Sorry, you need to enable JavaScript to visit this website.

ബൈചുങ് ബൂട്ടിയ ഫുട്‌ബോൾ സ്‌കൂൾ  കേരളത്തിലേക്കും

കൊച്ചി- ഇന്ത്യയുടെ ഇതിഹാസ ഫുട്‌ബോൾ താരം ബൈചുങ് ബൂട്ടിയയുടെ നേതൃത്വത്തിലുള്ള ബൈചുങ് ബൂട്ടിയ ഫുട്‌ബോൾ സ്‌കൂൾ (ബി.ബി.എഫ്.എസ്) പ്രവർത്തനം കേരളത്തിലേക്കും വ്യാപിപിക്കുന്നു. നിലമ്പൂരിലെ പീവീസ് പബ്ലിക് സ്‌കൂളുമായി സഹകരിച്ച് ബി.ബി.എഫ്.എസിന്റെ രണ്ടാമത്തെ റെസിഡൻഷ്യൽ അക്കാദമി ആരംഭിക്കുമെന്ന് കൊച്ചിയിൽ നടന്ന ചടങ്ങിൽ ബൂട്ടിയ പ്രഖ്യാപിച്ചു. എറണാകുളത്ത് നോൺ റെസിഡെൻഷ്യൽ പ്രോഗ്രാമുകളും സംഘടിപ്പിക്കും. 
കുരുന്നു പ്രതിഭകളെ കണ്ടെത്തി അവരെ ഭാവിയിലെ പ്രൊഫഷനൽ ഫുട്‌ബോൾ താരങ്ങളാവാൻ സജ്ജരാക്കുകയെന്ന ലക്ഷ്യത്തോടെയുള്ളതാണ് ബി.ബി.എഫ്.എസിന്റെ സംയോജിത റെസിഡൻഷ്യൽ പ്രോഗ്രാം. 2018 ൽ ഗുരുഗ്രാമിലാണ് ബി.ബി.എഫ്.എസ് ആദ്യത്തെ റെസിഡൻഷ്യൽ അക്കാദമി ആരംഭിച്ചത്. ഇവിടെ പത്ത് മലയാളി താരങ്ങൾ ഉൾപ്പെടെ നൂറോളം കുട്ടികൾ പരിശീലനം നടത്തുന്നുണ്ടെന്ന് ബൂട്ടിയ പറഞ്ഞു. ഇതിൽ രണ്ടു പേർക്ക് ഇന്ത്യ അണ്ടർ 15 ടീമിൽ അവസരം ലഭിക്കുകയും ചെയ്തു. റെസിഡൻഷ്യൽ സ്‌കൂളിന്റെ രണ്ടാമത്തെ സെന്ററാണ് കേരളത്തിലേത്.
അഞ്ച് മുതൽ 17 വയസ്സുവരെയുള്ള എല്ലാ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി ബി.ബി.എഫ്.എസ് ഫൗണ്ടേഷൻ പ്രോഗ്രാം കൊച്ചിയിലുടനീളമുള്ള നിരവധി പരിശീലന കേന്ദ്രങ്ങളിൽ സജ്ജമാക്കിയിട്ടുണ്ട്. പെൺകുട്ടികളിൽ ഫുട്‌ബോൾ കൂടുതൽ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഗേൾസ് ഓൺലി ബാച്ചുകളും ആരംഭിച്ചിട്ടുണ്ട്. വാരാന്ത്യങ്ങളിലായിരിക്കും പരിശീലനം. 2020 ലെ ബി.ബി.എഫ്.എസ് റെസിഡൻഷ്യൽ അക്കാദമിയിലേക്കും വിവിധ പ്രോഗ്രാമുകളിലേക്കുമുള്ള പ്രവേശനം ആരംഭിച്ചതായും താരം പ്രഖ്യാപിച്ചു. സെലക്ഷൻ ട്രയൽസ് ഡിസംബറിൽ കൊച്ചിയിലും കോഴിക്കോടുമായി നടക്കും. രജിസ്‌ട്രേഷനും വിവിരങ്ങൾക്കും 8943924687 നമ്പറിൽ ബന്ധപ്പെടാം. ബി.ബി.എഫ്.എസ് ദക്ഷിണേന്ത്യൻ റീജിയണൽ ബിസിനസ് മാനേജർ രാകേഷ് രാധാകൃഷ്ണൻ, പീവീസ് പബ്ലിക് സ്‌കൂൾ ഡയരക്ടറും ട്രസ്റ്റിയുമായ അഫ്ദൽ വഹാബ്, എക്‌സിക്യൂട്ടീവ് ഡയരക്ടർ ഹരിസ് മടപ്പള്ളി എന്നിവരും ചടങ്ങിൽ പങ്കെടുത്തു.  


 

Latest News