കുവൈത്ത് ആഭ്യന്തര, പ്രതിരോധ മന്ത്രിമാരെ നീക്കി

കുവൈത്ത് സിറ്റി - അഴിമതി, അധികാര ദുര്‍വിനിയോഗ ആരോപണങ്ങള്‍ നേരിട്ട ഒന്നാം ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് നാസിര്‍ സ്വബാഹ് അല്‍അഹ്മദിനെയും ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് അല്‍ജറാഹ് അല്‍സ്വബാഹിനെയും പദവികളില്‍ നിന്ന് നീക്കി കുവൈത്ത് അമീര്‍ ശൈഖ് സ്വബാഹ് അല്‍അഹ്മദ് അല്‍ജാബിര്‍ അല്‍സ്വബാഹ് ഉത്തരവുകളിറക്കി. പുതിയ മന്ത്രിസഭ രൂപീകരിക്കുന്നതു വരെ പ്രതിരോധ മന്ത്രാലയത്തിന്റെ താല്‍ക്കാലിക ചുമതല ഉപപ്രധാനമന്ത്രിയും വിദേശ മന്ത്രിയുമായ സ്വബാഹ് ഖാലിദ് അല്‍ഹമദ് അല്‍സ്വബാഹിന് നല്‍കിയിട്ടുണ്ട്.
ഉപപ്രധാനമന്ത്രിയും മന്ത്രിസഭാ കാര്യങ്ങള്‍ക്കുള്ള സഹമന്ത്രിയുമായ അനസ് ഖാലിദ് നാസിര്‍ അല്‍സ്വാലിഹിന് ആഭ്യന്തര മന്ത്രാലയത്തിന്റെ താല്‍ക്കാലിക ചുമതല നല്‍കി.
കഴിഞ്ഞയാഴ്ച രാജിവെച്ച മന്ത്രിസഭയിലെ ആഭ്യന്തര മന്ത്രി ഖാലിദ് അല്‍ജറാഹിനെതിരായ പരാതി അറ്റോര്‍ണി ജനറല്‍ മിനിസ്റ്റേഴ്‌സ് കോര്‍ട്ടിലെ അന്വേഷണ കമ്മിറ്റിക്ക് കൈമാറിയിട്ടുണ്ട്. സൈനികര്‍ക്ക് സാമ്പത്തിക സഹായങ്ങള്‍ നല്‍കുന്നതിന് സ്ഥാപിച്ച ആര്‍മി ഫണ്ടുമായി ബന്ധപ്പെട്ട അഴിമതി ആരോപണമാണ് മുന്‍ ആഭ്യന്തര മന്ത്രി നേരിടുന്നത്. കോടിക്കണക്കിന് ദീനാറിന്റെ അഴിമതിയുമായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രി ഖാലിദ് അല്‍ജറാഹിനെതിരെ പ്രതിരോധ മന്ത്രി നാസിര്‍ അല്‍സ്വബാഹ് ആണ് പരാതി നല്‍കിയത്.

 

Latest News