ശൈഖ് ജാബര്‍ പ്രധാനമന്ത്രിയാകാനില്ല, കുവൈത്തില്‍ രാഷ്ട്രീയ അനിശ്ചിതത്വം

കുവൈത്ത് സിറ്റി- കുവൈത്ത് പ്രധാനമന്ത്രിയായി വീണ്ടും നിയമിതനായ ശൈഖ് ജാബര്‍ അല്‍ മുബാറക്ക് അല്‍ സബാഹ് പദവിയില്‍ താല്‍പര്യമില്ലെന്ന് അറിയിച്ചതോടെ കുവൈത്തില്‍ രാഷ്ട്രീയ പ്രതിസന്ധി. അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹ് ആണ് നിയമനം നടത്തിയത്. രണ്ടു മുതിര്‍ന്ന മന്ത്രിമാരെ നീക്കം ചെയ്തു കൊണ്ടാണ് കുവൈത്ത് അമീര്‍ ഉത്തരവ് പുറപ്പെടുവിച്ചത്.
എന്നാല്‍ പ്രധാനമന്ത്രി സ്ഥാനത്ത് തുടരാന്‍ താല്‍പര്യമില്ലെന്ന് ശൈഖ് ജാബിര്‍ അല്‍ മുബാറക് അല്‍ സബാഹ് വ്യക്തമാക്കി.
കഴിഞ്ഞ വ്യാഴാഴ്ചയാണ് പ്രധാനമന്ത്രി ശൈഖ് ജാബിര്‍ മുബാറക് അല്‍ഹമദ് അല്‍സ്വബാഹ് കുവൈത്ത് അമീര്‍ ശൈഖ് സ്വബാഹ് അല്‍അഹ്മദ് അല്‍ജാബിര്‍ അല്‍സ്വബാഹിന് രാജിക്കത്ത് സമര്‍പ്പിച്ചത്. പുതിയ മന്ത്രിസഭ രൂപീകരിക്കുന്നതിന് മുന്‍ പ്രധാനമന്ത്രിയെ തന്നെ അമീര്‍ ചുമതലപ്പെടുത്തുകയായിരുന്നു.  എന്നാല്‍ പ്രധാനമന്ത്രി പദവി സ്വീകരിക്കുന്നതില്‍ നിന്ന് ശൈഖ് ജാബിര്‍ മുബാറക് അല്‍ഹമദ് അല്‍സ്വബാഹ് ഒഴിഞ്ഞുമാറി. പുതിയ മന്ത്രിസഭ രൂപീകരിക്കുന്നതിന് അമീര്‍ ചുമതലപ്പെടുത്തി മിനിറ്റുകള്‍ക്കു ശേഷമാണ് പദവി സ്വീകരിക്കാനുള്ള വിമുഖത ശൈഖ് ജാബിര്‍ മുബാറക് അല്‍ഹമദ് അല്‍സ്വബാഹ് അമീറിനെ രേഖാമൂലം അറിയിച്ചത്. തനിക്കെതിരെ വ്യാജ അഴിമതി ആരോപണങ്ങള്‍ ഉന്നയിക്കപ്പെട്ടതാണ് പ്രധാനമന്ത്രി പദവി സ്വീകരിക്കാതിരിക്കുന്നതിന് കാരണം. നാല്‍പതു വര്‍ഷത്തിലധികമായി സാഹോദര്യ, സൗഹൃദ ബന്ധങ്ങളുള്ള സഹപ്രവര്‍ത്തകനും കൂട്ടുകാരനുമാണ് തനിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചത്. അതുകൊണ്ടു തന്നെ പുതിയ ചുമതല ഏറ്റെടുക്കുന്നതിനു മുമ്പായി തനിക്ക് നിരപരാധിത്വം തെളിയിക്കേണ്ടതുണ്ട്. ഇക്കാര്യങ്ങള്‍ കണക്കിലെടുത്താണ് പ്രധാനമന്ത്രി പദവി ഏറ്റെടുക്കുന്നതില്‍ നിന്ന് ക്ഷമാപണം അറിയിച്ച് അമീറിന് അയച്ച കത്തില്‍ ശൈഖ് ജാബിര്‍ മുബാറക് അല്‍ഹമദ് അല്‍സ്വബാഹ് പറഞ്ഞു.

 

Latest News