തെഹ്‌റാന്- കലാപം തുടരുന്ന ഇറാനില്‍ മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥരെ പ്രക്ഷോഭകാരികള്‍ കൊലപ്പെടുത്തി. ഇന്റര്‍നെറ്റിന് നിയന്ത്രണം ഏര്‍പ്പെടുത്തിയും വ്യാപക അറസ്റ്റ് നടത്തിയും പ്രക്ഷോഭം തണുപ്പിക്കാനുള്ള അധികൃതരുടെ ശ്രമം വിജയം കണ്ടില്ല. പെട്രോള്‍ വില വര്‍ധനക്കു പിന്നലെ കഴിഞ്ഞ വെള്ളെയാഴ്ച ദേശവ്യാപകമായി ആരംഭിച്ച പ്രക്ഷോഭത്തില്‍ മരിച്ചവരുടെ എണ്ണം ചൊവ്വാഴ്ച അഞ്ചായി ഉയര്‍ന്നു. അതേസമയം കൂടുതല്‍ പേര്‍ മരിച്ചതായാണ് അനൗദ്യോഗിക റിപ്പോര്‍ട്ട്.
പൊടുന്നനെ പ്രക്ഷോഭം ശക്തിപ്പെട്ടതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഇന്റര്‍നെറ്റ് നിയന്ത്രണം കാരണം തെരുവുകളില്‍ അക്രമാസക്തമായി തുടരുന്ന പ്രതിഷേധത്തെ കുറിച്ച് വ്യക്തമായ ചിത്രം ലഭ്യമല്ല. ഇന്റര്‍നെറ്റ് നിയന്ത്രണം നാലാം ദിവസത്തിലേക്ക് കടന്നിരിക്കിയാണ്.
തലസ്ഥാനമായ തെഹ്‌റാനില്‍ രണ്ട് പെട്രോള്‍ സ്‌റ്റേഷനുകള്‍ക്ക് തീയിട്ടതായും പോലീസ് സ്‌റ്റേഷനുകള്‍ക്കും നടപ്പാതകള്‍ക്കും കേടുവരുത്തിയതായും എ.എഫ്.പി മാധ്യമപ്രവര്‍ത്തകര്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രതിഷേധക്കാര്‍ വ്യാപകമായി പൊതുമുതല്‍ നശിപ്പിക്കുകയാണ്.
കവചിത വാഹനങ്ങളും ജലപീരങ്കികളുമായി തലസ്ഥാനത്തെ പ്രധാന സ്‌ക്വയറുകളില്‍ നിലയുറപ്പിച്ച നൂറുകണക്കിനു പോലീസുകാര്‍ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ അനുവദിക്കുന്നില്ലെന്നും വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടര്‍മാര്‍ പറയുന്നു.
വെള്ളിയാഴ്ച പ്രതിഷേധ പ്രകടനം ആരംഭിച്ചപ്പോള്‍ ഗതാഗതം തടയാന്‍ ഡ്രൈവര്‍മാര്‍ വാഹനങ്ങള്‍ പ്രധാന റോഡുകളില്‍ നിര്‍ത്തിയിട്ടിരുന്നു. ഇറാനിലെ 20 പട്ടണങ്ങളില്‍ നടന്ന പ്രതിഷേധ പ്രകടനങ്ങളില്‍ പങ്കെടുത്തവര്‍ ബാങ്കുകളും പെട്രോള്‍ സ്‌റ്റേഷനുകളും കത്തിച്ചതിനു പുറമെ, വ്യാപാര സ്ഥാപനങ്ങള്‍ കൊള്ളയടിക്കുകയും ചെയ്തു.
പ്രതിമാസം വാങ്ങുന്ന ആദ്യത്തെ 60 ലിറ്റര്‍വരെ 50 ശതമാനമാണ് പെട്രോള്‍ വില വര്‍ധിപ്പിച്ചിരുന്നത്. 60 ലിറ്ററിനുശേഷം വാങ്ങുന്ന ഓരോ ലിറ്ററിനും 200 ശതമാനമാണ് വില വര്‍ധന.
കഴിഞ്ഞ മേയില്‍ അമേരിക്ക ഉപരോധം ശക്തമാക്കിയതു മുതല്‍ ഇറാന്‍ സമ്പദ്ഘടന പ്രതിസന്ധിയിലാണ്. വന്‍ശക്തികളുമായി ഇറാന്‍ 2015 ല്‍ ഒപ്പുവെച്ച കരാറില്‍നിന്ന് ഏകപക്ഷീയമായി പിന്‍മാറിയ ശേഷമാണ് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വീണ്ടും ഉപരോധം ഏര്‍പ്പെടുത്തിയത്. ഇതിനുശേഷം ഇറാന്‍ സാമ്പത്തിക രംഗം കടുത്ത പ്രതിസന്ധിയെയാണ് നേരിടുന്നത്.
