Sorry, you need to enable JavaScript to visit this website.

ഓൺലൈൻ ഷോപ്പിംഗ് കാലത്തെ കുടുംബങ്ങൾ

'ബാപ്പ, ഞാനൊരു ബാഗ് വാങ്ങട്ടെ. പൈസ എന്റെടുത്തുണ്ട്. 'ഉമ്മയെ വീട്ടുജോലികളിൽ സഹായിച്ചും മിഠായികളൊന്നും വാങ്ങാതെയും അവൻ ഇരുനൂറ്റി പതിനഞ്ച് രൂപ സ്വരൂപിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം വൈകീട്ട് വാട്‌സാപ്പ് തുറന്നപ്പോൾ ഗ്രാമീണ വിദ്യാലയത്തിൽ ഏഴാം ക്ലാസിൽ പഠിക്കുന്ന മകൻ അയച്ച സന്ദേശം വായിച്ച് കുടുകുടെ ചിരിച്ച അനുഭവം ഒരു സുഹൃത്ത് പങ്കുവെച്ചത് ഓർക്കുന്നു. ഒരു സ്‌കൂൾ ബാഗ് ഓൺലൈൻ വഴി വാങ്ങാനാണ് അവൻ പദ്ധതിയിട്ടിരിക്കുന്നത്. ബാഗ് വാങ്ങാൻ കിഴിവ് കഴിച്ച് ഇരുനൂറ്റി മുപ്പത്തിനാല് രൂപ വേണം. അവന്റെ കയ്യിലുള്ള തുക കഴിച്ച് ബാക്കി വരുന്ന പത്തൊൻപത് രൂപയ്ക്കുള്ള ജോലി പിന്നീട് ചെയ്യുന്നതാണെന്നും മിടുക്കൻ എഴുതിയിട്ടുണ്ട്. 
ആദ്യമായി കുട്ടിയെ അഭിനന്ദിക്കണം. കാരണം ഏഴാം ക്ലാസിൽ പഠിക്കുന്ന അവൻ സമ്പാദ്യശീലം വളർത്തിയെടുത്തു എന്നുള്ളത് അഭിമാനകരമായ കാര്യമാണ്, ഞാൻ പറഞ്ഞു. കൂടാതെ അവൻ സമ്പാദിച്ച തുക കൊണ്ട് ലക്ഷ്യമിട്ട ഒരു കാര്യം സാധിക്കാനുള്ള അനുവാദം തേടുകയും ചെയ്തു എന്നത് ഏറെ പ്രശംസനീയമാണ്. അതേസമയം വാങ്ങാനുദ്ദേശിക്കുന്ന സാധനം അത്യാവശ്യമാണോ ആവശ്യമാണോ അനാവശ്യമാണോ എന്ന കോമൺസെൻസ് ചോദ്യം അവനോട് ചോദിക്കണം.
സ്‌കൂളിലേക്ക് പുസ്തകങ്ങൾ കൊണ്ട് പോവാൻ ഒരു ബാഗ് അത്യാവശ്യമാണ്. ചീത്തയാകാത്ത ഒരു ബാഗ് ഉണ്ടായിരിക്കെ മറ്റൊരു ബാഗ് വാങ്ങുന്നത് അനാവശ്യമാണ്. ആദ്യത്തെ ബേഗ് പഴകുകയും ഉപയോഗശൂന്യമാവുകയും ചെയ്തിട്ടുണ്ടെങ്കിൽ പുതിയ ബാഗ് ഒരാവശ്യമാണ്. ഇതെല്ലാം നമുക്കറിയാം. എന്നാൽ നമ്മുടെ കുട്ടികൾക്കറിയണമെന്നില്ല.
ഇത്തരം ആലോചനകൾ അവരിൽ ഉണ്ടാക്കാതെ പലപ്പോഴും, പ്രത്യേകിച്ചും, പല പ്രവാസി രക്ഷിതാക്കളും മക്കളുടെ പല  ആഗ്രഹങ്ങളും  യഥേഷ്ടം നിറവേറ്റി കൊടുക്കുന്നവരായി കണ്ടു വരാറുണ്ട്. 
