തന്റെ മൂന്ന് മക്കളെ ആള്‍ദൈവം നിത്യാനന്ദ തട്ടിയെടുത്തെന്ന് പിതാവ്;  പിതാവിനെ തള്ളി വീഡിയോയുമായി മകള്‍

അഹമ്മദാബാദ്- തന്റെ മൂന്ന് മക്കളെ വിവാദ ആള്‍ദൈവം നിത്യാനന്ദ അന്യായമായി തടവില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന പരാതിയുമായി പിതാവ്. അഹമ്മദാബാദിലെ നിത്യാനന്ദയുടെ ആശ്രമത്തിലാണ് ഇവരെ തടവില്‍ പാര്‍പ്പിച്ചിരിക്കുന്നതെന്ന് ആരോപിച്ച് കര്‍ണാടക സ്വദേശിയായ ജനാര്‍ദനന്‍ ശര്‍മ്മയാണ് പരാതി നല്‍കിയത്. ഇതിനെ തുടര്‍ന്ന് അന്യായമായി തടവില്‍ പാര്‍പ്പിക്കല്‍, തട്ടിക്കൊണ്ടു പോകല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി ആശ്രമ അധികൃതര്‍ക്കെതിരെ വിവേകാനന്ദ് പൊലീസ് കേസെടുത്തു.
തന്റെ 12 വയസുകാരനായ മകനെയും 15കാരിയായ മകളെയും 19കാരിയായ മകളെയും നിത്യാനന്ദയുടെ ആശ്രമത്തില്‍ അന്യായമായി തടഞ്ഞുവെച്ചിരിക്കുകയാണെന്നാണ് പരാതി. പരാതിയെ തുടര്‍ന്ന് മകനെയും ഒരു മകളെയും പൊലീസ് സ്‌റ്റേഷനിലെത്തിച്ച് ആനന്ദ് ശര്‍മ്മയെ കാണിച്ചു. എന്നാല്‍ 19കാരിയായ മകള്‍ നന്ദിതയെ ആശ്രമത്തിനുള്ളില്‍ പൊലീസിന് കണ്ടെത്താന്‍ കഴിയാത്തതിനാല്‍ പിതാവിന് കാണാന്‍ കഴിഞ്ഞില്ല.
ആശ്രമ അധികൃതര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പൊലീസ് എന്നെ സഹായിച്ചു. എന്റെ മക്കളെ ബാംഗ്ലൂരില്‍ നിന്ന് അഹമ്മദാബാദ് ആശ്രമത്തിലെത്തിച്ചത് എന്നെ അറിയിക്കാതെയാണ്. ഇപ്പോള്‍ ഞങ്ങള്‍ ഇവിടെ നിന്നു പോവുന്നത് എന്റെ മകളെ കാണാനാവാതെയാണ്. എന്ത് ആത്മീയ കാര്യമാണിത്? ആനന്ദ് ശര്‍മ്മ മാധ്യമങ്ങളോട് പ്രതികരിച്ചു.
ആനന്ദ് ശര്‍മ്മയുടെ പരാതിയുടെ വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ വന്നതിനെ തുടര്‍ന്ന് മകളായ 19 കാരിയായ നന്ദിത വീഡിയോ സന്ദേശത്തിലൂടെ നിത്യാനന്ദയെ പിന്തുണച്ചു പ്രതികരിച്ചു. തനിക്ക് നിത്യാനന്ദയുടെ ആശ്രമത്തില്‍ തുടരാന്‍ തന്നെയാണ് ആഗ്രഹം. തന്റെ മാതാപിതാക്കള്‍ക്കൊപ്പം പോവാന്‍ താല്‍പര്യമില്ല. താന്‍ സ്വതന്ത്രയാണെന്നും തന്റെ തീരുമാനപ്രകാരമാണ് പ്രവര്‍ത്തിക്കുന്നതെന്നും നന്ദിത വീഡിയോയില്‍ പറയുന്നു.നടി രഞ്ജിതയുമായുള്ള സെക്‌സ് ടേപ്പ് പുറത്തുവന്നതോടെ വിവാദ നായകനായ ആളാണ് നിത്യാനന്ദ. ഇതിനു പിന്നാലെ നിത്യാനന്ദ നിരവധി പെണ്‍കുട്ടികളെ ചൂഷണം ചെയ്യുന്നുണ്ടെന്ന് ആശ്രമത്തിലെ അന്തേവാസിയായിരുന്ന വിദേശ വനിത പറഞ്ഞിരുന്നു.

Latest News