അബുദാബി- യു.എ.ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ സഹോദരനും പാർലമെന്റിലെ പ്രസിഡന്റിന്റെ പ്രതിനിധിയുമായ ശൈഖ് സുൽത്താൻ ബിൻ സായിദ് അൽ നഹ്യാൻ അന്തരിച്ചു. വിയോഗത്തെ തുടർന്ന് യു.എ.ഇയിൽ മൂന്നു ദിവസത്തെ ഔദ്യോഗിക ദുഖാചരണം പ്രഖ്യാപിച്ചു. ദുഖാചരണത്തിന്റെ ഭാഗമായി ഔദ്യോഗിക സ്ഥലങ്ങളിൽ ദേശീയ പതാക താഴ്ത്തികെട്ടും.
ശൈഖ് സുൽത്താന്റെ നിര്യാണത്തിൽ യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ അനുശോചിച്ചു. ശൈഖ് സുൽത്താൻ ബിൻ സായിദിന്റെ മരണത്തിൽ അൽ നഹ്യാൻ കുടുംബത്തിനും യു.എ.ഇയിലെ ജനങ്ങൾക്കും അഗാധമായ അനുശോചനം അറിയിക്കുന്നുവെന്ന് ഷെയ്ഖ് ഖലീഫ പറഞ്ഞു. യു.എ.ഇയുടെ അവിഭാജ്യ ഘടകമാണ് സായിദിന്റെ മക്കൾ. അവരുടെ സ്നേഹം എല്ലാ എമിറാറ്റികളുടെയും ഹൃദയത്തിൽ ഉണ്ട്. യു.എ.ഇയുടെ ഒരിക്കലും മറക്കാനാവാത്ത സ്ഥാപക പങ്കാളികളാണ് സായിദിന്റെ മക്കൾ. അദ്ദേഹത്തിന്റെ ആത്മാവിന് അല്ലാഹു ശാന്തിയും സമാധാനവും നൽകട്ടേയെന്ന് പ്രാർത്ഥിക്കുന്നുവെന്ന് ദുബായ് ഭരണാധികാരിയായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ട്വീറ്റ് ചെയ്തു.