Sorry, you need to enable JavaScript to visit this website.

ഫലസ്തീൻ: മുഖ്യപരിഗണന തുടരുമെന്ന് സൗദി അറേബ്യ

ഫലസ്തീനുമായി ബന്ധപ്പെട്ട പ്രത്യേക യു.എൻ കമ്മിറ്റിക്കു മുന്നിൽ ഐക്യരാഷ്ട്ര സഭയിലെ സൗദി പ്രതിനിധി സംഘത്തിലെ ഫസ്റ്റ് സെക്രട്ടറി സാറ ആശൂർ സംസാരിക്കുന്നു. 

റിയാദ് - വിദേശനയ അജണ്ടയിൽ ഫലസ്തീൻ എന്നും ഒന്നാം സ്ഥാനത്ത് തന്നെ തുടരുമെന്ന് തുടരുമെന്ന് സൗദി അറേബ്യ വ്യക്തമാക്കി. ഫലസ്തീനികൾക്ക് അവകാശങ്ങൾ  ഉറപ്പുവരുത്തുന്നത് നിരീക്ഷിക്കുന്ന പ്രത്യേക യു.എൻ കമ്മിറ്റിക്കു മുന്നിൽ ഐക്യരാഷ്ട്ര സഭയിലെ സൗദി പ്രതിനിധി സംഘത്തിലെ ഫസ്റ്റ് സെക്രട്ടറി സാറ ആശൂറാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഏതു പ്രാദേശിക, ആഗോള വേദികളിലും പരിപാടികളിലും ഫലസ്തീൻ പ്രശ്‌നവും ഫലസ്തിനികൾക്കു വേണ്ടിയുള്ള വാദവും സൗദി ഉന്നയിക്കാറുണ്ട്. അൽനക്ബ ദിനം എന്ന പേരിൽ അറിയപ്പെടുന്ന, 71 - ാമത് ഫലസ്തീൻ ഐക്യദാർഢ്യ ദിനം ദിവസങ്ങൾക്കു ശേഷം ലോകം ആചരിക്കാൻ പോവുകയാണ്. ലോകം ദർശിച്ച ഏറ്റവും വലിയ മാനുഷിക ദുരന്തം നടന്നിട്ട് ഏഴു ദശകം പിന്നിട്ടിരിക്കുന്നു. അവകാശത്തിന് അർഹതയില്ലാത്തവർക്ക് അവകാശം വകവെച്ചു നൽകിയതു മൂലമുള്ള ദുരന്തമായിരുന്നു അത്. എഴുപതു വർഷത്തിലേറെ പിന്നിട്ടിട്ടും ഫലസ്തീനികൾ അഭയാർഥികളായി കഴിയുന്നു. അന്താരാഷ്ട്ര നിയമങ്ങളും ധാർമിക, മാനവിക മൂല്യങ്ങളും മാനിക്കാത്ത അധിനിവേശ ശക്തിക്കു കീഴിൽ ഫലസ്തീനികൾ ഞെരിഞ്ഞമർന്നു കഴിയുകയാണ്. 

സൗദി ഭരണാധികാരികളുടെയും ജനങ്ങളുടെയും കേന്ദ്ര പ്രശ്‌നമാണ് ഫലസ്തീൻ പ്രശ്‌നം. അന്താരാഷ്ട്ര തീരുമാനങ്ങൾക്കും അറബ് സമാധാന പദ്ധതിക്കും അനുസൃതമായി 1967 ജൂണിലെ അതിർത്തിയിൽ കിഴക്കൻ ജറൂസലം തലസ്ഥാനമായി ഫലസ്തീനികൾക്ക് സ്വതന്ത്ര രാജ്യം ലഭിക്കണം. 

