റിയാദ് - രണ്ടാമത് ദിർഇയ ഫോർമുല ഇ-പ്രി കാറോട്ട മത്സരത്തിന് വർണാഭമായ തുടക്കം. ദിർഇയ സിറ്റിയിൽ ഇലക്ട്രിക് കാറുകൾക്കുള്ള 'എ.ബി.ബി ഫോർമുല ഇ'യുടെ ഓപണിംഗ് റൗണ്ടിന് സാക്ഷ്യം വഹിക്കുന്നതിന് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും എത്തിയിരുന്നു. ഇന്റർനാഷണൽ ഓട്ടോമൊബൈൽ ഫെഡറേഷൻ (ഫെഡറേഷൻ ഇന്റർനാഷണൽ ഡി ല ഓട്ടോമൊബൈൽ) ആണ് 'എ.ബി.ബി ഫോർമുല ഇ' സംഘടിപ്പിക്കുന്നത്. ഇതോടെ ദിർഇയ സീസൺ പരിപാടികൾക്ക് തുടക്കമായി.
ബഹ്‌റൈൻ കിരീടാവകാശിയും സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാണ്ടറും ഒന്നാം ഉപപ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽഖലീഫ രാജകുമാരൻ, ബഹ്‌റൈൻ രാജാവിന്റെ പ്രതിനിധി ശൈഖ് നാസിർ ബിൻ ഹമദ് അൽഖലീഫ, ഇറ്റാലിയൻ മുൻ പ്രധാനമന്ത്രി മാറ്റിയൊ റെൻസി, യു.എ.ഇ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് സൈഫ് ബിൻ സായിദ് അൽനഹ്‌യാൻ, കുവൈത്ത് ഒളിംപിക്‌സ് കമ്മിറ്റി ചെയർമാൻ ശൈഖ് ഫഹദ് ബിൻ നാസിർ അൽസ്വബാഹ്, കുവൈത്ത് സ്പീക്കർ മർസൂഖ് അൽഗാനിം തുടങ്ങിയവർ 'എ.ബി.ബി ഫോർമുല ഇ' ഓപണിംഗ് റൗണ്ടിന് സാക്ഷ്യം വഹിക്കാൻ എത്തിയിരുന്നു.