ദുബായ്- കണ്ണഞ്ചിപ്പിക്കുന്ന വ്യോമാഭ്യാസങ്ങളുമായി ലോകത്തെ ഏറ്റവും വലിയ വ്യോമ പ്രദര്‍ശനങ്ങളിലൊന്നായ ദുബായ് എയര്‍ ഷോ ആരംഭിച്ചു. യു.എ.ഇ വൈസ്പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, യു.എ.ഇ ഉപസര്‍വ സൈന്യാധിപനും അബുദാബി കിരീടാവകാശിയുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്ത് വ്യോമാഭ്യാസങ്ങള്‍ വീക്ഷിച്ചു.
ദേശീയ വ്യോമാഭ്യാസ പ്രകടന സംഘമായ അല്‍ ഫുര്‍സാന്‍ അന്തരീക്ഷത്തില്‍ ദേശീയപതാക തീര്‍ത്ത് കാണികളുടെ മനം കുളിര്‍പ്പിച്ചു. യുഎസ്, റഷ്യ, ഫ്രാന്‍സ് എന്നീ രാജ്യങ്ങളുടെ വായൂസേനാ വിഭാഗങ്ങളും വ്യോമാഭ്യാസ പ്രകടനങ്ങള്‍ നടത്തി.
ഇന്ത്യന്‍ പവലിയന്റെ ഉദ്ഘാടനം ഇന്ത്യന്‍ വ്യോമസേന ഉപമേധാവി എയര്‍ മാര്‍ഷല്‍ എച്ച്.എസ് അറോറ ഉദ്ഘാടനം ചെയ്തു.






