ജിദ്ദ- ദിവസേന പതിനായിരകണക്കിന് സന്ദർശകർ എത്തുന്ന നോർത്ത് കോർണിഷിൽ ശൗച്യാലയങ്ങൾ അടച്ചുപൂട്ടിയത് സന്ദർശകർക്ക് ദുരിതം സമ്മാനിക്കുന്നു. അറ്റകുറ്റപ്പണികൾ നടത്തുന്നതിനെന്ന പേരിൽ രണ്ടു മാസത്തിലധികം മുമ്പാണ് നഗരസഭ കോർണിഷിലെ ടോയ്ലെറ്റ് സമുച്ചയങ്ങൾ അടച്ചുപൂട്ടിയത്. എന്നാൽ ഇതുവരെ അറ്റകുറ്റപ്പണികൾ ആരംഭിച്ചിട്ടില്ല. കോർണിഷിൽ ശൗച്യാലയങ്ങളില്ലാത്തതിൽ സന്ദർശകർ കടുത്ത അതൃപ്തി പ്രകടിപ്പിച്ചു.
നഗരസഭാധികൃതർ വാദിക്കുന്നതുപോലെ അറ്റകുറ്റപ്പണികൾക്ക് വേണ്ടിയല്ല ശൗച്യാലയങ്ങൾ അടച്ചിരിക്കുന്നതെന്ന് നാട്ടുകാർ പറയുന്നു. ഇവിടങ്ങളിൽ അറ്റകുറ്റപ്പണികൾ ആരംഭിച്ചതിന്റെ ഒരു ലക്ഷണങ്ങളുമില്ല. നല്ല കാലാവസ്ഥയായതിനാൽ ബീച്ചിലെത്തുന്ന സന്ദർശകരുടെ എണ്ണം വലിയ തോതിൽ വർധിച്ചിട്ടുണ്ട്.
പ്രമേഹ രോഗിയായ തന്റെ മാതാവ് കോർണിഷിലെ ശൗച്യാലയത്തിലേക്ക് പോയപ്പോൾ അടഞ്ഞുകിടക്കുന്നതാണ് കാണാനാതയെന്ന് സൗദി വനിത ഖദീജ അലി പറഞ്ഞു. അറ്റകുറ്റപ്പണികൾ നടക്കുന്നതിന്റെ ഒരുവിധ ലക്ഷണങ്ങളും അവിടെയുണ്ടായിരുന്നില്ല. പ്രദേശത്ത് ലൈറ്റും ഉണ്ടായിരുന്നില്ല. ഇതേ തുടർന്ന് കോർണിഷിനു സമീപത്തെ റെസ്റ്റോറന്റിലേക്ക് മാതാവിനെ കൊണ്ടുപോകുന്നതിന് താൻ നിർബന്ധിതയായി. എന്നാൽ ഭക്ഷണം കഴിക്കാത്തതിനാലും ഭക്ഷണം ഓർഡർ ചെയ്യാത്തതിനാലും റെസ്റ്റോറന്റിലെ ടോയ്ലെറ്റ് ഉപയോഗിക്കുന്നതിന് ജീവനക്കാർ തുടക്കത്തിൽ അനുവദിച്ചില്ല. മാതാവിന്റെ രോഗവിവരങ്ങൾ ബോധ്യപ്പെടുത്തിയതോടെയാണ് അവർ കാര്യം മനസ്സിലാക്കിയതെന്നും ഖദീജ അലി പറഞ്ഞു.
പ്രദേശത്തെ ടോയ്ലെറ്റുകൾ അടച്ചുപൂട്ടിയത് കുട്ടികൾ ഒപ്പമുള്ളവർക്ക് വലിയ പ്രയാസം സൃഷ്ടിക്കുന്നതായി സന്ദർശകർ പരാതിപ്പെട്ടു. എന്നാൽ കോർണിഷിലെ ടോയ്ലെറ്റുകളിൽ അറ്റകുറ്റപ്പണികൾ നടക്കുകയാണെന്നും വൈകാതെ ഇവ വീണ്ടും തുറക്കുമെന്നും ജിദ്ദ നഗരസഭ പറഞ്ഞു.






