Sorry, you need to enable JavaScript to visit this website.

മധൂസിന്റെ കാരിക്കേച്ചറിൽ സെറീന വില്യംസ് മുതൽ പത്മജ വേണുഗോപാൽ വരെ

ലോകത്തിന്റെ സ്വന്തം സ്റ്റീഫൻ ഹോക്കിംഗ്‌സ് മുതൽ തൃശൂരിന്റെ സ്വന്തം സജീഷ് കുട്ടനെല്ലൂർ വരെയുള്ളവരുടെ കാരിക്കേച്ചറുകളുമായി മധൂസിന്റെ കാരിക്കേച്ചർ പ്രദർശനം തൃശൂരിൽ വരുന്നു. 25 മുതൽ ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിലാണ് പ്രദർശനം. ചിത്രകാരൻ മധുവാണ് പ്രദർശനം ഒരുക്കുന്നത്. 
നൂറുകണക്കിന് കാരിക്കേച്ചറുകളും കാർട്ടൂണുകളും വരമുദ്ര-2 എന്ന് പേരിട്ടിരിക്കുന്ന ഈ പ്രദർശനത്തിലുണ്ടാകും. പ്രശസ്തരായവരുടെ കാരിക്കേച്ചറുകൾക്ക് പുറമെ മധുവിന്റെ സുഹൃത്തുക്കളുടെയും പരിചയക്കാരുടെയും കാരിക്കേച്ചറുകൾ ഉൾപ്പെടുത്തിയുള്ളതാണ് പ്രദർശനം. 
പ്രദർശനം കാണാനെത്തുന്നവർ തങ്ങളുടെ കാരിക്കേച്ചറുകൾ കണ്ട് അത്ഭുതപ്പെടുമെന്നും ഏതൊക്കെ പരിചയക്കാരുടെയും സുഹൃത്തുക്കളുടെയും കാരിക്കേച്ചറുകൾ പ്രദർശനത്തിലുണ്ടെന്നത് സസ്‌പെൻസാണെന്നും മധൂസ് പറയുന്നു. കാഷ്വൽ കാരിക്കേച്ചറെന്ന വിഭാഗത്തിലാണ് സൗഹൃദ നെറ്റ് വർക്കിലെ ചിത്രങ്ങളുണ്ടാവുക.


പെൻസിൽ മുതൽ ഡിജിറ്റൽ ഡ്രോയിംഗ് വരെ മധു വരക്ക് ഉപയോഗിച്ചിട്ടുണ്ട്.
ഡിജിറ്റൽ ടാബും ഫോട്ടോഷോപ്പും ഉപയോഗിച്ചാണ് എം.ജി.ശ്രീകുമാറിന്റെ കാരിക്കേച്ചർ ചെയ്തത്. പേന കൊണ്ടാണ് ചെസ് ചാമ്പ്യൻ നിഹാൽ സരിനെ വരച്ചത്. സത്യൻ അന്തിക്കാടിനെ വരച്ചത് കളർ പെൻസിലുകൾ കൊണ്ടും. ഗ്രാഫൈറ്റ് പെൻസിൽ കൊണ്ടാണ് മദർ തെരേസയെ വരച്ചത്. 
മഹാത്മാഗാന്ധി, പിക്കാസോ, ആർ.കെ.ലക്ഷ്മൺ, ഡോ.സുകുമാർ അഴീക്കോട്, മാർപാപ്പ, വൈശാഖൻ, ഷൈൻ നിഗം, സാദിഖ്, രമ്യ ഹരിദാസ് എം.പി, പ്രിയങ്കാ ഗാന്ധി, സെറീന വില്യംസ്, പത്മജ വേണുഗോപാൽ തുടങ്ങി പലരും കാരിക്കേച്ചറായി മാറിയിട്ടുണ്ട്.
കാരിക്കേച്ചറുകളുടെ തമ്പുരാനായ ജയരാജ് വാര്യരും  മധൂസിന്റെ വരകളിൽ വിരിഞ്ഞിട്ടുണ്ട്.
മലയാളത്തിന്റെ മാധവിക്കുട്ടിയുടെ പോർട്രെയ്റ്റാണ് പ്രദർശിപ്പിക്കുന്നത്. 


തൃശൂർ കോർപറേഷൻ വൈദ്യുതി വിഭാഗത്തിൽ ജോലി ചെയ്യുന്ന കെ.ബി.മധുസൂദനൻ എന്ന മധൂസിന്റെ കാരിക്കേച്ചർകാർട്ടൂൺ പ്രദർശനത്തിൽ മേയറും മുൻ മേയർമാരും കൗൺസിലർമാരും ഓഫീസിലെത്തുന്നവരുമെല്ലാം ഉണ്ട്. 
പല മത്സരങ്ങളിലും പങ്കെടുത്ത് മധുസൂദനൻ പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്.
വരമുദ്രയുടെ ഉദ്ഘാടനം 25 ന് രാവിലെ 10 ന് ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിൽ സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖൻ നിർവഹിക്കും.
മേയർ അജിത വിജയൻ അധ്യക്ഷത വഹിക്കും.  ജയരാജ് വാര്യർ, സുനിൽ സുഖദ എന്നിവർ അതിഥികളാകും.

Latest News