Sorry, you need to enable JavaScript to visit this website.

മഴയില്‍ മുങ്ങി ഗള്‍ഫ്, യു.എ.ഇക്ക് ക്ലൗഡ് സീഡിംഗിലൂടെ പെരുമഴക്കാലം

ദുബായ്- ഗള്‍ഫിലെ വിവിധ രാജ്യങ്ങളില്‍ കനത്ത മഴയും തണുപ്പും. ഒമാനിലും ദോഹയിലും കനത്ത മഴ തുടരുന്നു. യു.എ.ഇയില്‍ നാടിനെ അനുസ്മരിപ്പിക്കുന്ന പെരുമഴക്കാലമാണ് ഏതാനും ദിവസങ്ങളായി.
വ്യാഴാഴ്ച രാവിലെ മുതല്‍ ഒമാനിലെ വിവിധ ഗവര്‍ണറേറ്റുകളില്‍ മഴ ലഭിച്ചു. കാറ്റും ശക്തമായിരുന്നു. മസ്‌കത്തില്‍ രാവിലെ മഴ മാറി നിന്നെങ്കിലും അന്തരീക്ഷം മേഘാവൃതമായിരുന്നു. വൈകിട്ടോടെ മഴ പെയ്തു തുടങ്ങി. മുസന്ദം, ബുറൈമി, ബാത്തിന, ശര്‍ഖിയ്യ ഗവര്‍ണറേറ്റുകളിലാണ് ശക്തമായ മഴ പെയ്തത്. രാജ്യത്തിന്റെ വടക്കന്‍ ഗവര്‍ണറേറ്റുകളില്‍ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു.
വെള്ളിയാഴ്ചയും അല്‍ ഹജര്‍ പര്‍വതത്തിനും ഒമാന്‍ കടലിനും ചുറ്റുമുള്ള സ്ഥലങ്ങളില്‍ ശക്തമായ മഴയും ഇടിയുമുണ്ടാകും. ചൊവ്വാഴ്ച വൈകിട്ട് മുതല്‍ മുസന്ദമിലാണ് ന്യൂനമര്‍ദത്തെ തുടര്‍ന്ന് മഴയും ഇടിയും മിന്നലും കാറ്റുമുണ്ടായത്. വെള്ളിയാഴ്ച വരെ രാജ്യത്ത് ന്യൂനമര്‍ദത്തിന്റെ ആഘാതമുണ്ടാകും.
മഴയെ തുടര്‍ന്ന് ട്രാഫിക് സിഗ്‌നലുകളുടെ പ്രവര്‍ത്തനം നിലച്ചത് യാത്രക്കാര്‍ക്ക് പ്രയാസം സൃഷ്ടിച്ചു. സിഗ്‌നലുകള്‍ താറുമാറായത് െ്രെഡവര്‍മാരെ ആശയക്കുഴപ്പിത്തിലാക്കി.

പ്രളയത്തില്‍ കുടുങ്ങിയവരെ രക്ഷിച്ചു

http://www.malayalamnewsdaily.com/sites/default/files/filefield_paths/al-ain-rescue.jpg

