Tuesday , December   10, 2019
Tuesday , December   10, 2019

ജിദ്ദയിൽ മൂസയും പാത്തുവും അരങ്ങ് കൊഴുപ്പിച്ച കലാരാത്രി

ആദ്യമായി ജിദ്ദയിലെത്തിയപ്പോൾ ഏറെ ആഹ്ലാദം തോന്നി. ഇത്രയും വലിയൊരു സദസ്സിന് മുമ്പിൽ നിൽക്കാനും ഞങ്ങളുടെ പരിപാടി ആസ്വദിക്കാനുമെത്തിയ ജിദ്ദ പ്രവാസികളുടെ സ്‌നേഹത്തിനു മുന്നിൽ ഞാൻ നമിക്കുന്നു. ഒരൊറ്റ ടി.വി സീരിയലിലൂടെ ലോകമെങ്ങുമുള്ള മലയാളി സഹൃദയരുടെ മനസ്സ് കീഴടക്കാൻ സാധിച്ചുവെന്നത് എന്റെയും എന്നെ ഈ രംഗത്തേക്ക് കൊണ്ടുവന്ന വിനോദ് കോവൂരിന്റേയും സൗഭാഗ്യമാണ്.
ഏറ്റവും മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം നേടിയ സുരഭി ലക്ഷ്മി കഴിഞ്ഞയാഴ്ച ജിദ്ദയിലെ മലയാളികളുടെ മുന്നിൽ മനസ്സ് തുറന്നു. നിറഞ്ഞ കൈയടികളോടെയാണ് വിനോദ് കോവൂർ, സുരഭി, എം 80 മൂസയിലെ അളിയനായി രംഗത്തെത്തുന്ന ഷുക്കൂർ എന്ന കബീർ എന്നിവരെ വരവേറ്റത്. മാസ് ജിദ്ദ എന്റർടെയിന്റ്‌മെന്റ്‌സിന്റെ ബാനറിൽ ജിദ്ദയിലെ പ്രമുഖ കലാസംഘാടകരായ ഹസൻ യമഹ കൊണ്ടോട്ടി, മുസ്തഫ മലയിൽ, നൂഹ് ബീമാപ്പള്ളി, ജുനൈദ് മോളൂർ, ബാപ്പു രാമനാട്ടുകര, അബ്ദുറഹ്മാൻ എന്നിവരാണ് കോമഡി ഷോ ആന്റ് സംഗീത രാവ് എന്ന പരിപാടിക്ക് അരങ്ങൊരുക്കിയത്. ജിദ്ദയിലെ പ്രമുഖ ഗായകരുടെ സംഗീതാലാപനവും പരിപാടിക്ക് മാറ്റ് കൂട്ടി. കെ. അബ്ദുൽ മജീദ് നഹ ഉദ്ഘാടനം ചെയ്തു. അസീസ് പട്ടാമ്പി, ഹസൻ കൊണ്ടോട്ടി തുടങ്ങിയവർ ആശംസാപ്രസംഗം നടത്തി. സുരഭിയും വിനോദ് കോവൂരും ഹാസ്യം പുരണ്ട സ്‌കിറ്റുകൾ തന്മയത്വത്തോടെ അവതരിപ്പിച്ചപ്പോൾ പ്രേക്ഷകർക്ക് അവയത്രയും നർമം കലർന്ന അനുഭവങ്ങളായി മാറി.

അനിൽ തോമസ് സംവിധാനം ചെയ്ത മിന്നാമിനുങ്ങ് എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയ പുരസ്‌കാരം നേടിയ നടിയാണ് സുരഭി ലക്ഷ്മിയെന്ന കാര്യം, അവരുടെ പാത്തു എന്ന ജനകീയ കഥാപാത്രത്തിന്റെ തിളക്കത്തിൽ പലരും മറന്നുപോകുന്നുണ്ടോ എന്ന് സംശയിക്കണം. ഭരതനാട്യത്തിൽ ഒന്നാം റാങ്കോടെ ഡിഗ്രി, ദൃശ്യകലയിൽ പി.ജിയും ഡോക്ടറേറ്റും- കോഴിക്കോട് നരിക്കുനി സ്വദേശിയായ സുരഭിയുടെ കലാപാടവം വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയോ?
നാൽപത്തിയഞ്ചുകാരിയായ ഒരു വിധവയുടെ വേഷത്തിലാണ് സുരഭി മിന്നാമിനുങ്ങ് എന്ന ചിത്രത്തിൽ അഭിനയിച്ചത്. അച്ഛൻ ഗോപാലനെയും മകൾ ചാരുവിനെയും സംരക്ഷിക്കാൻ ഹോസ്റ്റൽ മേട്രന്റെ വേഷത്തിലാണ് അവരെത്തുന്നത്.  ഉന്നതപഠനത്തിനായി കനഡയിൽ പോകാനായി മകൾ ആറുലക്ഷം രൂപയാണ് ആവശ്യപ്പെടുന്നത്. അതിനായി ഉണ്ടായിരുന്ന കിടപ്പാടവും വിറ്റ് അറിയാവുന്നവരോടെല്ലാം കടംവാങ്ങി അവളെ യാത്രയാക്കുകയാണ്. എന്നാൽ ചാരുവിന്റെ കനഡ യാത്രയുടെ യാഥാർത്ഥ്യമറിയുമ്പോഴാണ് ആ അമ്മ നടുങ്ങുന്നത്.


