Sorry, you need to enable JavaScript to visit this website.

അഞ്ചു പൊതുമേഖലാ സ്ഥാപനങ്ങൾ വിൽക്കുന്നു

ന്യൂദൽഹി- ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സ്വകാര്യവത്കരണ പ്രഖ്യാപനവുമായി കേന്ദ്ര മന്ത്രിസഭ. രാജ്യത്തിന്റെ അഭിമാന പ്രതീകമായ ഭാരത് പെട്രോളിയം കമ്പനി അടക്കം അഞ്ച് പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കാൻ മന്ത്രിസഭ അനുമതി നൽകി.
ധനമന്ത്രി നിർമല സീതാരാമൻ ഇന്നലെ രാത്രി വൈകി നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഓഹരിവിൽപനയുടെ വിശദാംശങ്ങൾ നൽകിയത്. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള പദ്ധതിയായാണ് വൻതോതിലുള്ള ഓഹരി വിൽപന. അതേസമയം സർക്കാരിന് വൻ കടബാധ്യതയുള്ള ടെലികോം കമ്പനികൾക്ക് പണം തിരിച്ചടക്കാനുള്ള സാവകാശം നീട്ടിക്കൊടുക്കുകയും ചെയ്തു.
ഷിപ്പിംഗ് കോർപറേഷൻ ഓഫ് ഇന്ത്യ, കാർഗോ കമ്പനിയായ കോൺകോർ എന്നിവയുടെ ഓഹരികളും വിറ്റഴിക്കും.  തെരഞ്ഞെടുക്കപ്പെട്ട പൊതുമേഖലാ സ്ഥാപനങ്ങളിൽ സർക്കാർ വിഹിതം 51 ശതമാനത്തിലേക്ക് വെട്ടിച്ചുരുക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതിലൂടെ മാന്ദ്യത്തിലകപ്പെട്ട സമ്പദ്‌രംഗത്ത് കൂടുതൽ വരുമാന വർധനയുണ്ടാക്കാനാകുമെന്നാണ് പ്രതീക്ഷ.
കൊച്ചിൻ റിഫൈനറി അടക്കമുള്ള സ്ഥാപനങ്ങളുടെ ഓഹരികളാണ് ഇതിലൂടെ വിറ്റഴിക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ എണ്ണ സംസ്‌കരണ കമ്പനിയായ ഭാരത് പെട്രോളിയത്തിന്റേതായി സർക്കാരിനുള്ള 53.29 ശതമാനം ഓഹരി പൂർണമായും വിറ്റഴിക്കാനാണ് സാമ്പത്തിക കാര്യങ്ങൾക്കുള്ള കാബിനറ്റ് സമിതി അനുമതി നൽകിയിരിക്കുന്നത്. ഒപ്പം മാനേജ്‌മെന്റ് നിയന്ത്രണവും കൈമാറും. ഷിപ്പിംഗ് കോർപറേഷനിൽ സർക്കാരിന് 63.75 ശതമാനം ഓഹരിയാണുള്ളത്. ഇതും പൂർണമായും വിൽക്കും. കണ്ടെയ്‌നർ കോർപ് ഓഫ് ഇന്ത്യയിലെ (കോൺകോർ) 30.9 ശതമാനം ഓഹരികളും സ്വകാര്യമേഖലക്ക് നൽകും. 54.80 ശതമാനം ഓഹരികളാണ് ഇതിൽ സർക്കാരിനുള്ളത്. 
കൂടാതെ, ടി.എച്ച്.ഡി.സി ഇന്ത്യ, ഈസ്റ്റേൺ ഇലക്ട്രിക് പവർ കോർപറേഷൻ ലിമിറ്റഡ് എന്നിവയിലെ മുഴുവൻ ഓഹരികളും വിൽക്കും. എൻ.ടി.പി.സിക്കാണ് ഇവ കൈമാറുക.
ഇന്ത്യൻ ഓയിൽ കോർപറേഷൻ അടക്കമുള്ള ഏതാനും കമ്പനികളിലെ ഓഹരി പങ്കാളിത്തം 51 ശതമാനമായി വെട്ടിക്കുറക്കും. എൽ.ഐ.സി, ഒ.എൻ.ജി.സി, ഒ.ഐ.എൽ തുടങ്ങിയ സ്ഥാപനങ്ങളെല്ലാം ഇക്കൂട്ടത്തിൽ വരും. ഇതിലൂടെ 33000 കോടി രൂപ കണ്ടെത്താനാവുമെന്നാണ് പ്രതീക്ഷ.
ഭാരത് പെട്രോളിയം കോർപറേഷന്റെ അധീനതയിലുള്ള അസമിലെ നുമലിഘട്ട് റിഫൈനറി മാത്രം പൊതുമേഖലയിലുള്ള മറ്റൊരു എണ്ണ കമ്പനിക്ക് നൽകുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. സ്വകാര്യവത്കരണത്തിൽ വടക്കുകിഴക്കൻ മേഖലക്കുള്ള ആശങ്ക കണക്കിലെടുത്താണ് ഇതെന്നും അവർ വിശദീകരിച്ചു. സ്‌പെക്ട്രം ലേലത്തുക കുടിശ്ശിക വരുത്തിയ ടെലികോം കമ്പനികൾക്ക് രണ്ട് വർഷത്തെ മൊറട്ടോറിയം അനുവദിക്കും. ഭാരതി എയർടെൽ, വൊഡഫോൺ ഐഡിയ, റിലയൻസ് ജിയോ എന്നീ കമ്പനികൾക്കാണ് ഈ ആനുകൂല്യം. കോടിക്കണക്കിന് രൂപയാണ് ഈ കമ്പനികൾ നൽകാനുള്ളത്.
 

Latest News