Sorry, you need to enable JavaScript to visit this website.

ഗൾഫിൽനിന്നൊരു പൂവാലൻ  

മൽബു ഇല്ലേ?
ഫോൺ എടുത്ത മൽബി എവിടെയോ കേട്ട ശബ്ദമായതിനാൽ മനസ്സിൽ ചികഞ്ഞുനോക്കി. 
മൽബു നാടുവിട്ട കാര്യം അറിയാത്ത ആരോ ആണല്ലോ വിളിച്ചിരിക്കുന്നത്.. 
ഉണ്ടല്ലോ, കുളിക്കാണ് എന്നു മൽബി മറുപടി നൽകി. 
അത് മൽബു പഠിപ്പിച്ച ശീലമാണ്. ആരെങ്കിലും വിളിച്ചാൽ ഫോൺ എടുത്ത് ബാത്ത് റൂമിൽ ആണെന്നു പറയണം. കുളിക്കാണെങ്കിലും അല്ലെങ്കിലും. 
എന്നാൽ ഇറങ്ങിയാൽ ഉടനെ എന്നെ വിളിക്കാൻ പറയണം.
നിങ്ങൾ ആരാണെന്നു പറഞ്ഞില്ലല്ലോ?
മൽബിക്ക് എന്നെ ഓർമയില്ലേ.. ഒന്ന് ഓർത്തുനോക്ക്. നമ്മൾ കണ്ടിട്ടുണ്ട്. 
ശബ്ദം എവിടെയോ കേട്ടിട്ടുണ്ടെന്ന് മൽബിക്കും തോന്നി. പക്ഷേ എവിടെയാണെന്ന് പിടികിട്ടുന്നില്ല.
ശബ്ദം കേട്ടിട്ടുണ്ട്. പേരു പറഞ്ഞാൽ മനസ്സിലാകുമായിരിക്കും. 
പേരിലെന്തിരിക്കുന്നു മൽബീ. ഒന്നൂടി ആലോചിച്ചു നോക്ക്. പിടികിട്ടും. 
നിങ്ങൾക്ക് ഈ നമ്പർ എങ്ങനെ കിട്ടി -മൽബി ചോദിച്ചു.
ആവശ്യക്കാരന് നമ്പർ സംഘടിപ്പിക്കാനാണോ പാട്. അത്യാവശ്യമായി മൽബുവിനെ തന്നെ കിട്ടണം.
കുളിക്കുകയാണെന്ന് പറഞ്ഞ സ്ഥതിക്ക് ഇനി മൽബു ഇല്ല, ഗൾഫിൽ പോയി എന്നു പറയാനൊക്കില്ല. 
നാട്ടിലായിരുന്നപ്പോൾ മൽബു ഉപയോഗിച്ച നമ്പറാണ്. ഇപ്പോൾ മൂന്ന് മാസമായി മൽബിയാണ് ഉപയോഗിക്കുന്നത്. 
മൽബി വീണ്ടും വീണ്ടും പറഞ്ഞിട്ടും പേരോ നാടോ വെളിപ്പെടുത്താൻ തയാറായില്ലെന്നു മാത്രമല്ല, ടിയാന്റെ സംസാരം ഇത്തിരി പഞ്ചാരയിലേക്ക് കടക്കുകയും ചെയ്തു.
അപരിചിതരോട് അധികം സംസാരിക്കാൻ നിൽക്കരുതെന്ന മൽബുവിന്റെ കൽപന ഓർമയിൽ വന്നതോടെ മൽബി സംസാരത്തിൽനിന്ന് പിൻവാങ്ങി.
നിങ്ങൾ ആരാണെന്നു പറഞ്ഞാൽ മൽബു ഇറങ്ങിയ ഉടൻ തിരിച്ചുവിളിക്കാൻ പറയാമെന്നും പറഞ്ഞു നോക്കി.
വേണ്ട, ഞാൻ കുറച്ചു കഴിഞ്ഞ് വീണ്ടും വിളിക്കാമെന്നായി അയാൾ. 
മൽബു ഇവിടെയില്ല, ഗൾഫിലാണ് എന്നു പറഞ്ഞ് ഒഴിവാക്കാൻ മൽബി മുതിർന്നതുമില്ല. 
കൃത്യം അര മണിക്കൂർ കഴിഞ്ഞപ്പോൾ വീണ്ടും വിളി. മൽബി അപ്പോഴാണ് ഫോണിൽ നമ്പർ ശ്രദ്ധിച്ചത്. വിളിക്കുന്നത് നാട്ടിൽനിന്നല്ല. ഗൾഫിൽനിന്നാണ്. മൽബു മാത്രമാണ് ഗൾഫിൽനിന്ന് വിളിക്കാനുള്ളത്. മൽബുവിന്റെ പേര് ചക്കര എന്ന പേരിൽ ഫോണിൽ സേവ് ചെയ്തിട്ടുമുണ്ട്.
ഇത് അയാളായിരിക്കുമെന്ന് കരുതി മൽബി ഫോണെടുത്തില്ല. 
