ഹൈദരാബാദ്- ജയിലുകള്‍ തിങ്ങിനിറഞ്ഞ സംസ്ഥാനങ്ങള്‍ക്ക് ഒരു ആശ്വാസ വാര്‍ത്ത. ഒരു തടവു പുള്ളിക്ക് പ്രതിമാസം 10,000 രൂപ വീതം വാടക നല്‍കിയാല്‍ തങ്ങളുടെ ജയിലുകളില്‍ അവരെ പാര്‍പ്പിക്കാമെന്ന് തെലങ്കാന സര്‍ക്കാര്‍. ഓഫറാണെന്നും വച്ച് ഏതു പ്രതികളേയും തെലങ്കാന സ്വീകരിക്കില്ല. ഗുരുതരമല്ലാത്ത കുറ്റങ്ങള്‍ക്ക് ശിക്ഷയനുഭവിക്കുന്നവരെ മാത്രമെ സ്വീകരിക്കൂ. ഇവര്‍ വിചാരണ തടവുകാരോ കൊടും ക്രിമിനലുകളോ ആകാന്‍ പാടില്ല.
കുറ്റകൃത്യ നിരക്ക് വളരെ കുറവുള്ള നോര്‍വെ തങ്ങളുടെ അയല്‍രാജ്യങ്ങള്‍ക്ക് ജയിലുകള്‍ വാടക്ക് നല്‍കുന്നുണ്ട്. ഈ മാതൃകയാണ് പിന്തുടരുന്നതെന്ന് തെലങ്കാന ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രിസണ്‍സ് വി കെ സിങ് പറഞ്ഞു. സംസ്ഥാനത്തെ 50 ജയിലുകളില്‍ 6,848 തടവുകാരെ ഉള്‍ക്കൊള്ളാനാകും. ഇവിടെ നിലവില്‍ 6,063 തടവുകാരെ ഉള്ളൂ. 800-ലേറെ തടവുകാര്‍ക്കുള്ള ഇടം ഇവിടെ ബാക്കിയാണ്. അടുത്ത വര്‍ഷത്തോടെ 2000 തടവകാര്‍ക്കുള്ള ഇടം ഉണ്ടാക്കിയ ശേഷം വാടക നല്‍കാനാണ് പദ്ധതിയെന്നും സംസ്ഥാന ജയില്‍ മേധാവി പറഞ്ഞു.
വലിയ സംസ്ഥാനങ്ങളില്‍ മിക്കയിടത്തും ജയിലുകള്‍ തിങ്ങിനിറഞ്ഞ അവസ്ഥയാണിപ്പോഴുള്ളത്. കോടതികളിലെ കേസുകളില്‍ വരുന്ന കാലതാമസമാണ് ഇതിനു പ്രധാന കാരണം. ദീര്‍ഘകാലമായി സംസ്ഥാനങ്ങള്‍ പുതിയ ജയിലുകള്‍ നിര്‍മ്മിക്കുന്നുമില്ല. മഹാരാഷ്ട്ര, കര്‍ണാടക, പഞ്ചാബ്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ ജയിലുകളില്‍ തടവുകര്‍ തിങ്ങിനിറഞ്ഞാണ് കഴിയുന്നത്.
ഒരു തടവുകാരന് നല്‍കേണ്ട് 10,000 രൂപ വാടകയില്‍ അവരുടെ താമസം, സുരക്ഷ, അതിഥി സന്ദര്‍ശനം, തൊഴില്‍ പരിശീലനം തുടങ്ങി എല്ലാം ഉള്‍പ്പെടുമെന്നും വി കെ സിങ് പറഞ്ഞു. സര്‍ക്കാര്‍ ഈ പദ്ധതി അംഗീകരിച്ചാല്‍ പ്രതിവര്‍ഷം ഇതു വഴി 25 കോടി രൂപ നേടാന്‍ കഴിയും. ഈ പണമുപയോഗിച്ച് ജയിലുകളെ സ്വയം പര്യാപ്തമാക്കാനാണു പദ്ധതി.
ദല്‍ഹിയിലും മറ്റു ആറോളം സംസ്ഥാനങ്ങളിലും ജയിലുകല്‍ തിങ്ങി നിറഞ്ഞ് വളരെ പരിതാപകരാവസ്ഥയിലാണെന്ന് കഴിഞ്ഞ വര്‍ഷം സുപ്രീം കോടതി ചൂണ്ടിക്കാട്ടിയിരുന്നു.