അഭിനയജീവിതത്തിൽ ആദ്യമായാണ് ഒരു മുഴുനീള വേഷം ലഭിച്ചത്. അന്ന് ഈ കഥാപാത്രത്തെ അടുത്തറിഞ്ഞതോടെ അവതരിപ്പിക്കാമെന്ന് ധൈര്യമായി. ഹോസ്റ്റൽ മേട്രന്റെ ജീവിതത്തെക്കുറിച്ച് ചിന്തിച്ചപ്പോൾ മനസ്സിൽ ഓടിയെത്തിയത് കാലടി സർവ്വകലാശാലയിൽ ഞങ്ങളുടെ ഹോസ്റ്റലിൽ മേട്രനായ മീനച്ചേച്ചിയുടെ മുഖമാണ് - സുരഭി പറയുന്നു.
മീനേച്ചിയുടെ കണ്ണുകളിലും ദൈന്യതയും നിസ്സഹായതയും മനസ്സിലെത്തിയതോടെ ധൈര്യമായി. അവരുടെ നടപ്പും സംസാരരീതിയും വസ്ത്രധാരണവുമെല്ലാം അന്നേ ശ്രദ്ധിച്ചിരുന്നു. 
അടുത്ത കടമ്പ തിരുവനന്തപുരം ഭാഷയായിരുന്നു. മൂസക്കായീ എന്നു നീട്ടി വിളിച്ച് കോഴിക്കോടൻ ഭാഷയിൽ അരങ്ങുതകർത്തിരുന്ന എം80 മൂസയിൽനിന്നും തിരോന്തരം ഭാഷയിലേയ്ക്കുള്ള മാറ്റം കുറച്ചു കടുപ്പമായിരുന്നു. എങ്കിലും നാടക സിനിമാ നടനായ കൃഷ്ണൻ ബാലകൃഷ്ണൻ സഹായിച്ചു. റെക്കാർഡ് സ്റ്റുഡിയോയിലും ഡബ്ബിംഗിനുമെല്ലാം അദ്ദേഹം കൂട്ടിനുണ്ടായിരുന്നു. ഒരു വെല്ലുവിളിയായാണ് ഈ ദൗത്യം പൂർത്തിയാക്കിയത്. അതുകൊണ്ടുതന്നെയാണ് അംഗീകരിക്കപ്പെട്ടതും- സുരഭി പറയുന്നു.
ഇടപ്പള്ളി അതിഥി സ്‌കൂൾ ഓഫ് പെർഫോമിങ് ആർട്‌സാണ് സുരഭിയുടെ അരങ്ങിന്റെ ലോകം. വിനോദ് കുമാർ വളാഞ്ചേരി സംവിധാനം ചെയ്ത ബോംബെ ടെയ്‌ലേഴ്‌സ് എന്ന നാടകം ഈ സമിതിയുടേതായിരുന്നു. മികച്ച നടിക്കുൾപ്പെടെ നാലു പുരസ്‌കാരങ്ങളാണ് ഈ നാടകം നേടിയെടുത്തത്. വിനോദ് കുമാറിന്റെ യക്ഷിക്കഥകളും നാട്ടുവർത്തമാനവും എന്ന നാടകത്തിലൂടെ 2010 ലും മികച്ച നടിയായി കേരള സംഗീത നാടക അക്കാദമി സുരഭിയെ തെരഞ്ഞെടുത്തിരുന്നു.
കെ.പി.ആണ്ടിയുടെയും രാധയുടെയും നാലു മക്കളിലൊരാളായ സുരഭി കുട്ടിക്കാലംതൊട്ടേ അരങ്ങിന്റെ ഭാഗമായിരുന്നു. മൂന്നര വയസ്സുള്ളപ്പോൾ ആദ്യമായി അരങ്ങിലെത്തിയ ഓർമ്മയും സുരഭിക്കുണ്ട്. എളേറ്റിൽ വട്ടോളിയിലായിരുന്നു അന്നത്തെ താമസം. നാട്ടിലെത്തിയ നാടോടി സർക്കസുകാർക്കൊപ്പമായിരുന്നു ആദ്യവേദി പങ്കിട്ടത്. പിന്നീടാണ് നരിക്കുനിയിലേക്ക് താമസം മാറിയത്. നാട്ടിലെ ക്ലബ്ബുകൾക്കുവേണ്ടിയും ക്ഷേത്രങ്ങളിലുമെല്ലാം നൃത്തത്തിലും നാടകത്തിലുമെല്ലാം വേഷമിട്ടു. 
പ്ലസ് ടു പഠനം കഴിഞ്ഞപ്പോൾ ഉപരിപഠനത്തിന് കാലടി സർവ്വകലാശാലയിലെത്തി. ബി.എ. ഭരതനാട്യമായിരുന്നു ഐഛികമായി തെരഞ്ഞെടുത്തത്. സബ്‌സിഡറിയായി തിരഞ്ഞെടുത്തത് തിയേറ്റർ. മൂന്നുവർഷത്തെ പഠനത്തിന്റെ ഫലം വന്നപ്പോൾ ഒന്നാം റാങ്ക്. തിയേറ്റർ പഠനത്തിനായി അവിടെത്തന്നെ എം.എക്കു ചേർന്നു. ജവഹർലാൽ നെഹ്‌റു സ്‌കോളർഷിപ്പോടെയായിരുന്നു പഠനം. അക്കാലത്തായിരുന്നു സംഗീത നാടക അക്കാദമിയുടെ മികച്ച നടിക്കുള്ള ആദ്യപുരസ്‌കാരം ലഭിക്കുന്നത്. ഗോപൻ ചിദംബരത്തിനു കീഴിൽ തിയേറ്റർ വിഷയത്തിൽ പി.എച്ച്.ഡി ചെയ്യുകയാണിപ്പോൾ.