മുഖംമൂടി ധരിച്ച യുവാക്കള്‍ സുരക്ഷാ സേനയുമായി ഏറ്റുമുട്ടുന്ന ദൃശ്യങ്ങള്‍ ഔദ്യോഗിക ടെലിവിഷനുകള്‍ തുടര്‍ച്ചയായി സംപ്രേഷണം ചെയ്യുന്നുണ്ട്. ദിവസങ്ങളായിട്ടും പ്രതിഷേധത്തില്‍ അയവുവന്നിട്ടില്ല. പടിഞ്ഞാറന്‍ പട്ടണമായ ആന്‍ഡിമെഷ്‌കില്‍ പ്രതിഷേധക്കാര്‍ സുരക്ഷാ സൈനികര്‍ക്കുനേരെ കല്ലെറിയുന്നതും നിറയൊഴിക്കുന്നതുമായ ദൃശ്യങ്ങള്‍ തിങ്കളാഴ്ച രാത്രി പുറത്തുവന്നിരുന്നു.
തെഹ്‌റാന് പടിഞ്ഞാറാണ് പ്രതിഷേധക്കാര്‍ കത്തികളും വടിവാളുകളുമായി ആക്രമിച്ച് മൂന്ന് സുരക്ഷാ സൈനികരെ കൊലപ്പെടുത്തിയതെന്ന് ഇസന, ഫാര്‍സ് വാര്‍ത്താ ഏജന്‍സികള്‍ അറിയിച്ചു. ഇവരില്‍ ഒരാള്‍ വിപ്ലവ ഗാര്‍ഡ് കമാന്‍ഡര്‍ മുര്‍തസ ഇബ്രാഹിമിയാണ്. കുഞ്ഞ് ജനിച്ച ഉടനെയാണ് മുര്‍തസ കൊല്ലപ്പെട്ടതെന്ന് ഫാര്‍സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. സര്‍ക്കാര്‍ അനുകൂല ബസിജ് സായുധ സംഘത്തിലെ മാജിദ് ശൈഖി (22), മുസ്തഫ റിസായി (33) എന്നിവരാണ് കൊല്ലപ്പെട്ട മറ്റു രണ്ടു പേര്‍.
മറ്റു ആറു പേര്‍ കൂടി കൊല്ലപ്പെട്ടതായി അനൗദ്യോഗിക റിപ്പോര്‍ട്ടുകളുണ്ട്. മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന.
2017 ല്‍ സാമ്പത്തിക പ്രതിസന്ധിക്കെതിരെ ആരംഭിച്ച പ്രക്ഷോഭം ഇറാനിലെ മശ്ഹദ് പട്ടണത്തില്‍ 25 പേരുടെ ജീവനെടുത്ത ശേഷമാണ് രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് പടര്‍ന്നിരുന്നത്.
പുതിയ കലാപവുമായി ബന്ധപ്പെട്ട് 200-ലേറെ പേരെ അറസ്റ്റ് ചെയ്തതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. പ്രതിഷേധത്തിന്റെയും സംഘര്‍ഷത്തിന്റേയും വിഡിയോകള്‍ പ്രചരിച്ചതിനെ തുടര്‍ന്നാണ് ഇന്റര്‍നെറ്റിനു നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
ഇറാനികള്‍ ലോകത്തുനിന്ന് ഒറ്റപ്പെട്ടിരിക്കയാണെന്നും അഞ്ച് ശതമാനം മാത്രമാണ് കണക്ടിവിറ്റിയെന്നും ലോകത്തെ നെറ്റ് സ്തംഭനം നിരീക്ഷിക്കുന്ന നെറ്റ്‌ബ്ലോക്‌സ് ട്വീറ്റ് ചെയ്തു.
കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് ഇറാന്‍ അധികൃതര്‍ പെട്രോള്‍ വില വര്‍ധനയും റേഷനും പ്രഖ്യാപിച്ചിരുന്നത്. അടുത്ത ഫെബ്രുവരിയില്‍ രാജ്യത്തെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നടക്കാനിരക്കയാണെങ്കിലും പ്രസിഡന്റ്, പാര്‍ലമെന്റ് സ്പീക്കര്‍, ജുഡീഷ്യറി മേധാവി എന്നിവരടങ്ങിയ സമിതിയാണ് പെട്രോള്‍ വിലവര്‍ധനക്ക് അനുമതി നല്‍കിയത്. പരമോന്നത നേതാവ് അലി ഖാംനഇ പരസ്യമായി ഇതിനെ പിന്തുണക്കുകയും ചെയ്തിരുന്നു.