പെണ്‍കുട്ടി പാമ്പ് കടിയേറ്റ് മരിച്ച സ്‌കൂളില്‍ ജില്ലാ ജഡ്ജി പരിശോധന നടത്തി; ശക്തമായ നടപടിയുണ്ടാകും

കല്‍പറ്റ- അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി ഷഹ്്‌ല ഷെറിന്‍ പാമ്പുകടിയേറ്റു മരിച്ച ബത്തേരി സര്‍വജന ഹൈസ്‌കൂളില്‍ ജില്ലാ ജഡ്ജി എ. ഹാരിസ് പരിശോധന നടത്തി. സംഭവത്തില്‍ ശക്തമായ നടപടിയുണ്ടാകുമെന്നു അദ്ദേഹം പറഞ്ഞു.

ഹൈക്കോടതി ജഡ്ജിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ജില്ലാ ജഡ്ജിയുടെ പരിശോധന. കുട്ടിക്കു പാമ്പുകടിയേറ്റ ക്ലാസ് മുറിയും സ്‌കൂള്‍ പരിസരവും പരിശോധിച്ച അദ്ദേഹം ഇക്കാര്യത്തില്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കുമെന്നു പറഞ്ഞു. സംഭവത്തില്‍ അധ്യാപകരുടെ വീഴ്ച പരിശോധിക്കും.

എല്ലാ ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ച് സമഗ്രമായ റിപ്പോര്‍ട്ടും അതില്‍ നടപടിയും ഉണ്ടാകുമെന്ന് ജില്ലാ ജഡ്ജി പറഞ്ഞു. ഇന്നുച്ചയ്ക്കു രണ്ടരയ്ക്കു കല്‍പ്പറ്റയിലാണു യോഗം. ദയനീയ സാഹചര്യമാണ് സ്‌കൂളിലേതെന്ന് ജില്ലാ ജഡ്ജി വിലയിരുത്തി. ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറി കെ.സുനിതയും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.
കുട്ടിക്ക് അടിയന്തര ചികിത്സ നല്‍കാന്‍ വൈകിയതില്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ ശക്തമായ പ്രതിഷേധമാണ് ഉയര്‍ത്തുന്നത്.

 

Latest News