പറഞ്ഞ് വരുന്നത് കുട്ടികളെ ഇളംപ്രായത്തിൽ തന്നെ സാമ്പത്തിക സാക്ഷരത സാന്ദർഭികമായി പ്രായോഗിക രീതിയിൽ പഠിപ്പിക്കാൻ കിട്ടുന്ന അവസരങ്ങൾ ബോധപൂർവ്വം ഉപയോഗപ്പെടുത്തണമെന്നാണ്. അതോടൊപ്പം, ഓൺലൈൻ മാർക്കറ്റിലെ സാധ്യതകളെ കുറിച്ചും ചതിക്കുഴികളെ കുറിച്ചും നമ്മുടെ കുടുംബങ്ങളിൽ അത്യാവശ്യം ഉണ്ടാവേണ്ട സാമാന്യ ബോധവും കരുതലും നാം ഉറപ്പു വരുത്തേണ്ടതുമുണ്ട്. 
സാമ്പത്തികമായ വരവ് ചിലവിനെക്കുറിച്ചുള്ള അടിസ്ഥാന പാഠങ്ങൾ പല രക്ഷിതാക്കളും കുട്ടികൾക്ക്   നൽകാറില്ല എന്നതാണ് വാസ്തവം. അവർ വല്ലതും ചോദിക്കുമ്പോൾ കുട്ടികളല്ലേ, അവരുടെ പ്രായത്തിലല്ലേ ചോദിക്കൂ എന്നുള്ള സെൻറിമെൻസിന്റെ അടിസ്ഥാനത്തിൽ രണ്ടാമതൊന്ന് ചിന്തിക്കാതെ അവരുടെ ആഗ്രഹങ്ങൾ വകതിരിവില്ലാതെ നിറവേറ്റി കൊടുക്കുന്ന രക്ഷിതാക്കൾ കുട്ടികളെ സ്‌നേഹിക്കുകയല്ല ചെയ്യുന്നത്. അവരുടെ പിൽക്കാല ജീവിതത്തിലേക്ക് വേണ്ട അതിപ്രധാനമായ അറിവ് അവർക്ക് നിഷേധിക്കുകയാണ് ചെയ്യുന്നത്. അത്തരം രക്ഷിതാക്കൾ കുട്ടികളെ നയിക്കുന്നത് സാമ്പത്തികമായ അച്ചടക്കമില്ലായ്മയിലേക്കും നിയന്ത്രണമില്ലാത്ത ആർഭാടങ്ങളിലേക്കും ധൂർത്തിലേക്കുമായിരിക്കും.അതിന്റെ ഫലം കുടുംബമൊന്നിച്ച് പിന്നീട് അനുഭവിക്കേണ്ടിവരുമെന്നതിൽ സംശയമില്ല.
ലോകത്തിലെ വിവിധ മാർക്കറ്റുകളിൽ ലഭ്യമായ സാധനസാമഗ്രികളുടെ വില വിവരങ്ങളും വിശദാംശങ്ങളും അറിയാനും കൂടുതൽ എളുപ്പത്തിൽ അനായാസേന സ്വായത്തമാക്കാനും ഓൺലൈൻ സൗകര്യം ഏറെ സഹായകമാണ്. ഷോപ്പുകളിൽ ചെന്ന് നടന്നു ക്ഷീണിച്ച് തിരഞ്ഞുപിടിക്കുന്നതിന് പകരം വീട്ടിലിരുന്ന് തന്നെ ആവശ്യമുള്ള സാധനങ്ങൾ ടച്ച് സ്‌ക്രീനിൽ തിരയാനും തെരഞ്ഞെടുക്കാനുമൊക്കെ 
ഓൺലൈൻ വിപണി സഹായിക്കുന്നുണ്ട് എന്നത് ശരിയാണ്. എന്നാൽ പല കുടുംബങ്ങളിലുമിപ്പോൾ ഓൺ ലൈൻ ഷോപ്പിംഗ്  സൗകര്യം വലിയ പ്രതിസന്ധികൾ സൃഷ്ടിക്കുന്നുണ്ട്. 
