കര്‍ഷകര്‍ക്ക് ക്ഷേമനിധി: നിയമസഭ ബില്‍ പാസ്സാക്കി


തിരുവനന്തപുരം- പുതുതലമുറയെ കൃഷിയിലേക്ക് ആകര്‍ഷിക്കാനും സംസ്ഥാനത്തെ എല്ലാ കര്‍ഷകര്‍ക്കും ക്ഷേമനിധി ഉള്‍പ്പെടെ ആനുകൂല്യങ്ങള്‍ ലഭ്യമാക്കാനും ലക്ഷ്യമിടുന്ന 2018ലെ കേരള കര്‍ഷക ക്ഷേമനിധി ബില്‍ നിയമസഭ പാസാക്കി. അഞ്ചു സെന്റില്‍ കുറയാതെയും 15 ഏക്കറില്‍ കവിയാതെയും വിസ്തൃതിയുള്ള ഭൂമി കൈവശമുള്ളവരാണ് ബില്ല് പ്രകാരം ക്ഷേമനിധിയുടെ പരിധിയില്‍ വരുന്നത്.
റബര്‍, കാപ്പി, തേയില, ഏലം എന്നിവ കൃഷി ചെയ്യുന്ന ഏഴര ഏക്കര്‍ വരെ കൈവശമുള്ളവരും ഈ പട്ടികയില്‍പ്പെടും. എന്നാല്‍ മൂന്നു വര്‍ഷത്തില്‍ കുറയാതെ കൃഷി പ്രധാന ഉപജീവന മാര്‍ഗമായിരിക്കണം. ക്ഷേമനിധിയില്‍ അഞ്ചു വര്‍ഷത്തില്‍ കുറയാതെ അംശദായം അടച്ച് അംഗമാവുകയും 60 വയസ് പൂര്‍ത്തിയാവുകയും ചെയ്തവര്‍ക്ക് അടച്ച അംശദായത്തിന്റെയും വര്‍ഷത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും പെന്‍ഷന്‍. മറ്റേതെങ്കിലും ക്ഷേമനിധിയില്‍നിന്ന് പെന്‍ഷന്‍ ലഭിക്കുന്നവര്‍ക്ക് ഈ പെന്‍ഷന്‍ ലഭിക്കില്ല.
തൊഴില്‍ അവസാനിപ്പിക്കുകയോ അനാരോഗ്യംമൂലം ജോലിയില്‍ തുടരാന്‍ കഴിയാതെ വരികയോ ചെയ്യുകയും അഞ്ചു വര്‍ഷത്തില്‍ കുറയാതെ അംശാദായം അടക്കുകയും ചെയ്തയാള്‍ക്ക് അംശദായം അടച്ച വര്‍ഷങ്ങളുടെ എണ്ണം അടിസ്ഥാനമാക്കി നിശ്ചിത തുക പെന്‍ഷനായി നല്‍കും.
പതിനെട്ട് വയസ് പൂര്‍ത്തിയായ ആര്‍ക്കും അംഗമാകാം. അംഗങ്ങളുടെ അംശദായത്തിനു തുല്യമായ തുക സര്‍ക്കാരും നല്‍കണം. വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കൂടുതലുള്ളവരും കാര്‍ഷികോത്പന്നങ്ങള്‍ മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളാക്കി വ്യാപാരം നടത്തുന്നവരും വാര്‍ഷിക ലാഭത്തിന്റെ ഒരു ശതമാനം വരുന്ന തുക ഇന്‍സെന്റീവ് ആയി ക്ഷേമനിധി ബോര്‍ഡിലേക്ക് നല്‍കണമെന്നും ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു.

 

Latest News