യു.എ.ഇയിലെ അല്‍ ഐനില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ കുടുങ്ങിയ 10 സ്വദേശികളെ അബുദാബി പോലീസ് രക്ഷപ്പെടുത്തി. രണ്ടു ദിവസമായി പെയ്യുന്ന മഴ ആസ്വദിക്കാനും മരൂഭുമിയിലെ തടാകം കാണാനും പുറപ്പെട്ട് ഒഴുക്കില്‍ പെട്ടവരെയാണ് പോലീസ് രക്ഷപ്പെടുത്തിയത്. ഇവര്‍ സഞ്ചരിച്ച വാഹനം വാദി സായിലാണ് അപകടത്തില്‍പ്പെട്ടത്.
ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മഴ പെയ്യുമ്പോള്‍ ഇലക്ട്രിക്ക് ലൈനുകള്‍ക്കും മരങ്ങള്‍ക്ക് സമീപവും തുറസ്സായ സ്ഥലങ്ങളിലും നില്‍ക്കരുത്.
യു.എ.ഇയുടെ ഏഴ് എമിറേറ്റുകളിലും ഇടിമിന്നലോടെ ശക്തമായ മഴപെയ്തു. വടക്കന്‍ എമിറേറ്റുകളില്‍ പല മേഖലകളും വെള്ളത്തിലായി. അബുദാബിയില്‍ ചാറ്റല്‍ മഴയിലൊതുങ്ങി. കിഴക്കന്‍ മേഖലയായ അല്‍ഐനിലെ ചിലയിടങ്ങളിലും പടിഞ്ഞാറന്‍മേഖലയായ അല്‍ദഫ്‌റയിലും സാമാന്യം ഭേദപ്പെട്ട മഴ ലഭിച്ചു. ഉമ്മുല്‍ഖുവൈനിലാണ് ഏറ്റവും കൂടുതല്‍ മഴ രേഖപ്പെടുത്തിയത്. അജ്മാന്‍, ഫുജൈറ എമിറേറ്റുകളിലും ശക്തമായ കാറ്റും മഴയുമുണ്ടായി. ബഹ്‌റൈനിലും ഒമാനിലെ സലാലയിലും രാവിലെ ശക്തമായ മഴയുണ്ടായി.  മഴ കണക്കിലെടുത്ത് യു.എ.ഇയിലെ എല്ലാ സ്‌കൂളുകള്‍ക്കും അവധി നല്‍കിയിരുന്നു. പരീക്ഷകള്‍ മാറ്റിവച്ചു.

ദോഹയിലും മഴ

http://www.malayalamnewsdaily.com/sites/default/files/filefield_paths/rain_doha.jpg
ദോഹയിലും കഴിഞ്ഞ രണ്ട് ദിവസമായി കനത്ത കാറ്റും ചാറ്റല്‍ മഴയും തുടരുന്നു. ചിലയിടങ്ങളില്‍ ഇടിയോടു കൂടിയ മഴയും പെയ്തു. വടക്ക് പടിഞ്ഞാറന്‍ കാറ്റ് മണിക്കൂറില്‍ 22 നോട്ടിക്കല്‍ മൈല്‍ വേഗത്തിലാണു ചിലയിടങ്ങളില്‍ ശക്തി പ്രാപിക്കുന്നത്. മഴ പെയ്ത് റോഡുകളില്‍ ഈര്‍പ്പം നിറയുന്നതിനാല്‍ വാഹന യാത്രികരും ജാഗ്രത പാലിക്കണം.
മഴമൂലം ദൂരക്കാഴ്ച കുറഞ്ഞതോടെ പ്രധാന പാതകളിലടക്കം ഗതാഗതക്കുരുക്ക് രൂക്ഷമായി. ശക്തമായ കാറ്റും മഴയും ദുബായ് ഫെറി, ബസ് സര്‍വീസുകളെ ബാധിച്ചു. ഗതാഗതക്കുരുക്ക്മൂലം വാഹനങ്ങള്‍ എത്താന്‍ വൈകിയത് യാത്രക്കാരെ വലച്ചു.
യു.എ.ഇയില്‍ മഴ ശക്തമാകാന്‍ കാരണം ക്ലൗഡ് സീഡിംഗ് ആണെന്ന് അധികൃതര്‍ അറിയിച്ചു. ചൊവ്വ രാത്രി 11.15ന് ക്ലൗഡ് സീഡിംഗ് നടത്തിയതായി ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. മേഘങ്ങള്‍ക്കിടയില്‍ വിമാനത്തിലെത്തി രാസമിശ്രിതം വിതറുകയായിരുന്നു. മുന്‍വര്‍ഷങ്ങളില്‍ ക്ലൗഡ് സീഡിംഗ് സാങ്കേതിക വിദ്യയിലൂടെ വൃഷ്ടി പ്രദേശങ്ങളിലടക്കം പരമാവധി മഴ പെയ്യിക്കാന്‍ സാധിച്ചിരുന്നു.

 

Latest News