഒഴിവാക്കിയത്. 
മിയാൻദാദിനെയും ഡെന്നീസ് ലില്ലിയെയും ഓർക്കുമ്പോൾ ഈ സംഭവമാണ് ആദ്യം ഓർമ വരിക. ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ ത്രില്ലറുകളിൽ ഒന്നായ ഇംഗ്ലണ്ടിലെ നാസ്റ്റ് വെസ്റ്റ് ഫൈനലിൽ മാറിടം കാണിച്ച് അലറിയ  സൗരവ് ഗാംഗുലിയുടെ ചിത്രവും ഇവിടെ കാണാം.  
മറ്റൊന്നു ഫുട്‌ബോളിലാണ്. ഫ്രഞ്ച്താരം സിനദിൻ സിദാൻ ഇറ്റലിയുടെ മറ്റരാസിയെ തലകൊണ്ടിടിച്ചു വീഴ്ത്തുന്ന പടമാണ്. 2006 ലോകകപ്പിൽ ഫ്രാൻസും ഇറ്റലിയുമായി നടന്ന ഫൈനലിലായിരുന്നു ഇത്. മറ്റരാസി സിദാനോടു മോശമായി പെരുമാറിയതിനാണ് സിദാൻ ആക്രമിച്ചത്. ഫുട്‌ബോളിന് പേരുദോഷമുണ്ടാക്കിയ സംഭവമായിതുമാറി. ഇങ്ങനെ ഓരോ ചിത്രവും ഓരോ കഥ പറയുന്നു. ചിത്രങ്ങൾക്കിടയിൽ സച്ചിന്റെ ചെറുപ്രായവുമുണ്ട്. അസ്ഹറുദീന്റെ കൂടെ ഗ്രൗണ്ടിലേക്കു ഇറങ്ങിവരുന്ന സച്ചിന്റെ കുട്ടിക്കാലം ആരും നോക്കിനിന്നു പോകും. ക്രിക്കറ്റിൽ ലോകകപ്പ് നേടിയ ഇന്ത്യൻ ടീം, വിഖ്യാത ബോക്‌സിംഗ് താരം മുഹമ്മദലി എന്നിവരുടെ ചിത്രവും ആവേശം പകരും. ഇതിനോടൊപ്പം ഇംഗ്ലണ്ടിന്റെ ഫുട്‌ബോൾ താരമായിരുന്ന ഡേവിഡ് ബെക്കാമിന്റെ ഫ്രീകിക്കുകളുടെ ചാരുതയും തെളിഞ്ഞുകാണാം. 
ഇവയ്ക്കിടയിൽ മലപ്പുറത്തിന്റെ ഫുട്‌ബോൾ ചിത്രവുമുണ്ട്. 1950 കളിൽ മലപ്പുറത്തു നിറഞ്ഞുനിന്ന മൊയ്തീൻ റബർ എസ്റ്റേറ്റ് ഫുട്‌ബോൾ ക്ലബി (എം.ആർ.ഇ) ന്റെ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം കാണുമ്പോൾ ഓർമകൾ ഒരുപാട് പിറകോട്ടു പോകും. മാമ്മൻമാപ്പിള ട്രോഫി, ചാക്കോളാസ് ട്രോഫി എന്നി ടൂർണമെന്റിൽ പങ്കെടുത്ത ടീമായിരുന്നു എം.ആർ.ഇ ഇങ്ങനെ ഒരുപാട് ചിത്രങ്ങളാണ് റസ്റ്റോറന്റിൽ പതിച്ചിരിക്കുന്നത്.
പവലിയൻ റസ്റ്റോറന്റിന്റെ ഉടമസ്ഥനായ മലപ്പുറം കിളിയമണ്ണിൽ അജ്മലിന്റെ സ്‌പോർട്‌സ് കമ്പമാണ് ചിത്രങ്ങൾ സ്ഥാപിച്ചതിനു പിന്നിൽ. റസ്റ്റോറന്റിനെ 'പവലിയൻ' എന്നു പേരിട്ടതു മുതൽ തുടങ്ങുന്നു അജ്മലിന്റെ സ്‌പോർട്‌സ് പ്രേമം. പിന്നെ മലപ്പുറത്തിന്റെ കളിക്കമ്പവും. കായിക പ്രേമികൾ എക്കാലവും ഓർത്തുവെക്കുന്ന ഒരുപിടി ചിത്രങ്ങളാണിവ. മലപ്പുറത്ത് ഫുട്‌ബോളാണ് ഏറ്റവും പ്രിയമെങ്കിലും എല്ലാ കായികമത്സരങ്ങളെയും ഇഷ്ടപ്പെടുന്നവരാണ് മലപ്പുറത്തുകാർ. അതിനാലാണ് വിവിധ കായികയിനങ്ങളിലെ ചിത്രങ്ങൾ ശേഖരിച്ചതെന്ന് അദ്ദേഹം പറയുന്നു. 

Latest News