ഇതിനിടയിൽ അമൃത ടിവി ഒരുക്കിയ ബെസ്റ്റ് ആക്ടർ റിയാലിറ്റി ഷോയിൽ വിജയിയായി. കെ.കെ.രാജീവ് സംവിധാനം ചെയ്ത കഥയിലെ രാജകുമാരി എന്ന പരമ്പരയിലും വേഷമിട്ടു. ഇരുനൂറ്റമ്പതോളം എപ്പിസോഡുകളുണ്ടായിരുന്ന പരമ്പരയിലെ നായികയായ സോനയുടെ നെഗറ്റീവും പോസിറ്റീവുമായ ഭാവങ്ങൾ പ്രേക്ഷകർ സ്വീകരിക്കുകയായിരുന്നു.
അഭിനയജീവിതത്തിൽ ഏറെ മൈലേജ് നേടിത്തന്ന എം80 മൂസയെക്കുറിച്ചും സുരഭി വാചാലയായി. വിനോദ് കോവൂരും സുനിൽ കാര്യാട്ടുകരയും ചേർന്നാണ് സംവിധായകൻ ഷാജി അസീസിനെ പരിചയപ്പെടുത്തിയത്. പൊട്ടത്തരങ്ങളും മണ്ടത്തരങ്ങളും പറയുന്ന പാത്തു എന്ന മാപ്പിള സ്ത്രീയുടെ വേഷം. മൂസക്കായിയും പാത്തുവും ഒന്നിച്ചാൽ പിന്നെ കോമഡിക്ക് പഞ്ഞമില്ല. പാത്തുവിനെക്കുറിച്ച് സുരഭി പറയുന്നതിങ്ങനെ: നരിക്കുനി ഭാഗത്ത് വേണ്ടത്ര വിദ്യാഭ്യാസം ലഭിക്കാത്ത ഒരു തലമുറ മുൻപുള്ള സ്ത്രീകളെ പരിശോധിച്ചാൽ പാത്തുവിനെ കാണാം. നമുക്കു ചുറ്റും നടക്കുന്ന നമ്മുടെയൊക്കെ വീടുകളിലുണ്ടാകുന്ന സംഭവങ്ങളാണ് പാത്തുവിലൂടെ പ്രേക്ഷകർക്കു മുന്നിലെത്തുന്നത്. അതുകൊണ്ടുതന്നെ പാത്തുവിനെ അവതരിപ്പിക്കാൻ കൂടുതലൊന്നും മെനക്കെടേണ്ടിവന്നിട്ടില്ല. കോഴിക്കോട് ഭാഗത്തെ പ്രാദേശിക ഭാഷതന്നെയാണിത്. അറുപതു വയസ്സിനുമുകളിലുള്ള സ്ത്രീകൾക്കിടയിൽ ഇപ്പോഴും ഇങ്ങനെതന്നെയാണ് സംസാരം. 
ആശുപത്രിയിലായാലും റേഷൻ കടയിലായാലും രണ്ടു സ്ത്രീകൾ തമ്മിലുള്ള സംസാരം ശ്രദ്ധിച്ചുനോക്കൂ. അവിടെ നിങ്ങൾക്ക് പാത്തുവിനെ കാണാനാകും. അങ്ങനെയാണ് എം80 മൂസ ജനകീയമായത്.
പാത്തുവിനെ അവതരിപ്പിച്ചതുവഴി ഒട്ടേറെ അംഗീകാരങ്ങളും ലഭിച്ചു. അബുദാബി തിയേറ്റർ ഫെസ്റ്റിവൽ അവാർഡ്, ഫഌവേഴ്‌സ് ടി.വി. ബെസ്റ്റ് കൊമേഡിയൻ അവാർഡ്, സബർമതി അവാർഡ്, ശാന്താദേവി അവാർഡ്... തുടങ്ങിയവ അക്കൂട്ടത്തിലുണ്ട്- സുരഭി അഭിമാനപൂർവം പറഞ്ഞു. -എം 

Latest News