ആദ്യം ഇങ്ങനെയൊക്കെ തന്നെയാണ് വിളിക്കുക. പരിചയം നടിക്കും. എന്നിട്ടു കൊളുത്തിയാൽ പിന്നെ വിളിച്ചോണ്ടിരിക്കും. അയൽപക്കത്തെ സൽമത്തിന്റെ അനഭവം അറിയാം. തുടർച്ചയായി വിളിച്ച് ശല്യം ചെയ്തപ്പോൾ വിളിക്കുന്ന നമ്പർ ദുബായിലുള്ള ഭർത്താവിനു നൽകി. ദുബായീന്ന് ആരു വിളിച്ചാലും ആ നമ്പർ എടുക്കില്ല. ഒടുവിൽ ടെലികോം കമ്പനിയിൽ പോയി അന്വേഷിച്ചു കണ്ടുപിടിച്ചപ്പോൾ വിളിക്കുന്നയാൾ മറ്റാരുമല്ല, ഭർത്താവിന്റെ ബന്ധു.
രണ്ടു തവണ വിളിച്ചിട്ടും മൽബി ഫോൺ എടുത്തില്ല. മൂന്നാം തവണ എടുത്ത ഉടൻ അങ്ങോട്ട് താക്കീത് ചെയ്തു.
ആരാണ്, എന്താണ് എന്നു പറയാൻ തയാറില്ലെങ്കിൽ ഇനി ഇങ്ങോട്ടു വിളിക്കരുത്.
ചൂടാകാതെ, മൽബീ എനിക്ക് നിങ്ങളെയല്ല, മൽബുവിനെയാണ് വേണ്ടത്. 
എന്നാലും ആരാണെന്ന് പറയുന്നതിൽ എന്താണ് തടസ്സം. 
അതു ഞാൻ മൽബുവിനോട് പറഞ്ഞോളാം. ഫോൺ കൊടുക്ക്. 
ആരാണെന്നു പറയാതെ ഫോൺ കൊടുക്കില്ലെന്ന് മൽബിയും. തർക്കം മൂത്ത് രണ്ടുപേരും ഒരേ സമയം ഫോൺ വെക്കുകയും ചെയ്തു. 
പിന്നെ അയാൾ വിളിച്ചില്ല. ഇതേയ്, ഇത് എന്റെ കാര്യത്തിനല്ല. ഇഷ്ടമുണ്ടെങ്കിൽ ഫോൺ കൊടുത്താൽ മതിയെന്ന് അവസാനം അയാൾ പറഞ്ഞത് മൽബിയുടെ മനസ്സിലുണ്ട്.
ഏതായാലും മൽബുവിനോട് പറയണം. മിസ്ഡ് കോളടിച്ച് മൽബുവിന്റെ വിളിക്കായി കാത്തിരുന്നു.
മൽബു വിളിച്ചിപ്പോൾ ആദ്യം തന്നെ പൂവാലന്റെ കാര്യം പറഞ്ഞു. 
ആരോ നിങ്ങളുടെ നമ്പർ സംഘടിപ്പിച്ച് എന്നോട് കിന്നരിക്കാൻ വന്നു. ആരാണെന്ന് ചോദിച്ചപ്പോൾ പേരോ നാടോ പറഞ്ഞില്ല. നിങ്ങള് ബാത്ത് റൂമിൽനിന്നിറങ്ങിയാൽ ഫോൺ കൊടുക്ക് എന്നാണ് പറഞ്ഞത്. 
ഞാൻ ഇല്ല ഗൾഫിൽ പോയീന്ന് പറഞ്ഞാൽ പോരേ. എന്തിനാ ബാത്ത് റൂമിലാണെന്ന് പറയാൻ പോയത്. 
അതു പിന്നെ നിങ്ങൾ പറഞ്ഞതല്ലേ.. ആരേലും വിളിച്ചാൽ കുളിക്കാണെന്ന് പറയാൻ. ഞാൻ അതങ്ങു പറഞ്ഞു. ഏതായാലും പൂവാലൻ ഗൾഫ് നമ്പറീന്ന് തന്നെയാ വിളിച്ചത്. ഇനി വിളിച്ചാൽ ഞാൻ പച്ചത്തെറി പറയും.
തൽക്കാലം നീ തെറിയൊന്നും പറയരുത്. ആരാണെന്ന് കണ്ടുപിടിക്കണമല്ലോ. അതൊക്കെ ഇക്കാലത്ത് വളരെ എളുപ്പമാണ്. ഏതായാലും നമ്പർ വാട്‌സാപിൽ അയക്ക്. ഗൾഫിലായതുകൊണ്ട് ഞാൻ ട്രൈ ചെയ്യാം. തരികിട ആണെങ്കിൽ ഒരു പാഠം പഠിപ്പിക്കാൻ ഉസ്മാനെ ഏൽപിക്കാം.
അതാരാ ഉസ്മാൻ.
എന്റെ റൂം മേറ്റാണ്. പുള്ളിക്കാരൻ കഴിഞ്ഞയാഴ്ച ഇതു പോലൊരു കേസ് കൈകാര്യം ചെയ്തിരുന്നു. 
മ്മടെ പഴേ ബീരാനെ പോലെ തികഞ്ഞ പുള്ളിയാണ്. 

Latest News