ഇന്റർനെറ്റ് സൗകര്യമുള്ള സ്മാർട് ഫോൺ ഉപയോഗിക്കുന്ന വീട്ടിലെ കുട്ടികൾ എളുപ്പത്തിൽ ഓൺലൈൻ വിപണികളുടെ തന്ത്രങ്ങളിലും കെണികളിലും  വീണു പോവുന്നു. കാര്യബോധമില്ലാത്ത ചില വീട്ടമ്മമാരും മുതിർന്നവരും  ഈ ദൂഷിത വലയത്തിൽ പെട്ട് പോവാറുണ്ട്. ചിലർക്ക് ഇതൊരു ലഹരിയായി മാറിയതായും പറയപ്പെടുന്നു. 
രക്ഷിതാക്കളുടെ അനുവാദത്തോടെയും അല്ലാതെയും കുട്ടികൾ പല സാധന സാമഗ്രികളും ഓർഡർ നൽകി ഇടതടവില്ലാതെ വാങ്ങിച്ചു കൂട്ടുന്ന ഉപഭോഗ സംസ്‌ക്കാരം കുടുംബാന്തരീക്ഷങ്ങളിൽ പുതിയ വെല്ലുവിളികൾ ഉയർത്തുന്നതിന്റെ കഥകൾ എമ്പാടുമിപ്പോൾ കേൾക്കുന്നുണ്ട്. പലരും വഞ്ചിതരായതിന്റെ കഥകളും നിരവധിയാണ്. പരസ്യങ്ങളുടെ കണ്ണഞ്ചിപ്പിക്കുന്ന വർണ്ണങ്ങളിലും വർണ്ണനകളിലും ചിത്രങ്ങളിലും ചെറുചിത്രങ്ങളിലും പ്രലോഭിതരായി മനംമയക്കുന്ന ഓഫറുകളുടെ പിന്നാലെ ചെന്ന് പണമടച്ച് ഗുണമേൻമയില്ലാത്ത ഉൽപന്നങ്ങൾ കൈപ്പറ്റി നിരാശരായവരുടെ എണ്ണം വളരെ ഏറെയാണ്. പറ്റിയ അമളി അധികമാരും പുറത്ത് പറയാറില്ലെന്ന് മാത്രം. 
ഓൺലൈൻ ഷോപ്പിംഗ് നടത്തുമ്പോഴും  വെബ് സൈറ്റുകൾ തെരഞ്ഞെടുക്കുമ്പോഴും  ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അന്വേഷിച്ച് പഠിക്കണം. പണമിടപാട് നടത്തുമ്പോൾ തികഞ്ഞ ജാഗ്രത പാലിക്കണം. സൗജന്യ വൈ ഫൈ സംവിധാനങ്ങൾ അത്ര  സുരക്ഷിതമല്ല എന്ന കാര്യം മറക്കരുത്.  എ ടി എം കാർഡുകളൂം ക്രഡിറ്റ് കാർഡുകളും അവയുടെ പാസ് വേർഡുകളും നന്നായി സൂക്ഷിച്ചില്ലെങ്കിൽ വലിയ നഷ്ടങ്ങളിൽ ചെന്ന് പെടാനിടയുണ്ട്.  ഇവയുടെ കൈകാര്യകർതൃത്വം വിവേക ശൂന്യമായി മക്കളെയോ സുഹൃത്തുക്കളെയോ ഏൽപ്പിക്കുന്നവർ 
വലിയ ആപത്ത് പതിയിരിക്കുന്ന കെണി സ്വയം ഒരുക്കുകയാണെന്നറിയുക.

Latest News