വെസ്റ്റ് ബാങ്കിലെ ജൂത കുടിയേറ്റ കോളനികൾ നിയമാനുസൃതമാണെന്നും ഇവ അന്താരാഷ്ട്ര നിയമത്തിന് വിരുദ്ധമല്ലെന്നുമുള്ള അമേരിക്കൻ വിദേശ മന്ത്രാലയത്തിന്റെ പ്രസ്താവനയെ നവംബർ 20 ന് സൗദി വിദേശ മന്ത്രാലയം നിരാകരിച്ചിട്ടുണ്ട്. വെസ്റ്റ് ബാങ്കിൽ ഇസ്രായിൽ ജൂത കുടിയേറ്റ കോളനികൾ നിർമിക്കുന്നത് അന്താരാഷ്ട്ര നിയമങ്ങൾക്ക് വിരുദ്ധമാണ്. പശ്ചിമേഷ്യൻ സംഘർഷത്തിന് ദ്വിരാഷ്ട്ര പോംവഴിയുടെ അടിസ്ഥാനത്തിൽ പരിഹാരം കാണുന്നതിനും സമാധാനവും സുരക്ഷാ ഭദ്രതയും യാഥാർഥ്യമാക്കുന്നതിനും ജൂത കുടിയേറ്റ കോളനികൾ പ്രതിബന്ധമാണെന്ന് സൗദി വിദേശ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. 

നവംബർ 18 ന് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ ചേർന്ന പ്രതിവാര മന്ത്രിസഭാ യോഗം ഗാസയിലെ ഇസ്രായിൽ വ്യോമാക്രമണങ്ങളെ അപലപിച്ചു. ഇസ്രായിൽ ആക്രമണങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെയും കരാറുകളുടെയും മാനവിക മൂല്യങ്ങളുടെയും ലംഘനമാണെന്ന് മന്ത്രിസഭ പറഞ്ഞു. ഫലസ്തീൻ അഭയാർഥികളുടെ ക്ഷേമം മുൻനിർത്തി പ്രവർത്തിക്കുന്ന യു.എൻ ഏജൻസിയുടെ കാലാവധി മൂന്നു വർഷത്തേക്ക് കൂടി ദീർഘിപ്പിച്ചതിനെ മന്ത്രിസഭ സ്വാഗതം ചെയ്തിട്ടുമുണ്ട്. ഫലസ്തീൻ പ്രശ്‌നവും ഫലസ്തീനികൾക്ക് നിയമാനുസൃത അവകാശങ്ങൾ ലഭിക്കലും അറബികളുടെ അടിസ്ഥാന നിലപാടാണെന്ന് നവംബർ 13 ന് അറബ് ലീഗിനെ പ്രതിനിധീകരിച്ച് സൗദി അറേബ്യ വ്യക്തമാക്കിയിട്ടുണ്ട്. 

ഫലസ്തീൻ അഭയാർഥികളുടെ ക്ഷേമം മുൻനിർത്തി പ്രവർത്തിക്കുന്ന യു.എൻ ഏജൻസിക്ക് കഴിഞ്ഞ സെപ്റ്റംബറിൽ സൗദി അറേബ്യ അഞ്ചു കോടി ഡോളർ സംഭാവന നൽകി. 55 ലക്ഷത്തിലേറെ വരുന്ന ഫലസ്തീൻ അഭയാർഥികൾക്ക് മാന്യമായ ജീവിത സാഹചര്യങ്ങൾ ഉറപ്പുവരുത്തുന്നതിന് യു.എൻ ഏജൻസി നടത്തുന്ന സേവനങ്ങൾ കണക്കിലെടുത്തായിരുന്നു ഇത്. രണ്ടായിരാമാണ്ട് മുതൽ 2019 വരെയുള്ള കാലത്ത് യു.എൻ ഫലസ്തീൻ അഭയാർഥി ഏജൻസിക്ക് സൗദി അറേബ്യ 90 കോടിയോളം ഡോളർ നൽകിയിട്ടുണ്ട്. ഫലസ്തീനികളുടെ അവകാശങ്ങൾക്കു വേണ്ടി പ്രതിരോധം തീർക്കുന്നതിൽ യു.എൻ കമ്മിറ്റി വഹിക്കുന്ന പങ്ക് പ്രശംസനീയമാണ്. യു.എൻ ജനറൽ അസംബ്ലിയിൽ കമ്മിറ്റി സമർപ്പിക്കുന്ന പ്രമേയങ്ങളെ സൗദി അറേബ്യ പിന്തുണക്കുമെന്നും സാറ ആശൂർ പറഞ്ഞു.

Latest News